Advertisement

അമ്പലമുക്ക് വിനീത കൊലക്കേസ്; പ്രതി രാജേന്ദ്രന്‍ കുറ്റക്കാരന്‍

April 10, 2025
Google News 2 minutes Read
mm

തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാരച്ചെടി വില്പനശാലയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. കന്യാകുമാരി ജില്ലയിലെ തോവാളം സ്വദേശിയാണ് പ്രതി രാജേന്ദ്രൻ. മുൻപും ഇയാൾ മൂന്ന് കൊലപാതകങ്ങൾ നടത്തിയിരുന്നു.

സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ചിരുന്ന രാജേന്ദ്രൻ പണത്തിന് ആവശ്യം വരുമ്പോൾ കൊലപാതകങ്ങൾ നടത്തുകയായിരുന്നു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ,സാഹചര്യ തെളിവുകളായിരുന്നു നിർണ്ണായകം. 118 സാക്ഷികളിൽ 96 പേരെ കേസിൽ സാക്ഷികളായി വിസ്തരിച്ചു.

2022 ഫെബ്രുവരി 6നാണ് നെടുമങ്ങാട് സ്വദേശി വിനീതയെ കുത്തി കൊലപ്പെടുത്തിയത്. പേരൂർക്കട അമ്പലമുക്കിലെ ചെടിക്കടയിൽ പട്ടാപകൽ ആയിരുന്നു കൊലപാതകം. വിനീത അണിഞ്ഞ നാലര പവന്റെ സ്വർണ മാല കവരാനാണ് പ്രതി രാജേന്ദ്രൻ കൊലപാതകം നടത്തിയത്. അതിക്രമം നടക്കുമ്പോൾ വിനീത മാത്രമാണ് കടയിൽ ഉണ്ടായിരുന്നത്. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതി തമിഴ്നാട് സ്വദേശി രാജേന്ദ്രൻ ആണെന്ന് കണ്ടെത്തിയത്. തമിഴ്നാട്ടിലെ കാവൽ കിണറിലെ ലോഡ്ജിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പേരൂർക്കടയിലെ ചായക്കടയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. തമിഴ്നാട്ടിലെ ഒരു കുടുംബത്തിലെ മൂന്നു പേരെ സമാന രീതിയിൽ കൊലപ്പെടുത്തിയ ഇയാൾ ജാമ്യത്തിൽ ഇറങ്ങിയാണ് തിരുവനന്തപുരത്തെ ഹോട്ടലിൽ ജോലിക്ക് എത്തിയത്. സിറ്റി പൊലീസ് കമ്മീഷണർ ആയിരുന്ന ജീസസ് സർജൻ കുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം നടന്നത്.

Read Also: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതിയ കഴകക്കാരന്‍; തസ്തികയിലേക്ക് ഈഴവ ഉദ്യോഗാര്‍ഥി, അഡ്വൈസ് മെമ്മോ അയച്ചു

കേസിലെ ഏക പ്രതിയായ രാജേന്ദ്രന്റെ പ്രവർത്തി ദയ അർഹിക്കുന്നില്ലെന്നായിരുന്നു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദ്ദീന്റെ വാദം. 96 സാക്ഷികളെ പ്രോസീക്യൂഷൻ വിസ്തരിച്ചു. പ്രതി സംഭവ ദിവസം കൊലപാതകത്തിന് എത്തുന്ന സിസിടിവി ദൃശ്യങ്ങൾ അടക്കം 12 പെൻഡ്രൈവുകളും 7 ഡിവിഡികളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. സംഭവസമയം കൊലപാതകം നടന്ന സ്ഥലത്ത് പ്രതി രാജേന്ദ്രൻ എത്തിയതിന്റെ ഒരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ ആർ സന്തോഷ് മഹാദേവൻ വാദിച്ചു.

പൊലീസ് കുളത്തിൽ നിന്ന് കണ്ടെത്തിയ ഷർട്ട്‌ രാജേന്ദ്രന്റെത് അല്ലെന്നാണ് പ്രതിഭാഗം വാദം. കേസിലെ നിർണായക തെളിവായ കത്തി പ്രതിയുടേതല്ലെന്നും വാദിച്ചു. തമിഴ്നാട് സ്വദേശിയായ രാജേന്ദ്രൻ ദ്വിഭാഷിയുടെ സഹായത്തോടെയാണ് വിചാരണ നേരിട്ടത്.

Story Highlights : Ambalamukku Vineetha murder case; Accused Rajendran found guilty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here