Advertisement

വയനാട്ടിൽ വാഹനം ചുറ്റിക കൊണ്ട് തകർത്തു; മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ച് അച്ഛനും മകനും

April 12, 2025
2 minutes Read
wayanad

വയനാട് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ നമ്പിക്കൊല്ലിയില്‍ ലഹരിയുടെ ഉന്മാദത്തില്‍ പിതാവും മകനും ചേര്‍ന്ന് വാഹനങ്ങള്‍ക്കെതിരേ വ്യാപക ആക്രമണം നടത്തി. തടയാനെത്തിയ പൊലീസ് വാഹനത്തിന്റേതടക്കം ചില്ലുകള്‍ തകര്‍ത്തു. ഒരു മണിക്കൂറോളം കത്തിവീശിയും മറ്റും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ പൊലീസും നാട്ടുകാരും ചേര്‍ന്ന് കീഴടക്കി. ഇന്ന് വൈകീട്ട് മൂന്നരയോടെ നമ്പിക്കൊല്ലിയിലാണ് സംഭവം.

നമ്പിക്കൊല്ലി സ്വദേശികളായ കീത്തപ്പള്ളി സണ്ണി മകന്‍ ജോമോന്‍ എന്നിവരാണ് അക്രമം നടത്തിയത്. നമ്പ്യാര്‍കുന്നില്‍ നിന്നും ബത്തേരിയിലേക്ക് വരികയായിരുന്ന ഗോകുലം ബസിന് നേരെ അക്രമം നടത്തിയായിരുന്നു തുടക്കം. ആളെയിറക്കാന്‍ നിര്‍ത്തിയപ്പോള്‍ ജോമോന്‍ ഓടിക്കയറി കത്തിവീശി യാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ബസിന്റെ വാതില്‍ ചില്ലുകളും പിന്‍ഭാഗത്തെ ചില്ലും തകര്‍ത്തു.

Read Also: പാലക്കാട് മുന്‍സിപ്പാലിറ്റിയിലേക്ക് നടന്ന മാര്‍ച്ച്; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസെടുത്തു

ബസിന് പിന്നിലുണ്ടായിരുന്ന കാറുകള്‍ അടക്കം അഞ്ച് വാഹനങ്ങളും ആക്രമിച്ചു. വിവരമറിഞ്ഞ് നൂല്‍പ്പുഴ പൊലീസ് ജീപ്പിലെത്തിയപ്പോള്‍ ചുറ്റികയും കൊടുവാളുമായി പൊലീസുകാരെ ആക്രമിക്കാനായി ശ്രമം. പൊലീസുകാര്‍ ഒഴിഞ്ഞുമാറിയപ്പോള്‍ വാഹനത്തിനുനേരെയായി ആക്രമണം. മുന്‍വശത്തേത് ഒഴികെയുള്ള മുഴുവന്‍ ചില്ലുകളും തകര്‍ത്തു. ജോമോനെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ സീനിയര്‍ സിപിഒ ധനേഷിന്റെ കൈവിരലുകള്‍ക്കും പരുക്കേറ്റു. അക്രമത്തിനിടെ ജോമോന്റെ കത്തിയില്‍ നിന്ന് സണ്ണിയുടെ കൈക്കും മുറിവേറ്റു. ഏറെനേരം നീണ്ട ആക്രമണത്തിന് ശേഷം പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും കീഴ്‌പ്പെടുത്തി, ബത്തേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മാനന്തവാടി മെഡിക്കല്‍ കോളജിലേക്കും മാറ്റി. കസ്റ്റഡിയിലെടുത്ത ഇവരുടെ മൊഴിയെടുത്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Story Highlights : Drunk father and son attack police in Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top