വ്യാജ കാർഡിയോളജിസ്റ്റിന്റെ ചികിത്സയെ തുടർന്ന് മധ്യപ്രദേശിൽ ഏഴ് പേർ മരിച്ചു; ഡോ. ജോൺ കെം എന്ന നരേന്ദ്ര വിക്രമാദിത്യ യാദവിനായി തെരച്ചിൽ

മധ്യപ്രദേശിലെ സ്വകാര്യ മിഷനറി ആശുപത്രിയിൽ വ്യാജ കാർഡിയോളജിസ്റ്റിന്റെ ചികിത്സയെ തുടർന്ന് ഏഴ് പേർ മരിച്ചു. ദാമോ സിറ്റിയിലെ ക്രിസ്ത്യൻ മിഷനറി ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ലണ്ടനിൽ നിന്നുള്ള കാർഡിയോളജിസ്റ്റായ ഡോ. എൻ. ജോൺ കെം എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ ആശുപത്രിയിൽ ചാർജെടുത്തത്. പരാതി ലഭിച്ചതോടെ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് ആണെന്ന് വെളിപ്പെട്ടു.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വ്യാജ ഡോക്ടർ 15 പേർക്ക് ശസ്ത്രക്രിയ നടത്തിയെന്നും ഇതിൽ ഏഴ് പേർ മരിച്ചുവെന്നുമാണ് റിപ്പോർട്ട്. ദാമോ സ്വദേശിയായ ദീപക് തിവാരി എന്നയാൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
സർക്കാരിന്റെ ആയുഷ്മാൻ ഭാരത് സ്കീമിൽ നിന്ന് ആശുപത്രി ഫണ്ട് കൈപ്പറ്റിയിട്ടുണ്ടെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രിയങ്ക് കനൂങ്കോ പറഞ്ഞു. മിഷനറി ആശുപത്രിയിൽ ഒരു വ്യാജ ഡോക്ടർ രോഗികൾക്ക് ഹൃദയശസ്ത്രക്രിയകൾ നടത്തിയതായി ഞങ്ങൾക്ക് പരാതി ലഭിച്ചു.
ആയുഷ്മാൻ ഭാരത് പദ്ധതിയുമായി മിഷനറി ആശുപത്രിയും ബന്ധപ്പെട്ടിട്ടുണ്ടെന്നും അതിനായി സർക്കാരിൽ നിന്ന് പണം വാങ്ങുന്നുണ്ടെന്നും വിവരംകിട്ടി. ഇത് ഗുരുതരമായ പരാതിയാണ്. ഞങ്ങൾ ഇക്കാര്യം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നിലവിൽ അന്വേഷണം നടക്കുന്നുണ്ട്’- കനൂങ്കോ വിശദമാക്കി.
ഏഴ് പേർ മരിച്ചെന്നത് ഔദ്യോഗിക കണക്കാണെന്നും അനൗദ്യോഗിക എണ്ണം ഇതിലുംകൂടുമെന്നും ജില്ലാ ശിശുക്ഷേമ സമിതി പ്രസിഡന്റ് അഡ്വ. ദീപക് തിവാരി പറഞ്ഞു. സംഭവത്തിൽ ദീപക് തിവാരി തന്നെയാണ് പൊലീസിൽ പരാതി നൽകിയത്.
‘ശസ്ത്രക്രിയക്ക് ഇരയായ ചില രോഗികൾ തങ്ങളുടെ അടുത്തുവന്ന് കാര്യം പറഞ്ഞപ്പോഴാണ് ആശുപത്രിയിൽ ഒരു വ്യാജ ഡോക്ടർ ഉണ്ടെന്ന് മനസിലായത്; യഥാർഥ ആൾ ബ്രിട്ടനിലാണ്. എന്നാൽ ഈ വ്യക്തിയുടെ പേര് നരേന്ദ്ര യാദവ് എന്നാണ്. ഹൈദരാബാദിൽ ഇയാൾക്കെതിരെ ഒരു കേസുണ്ട്. അയാൾ തന്റെ യഥാർഥ രേഖകൾ കാണിച്ചിട്ടില്ല’- തിവാരി പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടത്തിനു കീഴിലുള്ള അന്വേഷണ സംഘം ആശുപത്രിയിൽനിന്ന് രേഖകൾ പിടിച്ചെടുത്തു. അന്വേഷണത്തിൽ ആൾമാറാട്ടക്കാരൻ പ്രശസ്ത ബ്രിട്ടീഷ് ഡോക്ടറുടേതിന് സമാനമായ രേഖകൾ വ്യാജമായുണ്ടാക്കി ആശുപത്രിയിൽ സമർപ്പിച്ചതായി കണ്ടെത്തി. ഹൈദരാബാദിൽ ഒരു ക്രിമിനൽ കേസുകൾപ്പെടെ നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് പ്രതിയെന്നും സംഘം കണ്ടെത്തി.
Story Highlights : fake doctor performs heart surgeries in madhya pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here