Advertisement

കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ന് മുനമ്പം സമരപ്പന്തലില്‍ എത്തും; സമര സമിതി നേതാക്കളുമായി കൂടിക്കാഴ്ച

April 15, 2025
Google News 2 minutes Read

വഖഫ് നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതോടെ മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ന് മുനമ്പം സമരപ്പന്തലില്‍ എത്തും. എന്‍ഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദന്‍ സഭ എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. മുനമ്പം വിഷയത്തില്‍ ബിജെപി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നുവെന്ന ആരോപണം കോണ്‍ഗ്രസും സിപിഐഎമ്മും ശക്തമാക്കുന്നതിനിടയിലാണ് സന്ദര്‍ശനം.

ഈ മാസം ഒന്‍പതിന് മുനമ്പത്ത് എത്തും എന്ന് അറിയിച്ചിരുന്നെങ്കിലും നേരത്തെ നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ ഇന്നത്തേക്ക് സന്ദര്‍ശനം മാറ്റുകയായിരന്നു.

Read Also: ‘വഖഫ് നിയമ ഭേദഗതി റദ്ദാക്കരുത് ‘; ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ സുപ്രീംകോടതിയില്‍

മന്ത്രിക്കൊപ്പം ബിജെപി കേന്ദ്ര-സംസ്ഥാന നേതാക്കളും ഉണ്ടാകും. 11.20 ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്ന മന്ത്രി വരാപ്പുഴ അതിരൂപത ആസ്ഥാനത്തെത്തി മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിലുമായി കൂടിക്കാഴ്ച നടത്തും. എറണാകുളം താജ് വിവാന്തയിലെ വാര്‍ത്ത സമ്മേളനത്തിനുശേഷം അഞ്ചുമണിയോടുകൂടിയായിരിക്കും മുനമ്പം സമരപ്പന്തലില്‍ മന്ത്രി എത്തുക. നിയമഭേദഗതിക്ക് പിന്നാലെ മുനമ്പം നിവാസികളായ 50 ഓളം പേര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

അതേസമയം, വഖഫ് നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചു. നിയമം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് കക്ഷിചേരാന്‍ സംസ്ഥാനങ്ങള്‍ അപേക്ഷ നല്‍കി. മറ്റന്നാള്‍ വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് നീക്കം. അസം, മഹാരാഷ്ട്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് രംഗത്തെത്തിയത്. പാര്‍ലമെന്റ് പാസ്സാക്കിയ നിയമം ഭരണഘടന വിരുദ്ധമല്ലെന്നും ആരുടെയും മൗലികാവകാശങ്ങള്‍ റദ്ദാക്കുന്നതല്ലെന്നും ആണ് സംസ്ഥാനങ്ങളുടെ വാദം.

Story Highlights : Union minister Kiren Rijiju to munambam today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here