IAS തലപ്പത്തെ പോര് തുടരുന്നു; ചീഫ് സെക്രട്ടറി മലക്കം മറിഞ്ഞെന്ന വിമർശനവുമായി എൻ പ്രശാന്ത് IAS

IAS തലപ്പത്തെ പോര് തുടരുന്നതിനിടെ ചീഫ് സെക്രട്ടറി മലക്കം മറിഞ്ഞെന്ന വിമർശനവുമായി എൻ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഹിയറങുമായി ബന്ധപ്പെട്ട് ഏപ്രിൽ നാലിന് നൽകിയ മറുപടി കത്തിൽ തന്റെ ആവശ്യം അംഗീകരിച്ചിരുന്നെന്നും എന്നാൽ ഏഴ് ദിവസം കൊണ്ട് തീരുമാനം പിൻവലിച്ചെന്നും എൻ പ്രശാന്ത് വിമർശിച്ചു.
സർക്കാരിന്റെ മറുപടി കത്ത് ഉൾപ്പെടുത്തിയാണ് എൻ പ്രശാന്തിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്. ‘ഏഴു വിചിത്ര രാത്രികൾ കൊണ്ട് കാര്യങ്ങൾ മാറി മറിഞ്ഞുവെന്ന് എൻ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു. തന്റെ ആവശ്യം വിചിത്രമാണെന്ന് പറയുന്നത് ചില കൊട്ടാരം ലേഖകരാണെന്ന് പ്രശാന്ത് വിമർശിച്ചു. തന്റെ ആവശ്യങ്ങൾ അംഗീകരിച്ചതിന് പിന്നാലെ തീരുമാനം പിൻവലിച്ചതിന്റെ കാരണങ്ങൾ കത്തിൽ അറിയിച്ചിട്ടില്ലെന്നും എൻ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
എൻ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഏഴു വിചിത്രരാത്രികൾ
10.02.2025 ന് നൽകിയ കത്തിൽ ഹിയറിംഗ് റെക്കോർഡ് ചെയ്യാനും സ്ട്രീം ചെയ്യാനും മാത്രമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം 04.04.2025 ന് പൂർണ്ണമായും അംഗീകരിച്ചെങ്കിലും 11.04.2025 ന് അത് പിൻവലിച്ചു. ഏഴ് രാത്രികൾ കഴിഞ്ഞപ്പോൾ തീരുമാനം മാറിയതിന്റെ കാരണങ്ങൾ ഒന്നും കത്തിൽ അറിയിച്ചിട്ടില്ല. അതിൽ ആവശ്യം വിചിത്രമാണെന്ന് പറയുന്നില്ല.
എന്നാൽ കൊട്ടാരം ലേഖകർ പറയുന്നത് ആവശ്യം വിചിത്രമാണെന്നാണ്. വിവരാവകാശത്തിന്റെയും സുതാര്യതയുടെയും കാലത്ത് ആർക്കാണിത് വിചിത്രം? ഒന്നറിയാനാണ്. ആളിന് പേരില്ലേ?എന്റെ അച്ചടക്ക നടപടി സംബന്ധിച്ച രേഖകളും, ഉത്തരവിന്റെ കോപ്പികളും, തീരുമാനങ്ങളും, അഭിപ്രായങ്ങളും ഒക്കെ ചാനലിലും പത്രത്തിലും വായിച്ചാണ് ഞാൻ അറിയുന്നത്. സ്റ്റ്രീമിംഗ് അനുവദിച്ച ആദ്യ ഉത്തരവ് കാണത്ത മട്ടിൽ ചില ചാനൽ തൊഴിലാളികൾ തകർത്ത് അഭിനയിക്കുന്നതും കണ്ടു. (വായിച്ചിട്ട് മനസ്സിലാകാത്തതും ആവാം).
നിരന്തരം നിർഭയം, ഉറവിടമില്ലാത്ത വാർത്തകൾ നൽകുന്നതും, രേഖകൾ തമസ്കരിക്കുന്നതും ചെയ്യുന്നതിനെ എന്താ പറയുക? വിചിത്രം.
Story Highlights : N Prashanth IAS facebook post against Chief Secretary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here