മലപ്പുറത്ത് ജപ്തി നടപടി നേരിട്ട വയോധിക മരിച്ചു; ഇന്നലെയാണ് വീട് ജപ്തി നടന്നത്

മലപ്പുറത്ത് ജപ്തി നടപടി നേരിട്ട വയോധിക മരിച്ചു. പൊന്നാനി പാലപ്പെട്ടി സ്വദേശി എടശ്ശേരി മാമി (82) ആണ് മരിച്ചത്. ഇന്നലെയാണ് മാമിയുടെ വീട് ജപ്തി ചെയ്തത്. മാമിയുടെ മകൻ അലിമോൻ ആണ് പാലപ്പെട്ടി എസ്ബിഐ ശാഖയിൽ നിന്ന് ആറ് വർഷം മുൻപ് 25 ലക്ഷം രൂപ ലോൺ എടുത്തത്.
42 ലക്ഷം രൂപയാണ് ഇപ്പോൾ ലോൺ അടക്കാൻ ഉള്ളത്. അലിമോനെ കാണാതായതിനെ തുടർന്നാണ് തിരിച്ചടവ് മുടങ്ങിയത്. മാമിയുടെ 22 സെന്റ് സ്ഥലത്തിന്റെ പേരിൽ ആണ് അലിമോൻ ലോൺ എടുത്തത്. വീട് നഷ്ടപ്പെട്ടതിന്റെ മനോവിഷമമാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
പണം തിരികെ അടക്കാനാവാതെ വന്നതോടെയാണ് ബാങ്ക് വീട് ജപ്തി ചെയ്തത്. കിടപ്പ് രോഗിയായ വയോധികയെ മറ്റൊരു മകന്റെ വീട്ടിലേക്ക് മാറ്റിയ ശേഷമാണ് ബാങ്ക് വീട് ജപ്തി ചെയ്തത്. ഇന്ന് രാവിലെയോടെയാണ് മാമിയുടെ മരണം സ്ഥിരീകരിച്ചത്.
Story Highlights : elderly woman died day after bank foreclosed her house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here