മുതലപ്പൊഴിയില്‍ പൊഴിമുറിക്കല്‍ ആരംഭിച്ചു

മുതലപ്പൊഴിയില്‍ മുക്കാല്‍ ഭാഗം പൊഴിമുറിക്കല്‍ ആരംഭിച്ചു. ഡ്രഡ്ജര്‍ എത്തിക്കുന്ന കരാര്‍ കമ്പനിയും സംയുക്ത സമര സമിതിയും നടത്തിയ ചര്‍ച്ചയിലാണ് സമവായമായത്.
മണല്‍ കൂനകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യാതെ പൊഴി മുറിക്കാന്‍ അനുവദിക്കില്ലെന്ന സമരസമിതി നിലപാടിനാണ് ഇന്നത്തെ ഡ്രഡ്ജര്‍ എത്തിക്കുന്ന കരാര്‍ കമ്പനിയുമായുള്ള ചര്‍ച്ചക്കൊടുവില്‍ അയവ് വന്നത്. മൂന്നു മീറ്റര്‍ ആഴത്തിലും 13 മീറ്റര്‍ വീതിയിലുമാണ് പൊഴി മുറിക്കുക. പൊഴി മുറിക്കുന്നതിനോടൊപ്പം തന്നെ കൂട്ടിയിട്ടിരിക്കുന്ന മണല്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കാനും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. കണ്ണൂരില്‍ നിന്ന് കൂറ്റന്‍ ഡ്രഡ്ജര്‍ എത്തിച്ച് മണല്‍ നീക്കം വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
പൊഴി മുറിക്കാന്‍ സമരസമിതി സമ്മതം നല്‍കുന്നതോടെ കൂറ്റന്‍ ഡ്രഡ്ജര്‍ ഉപയോഗിച്ച് എളുപ്പത്തില്‍ മണല്‍ നീക്കം ചെയ്യാന്‍ കഴിയുമെന്ന് സമരസമിതിയും സര്‍ക്കാരും പ്രതീക്ഷിക്കുന്നു. പൊഴി മുറിക്കുന്നതോടു കൂടി തന്നെ സമീപ പഞ്ചായത്തുകളിലേക്ക് വെള്ളം കയറുന്നതിലും താല്‍ക്കാലിക പരിഹാരം ഉണ്ടാകും. മണല്‍ കൂനകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുന്നത് വരെ അനിശ്ചിതകാല സമരം തുടരുമെന്നും സമരസമിതി അറിയിച്ചു.
അതേസമയം, മുതലപ്പൊഴിയിലെ പ്രതിസന്ധിക്ക് കാരണം സര്‍ക്കാര്‍ അനാസ്ഥയെന്ന ആരോപണം കടുപ്പിക്കുകയാണ് പ്രതിപക്ഷം. അനാസ്ഥ ആരോപിച്ച് എംഎല്‍എ വി ശശിയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസും ദേശീയ കര്‍ഷകത്തൊഴിലാളി ഫെഡറേഷനും മാര്‍ച്ച് നടത്തി.
Story Highlights : Muthalappozhi cutting begins
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here