Advertisement

‘കെ.കെ രാഗേഷിനെ പ്രശംസിച്ചതിന് ദിവ്യയെ വ്യക്തിപരമായി ആക്ഷേപിക്കരുത്’; ഇ.പി ജയരാജൻ

April 16, 2025
Google News 2 minutes Read

ദിവ്യ എസ് അയ്യർക്കെതിരെയുള്ള അപകീർത്തികരമായ പ്രതികരണങ്ങൾ അവസാനിപ്പിക്കണമെന്ന് ഇ പി ജയരാജൻ. അനാവശ്യ വിവാദമുണ്ടാക്കി നല്ല ഐഎഎസ് ഓഫീസറെ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിലാണ് കെ കെ രാഗേഷിനെ ദിവ്യ പ്രശംസിച്ചത്.
ഒരേ മേഖലയിൽ ജോലി ചെയ്യുന്നവർ ആകുമ്പോൾ അത് സ്വാഭാവികമാണ്. അത്തരം പ്രതികരണങ്ങളിൽ വ്യാകുലപ്പെട്ട് വ്യക്തിപരമായി ആക്ഷേപിക്കുന്നത് നല്ലതല്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ദിവ്യ എസ്‌ അയ്യർ ഐ.എ.എസ്‌ നിലവിൽ വിഴിഞ്ഞം സീ പോർട്ടിന്റെ സി.ഇ.ഒ ആയി ഇരിക്കുന്ന വ്യക്തിയാണ്. ഒരു ഗവൺമെന്റിന്റെ ഭാഗമായി പ്രവർത്തിക്കുമ്പോൾ മന്ത്രിമാർ, അവരുടെ ഓഫീസുകൾ, അവിടെയുള്ള ഉദ്യോഗസ്ഥർ, ജീവനക്കാർ, ബഹുജനങ്ങൾ തുടങ്ങിയ ആളുകളുമായെല്ലാം നല്ല രീതിയിലുള്ള ബന്ധമുണ്ടാകും. അങ്ങനെ ബന്ധപ്പെടുന്നവർ വ്യക്തിപരമായി സ്നേഹ ബഹുമാനങ്ങൾ കാത്തുസൂക്ഷിക്കുന്നവരും പരസ്പരം വിവിധങ്ങളായ ചടങ്ങുകളിലും സൽക്കാരങ്ങളിലുമെല്ലാം പങ്കെടുക്കുകയും ചെയ്യും. അതെല്ലാം സർവ്വ സാധാരണമാണ്. അവരെല്ലാം പരസ്പര സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുകയും ചെയ്യും. അത്തരത്തിൽ തന്റെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് നിൽക്കുമ്പോൾ സഹപ്രവർത്തകരായിരുന്നവർ ചില സ്ഥാനങ്ങളിലേക്ക് വന്നാൽ അവർ ബന്ധപ്പെടുന്ന മേഖലയിലുള്ള അറിവും പരിചയവും എല്ലാം വെച്ച് പ്രശംസിക്കുകയും അഭിനന്ദിക്കുകയുമെല്ലാം ചെയ്യും. അത് സ്വാഭാവികമാണ്. അതിനെ അനാവശ്യമായ വിവാദങ്ങളിലേക്കും വാദപ്രതിവാദങ്ങളിലേക്കും കൊണ്ടുപോയി ഒരു നല്ല ഐ.എ.എസ്‌ ഒഫീസറെ അപകീർത്തിപ്പെടുത്തുന്നത് ശരിയായ രീതിയല്ല. ഇത്തരം കാര്യങ്ങളിലെല്ലാം ഒരു പൊതുധാരണയുണ്ടാകേണ്ടത് ആവശ്യമാണ്. പൊതു സമൂഹത്തിന്റെ ഭാഗാമായ ഉദ്യോഗസ്ഥരെ ദുർബലപ്പെടുത്താനോ അവരെ ആക്ഷേപിക്കാനോ വേണ്ടി വിമർശനങ്ങൾ ഉന്നയിക്കുന്നവർ അത് ഗുണകരമാണൊ എന്ന് പരിശോധിക്കുന്നത് നല്ലതാണ്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സഖാവ് കെ.കെ രാഗേഷ് പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി വരുമ്പോൾ, അത്രയും കാലം ഈ ഭരണ സംവിധാനത്തിന്റെ ഭാഗമായി നിലനിന്നിരുന്ന ആൾ എന്ന നിലക്ക് പുതിയ ചുമതലയിലേക്ക് പോകുമ്പോൾ ആ നിലയിൽ അദ്ദേഹത്തോടൊപ്പം ഒന്നിച്ച് പ്രവർത്തിച്ച കാലത്തെ കുറിച്ച് തന്റെ അനുഭവം തുറന്ന്പറയുക മാത്രമാണ് ദിവ്യ എസ്‌ അയ്യർ ഐ.എ.എസ്‌ ചെയ്തിരുക്കുന്നത്.

തന്റെ ജോലിയുടെ ഭാഗമായി താൻ ബന്ധപ്പെട്ടിരുന്ന മേഖലയുമായി നിലനിന്നിരുന്ന ഒരാൾ അവിടെ നിന്നും പോകുമ്പോൾ സൗഹൃദത്തിന്റേയും സ്നേഹത്തിന്റേയും ഭാഗമായി ഇത്തരം പ്രതികരണങ്ങൾ നമ്മുടെ സമൂഹത്തിൽ സ്വാഭാവികമാണ്. അത്തരത്തിലുള്ള പ്രതികരണത്തെ എന്തിനാണ് ഇത്രമാത്രം വ്യാകുലപ്പെട്ട്, അപകീർത്തികരമായി വാർത്തകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത്. അത് ഗുണകരമാണോ എന്ന് കോൺഗ്രസ് നേതൃത്വം ചിന്തിക്കുന്നത് നല്ലതാണ്.

Story Highlights : E P Jayarajan on Divya S Iyer’s praise Ragesh controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here