പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിൽ എത്തിച്ചില്ല; മലപ്പുറത്ത് വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു, ഭർത്താവിനെതിരെ പരാതി

മലപ്പുറം ചട്ടിപ്പറമ്പിൽ പ്രസവിച്ച യുവതി മരിച്ചു. പെരുമ്പാവൂർ സ്വദേശിനിയായ അസ്മയാണ് അഞ്ചാമത്തെ പ്രസവത്തിൽ മരിച്ചത്. പ്രസവത്തിൽ അസ്മ മരിച്ചതിന് പിന്നാലെ ആരെയും അറിയിക്കാതെ രാത്രി തന്നെ ആംബുലൻസ് വിളിച്ച് മൃതദേഹവും നവജാത ശിശുവുമായി സിറാജുദ്ദീൻ പെരുമ്പാവൂരിലേക്ക് പോയി. തുടര്‍ന്ന് പൊലീസെത്തി മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ വൈകീട്ട് 6 മണിയോടുകൂടിയായിരുന്നു യുവതി വീട്ടിൽ പ്രസവിച്ചത്. പ്രസവത്തെ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് യുവതിയുടെ മരണത്തിന് കാരണമായത്. മരണശേഷം മറ്റാരെയും അറിയിക്കാതെ ഭർത്താവ് അസ്മയുടെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് വീട്ടുകാരാണ് പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലേക്ക് വിവരമറിയിക്കുന്നത്.
ചട്ടിപ്പറമ്പ് ഈസ്റ്റ് കോഡൂരിൽ കഴിഞ്ഞ ഒന്നരവർഷമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു ആലപ്പുഴ സ്വദേശിയായ സിറാജുദ്ദീനും കുടുംബവും. യുവതിയുടെ മരണവിവരം നാട്ടിൽ ആരെയും അറിയിച്ചിട്ടില്ലെന്നും യൂട്യൂബ് ചാനൽ നടത്തിയിരുന്ന സിറാജുദ്ദീൻ അയൽവാസികളുമായി വലിയ ബന്ധം പുലർത്തിയിരുന്ന ആളായിരുന്നില്ലെന്നും വാടക വീടിൻ്റെ ഉടമ സൈനുദ്ദീൻ ട്വന്റി ഫോറിനോട് പറഞ്ഞു.
അതേസമയം, പ്രസവ വേദന ഉണ്ടായിട്ടും അസ്മയെ ആശുപത്രിയിലേക്ക് ഇയാൾ കൊണ്ടുപോയിരുന്നില്ലെന്നാണ് യുവതിയുടെ വീട്ടുകാർ പറയുന്നത്. ഇവർ സിറാജുദ്ദീനെതിരെ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി.
Story Highlights : A woman who gave birth at home in Malappuram died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here