Advertisement

നിലപാടുകളിലെ ധീരത; എതിർപ്പുകൾ മറികടന്ന് ശരിയുടെ പക്ഷം ചേർന്നുനിന്ന ഫ്രാൻസിസ് മാർപാപ്പ

April 21, 2025
Google News 2 minutes Read

മനുഷ്യത്വത്തിലൂന്നിയ നിലപാടുകളായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടേത്. അമേരിക്കയുടെ കൂട്ട നാടുകടത്തലുകൾക്കെതിരെയും ഗസ്സയിൽ ഇസ്രയേലിന്റെ കൂട്ടക്കുരുതിക്കെതിരെയും ശക്തമായ നിലപാടാണ് ഫ്രാൻസിസ് മാർപാപ്പ എടുത്തത്. സഭയ്ക്കുള്ളിൽ സുതാര്യതയും ഉത്തരവാദിത്തവും വർധിപ്പിക്കുന്നതിനായി പരിഷ്‌കരണനടപടികൾക്കും ഫ്രാൻസിസ് പാപ്പ തുടക്കം കുറിച്ചു.

നിലപാടുകളിലെ ധീരതയായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ മുഖമുദ്ര. സാമൂഹ്യനീതിയ്ക്കും അരികുവൽക്കരിക്കപ്പെട്ട സമൂഹത്തിനൊപ്പമായിരുന്നു എക്കാലത്തും മാർപാപ്പ. എതിർപ്പുകൾ ഉണ്ടായപ്പോഴും ശരിയുടെ പക്ഷം ചേർന്നുനിൽക്കാനാണ് ഫ്രാൻസിസ് മാർപാപ്പ എപ്പോഴും ശ്രമിച്ചത്. ദരിദ്രർക്കും കുടിയേറ്റക്കാർക്കുമായി അദ്ദേഹം ശബ്ദമുയർത്തി. ആഗോള വെല്ലുവിളികളെ നേരിടുന്നതിന് മതങ്ങൾ തമ്മിലുള്ള സംഭാഷണത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം ഫ്രാൻസിസ് മാർപാപ്പയ്ക്ക് അറിയാമായിരുന്നു.

ആഗോള സമാധാനവും പരസ്പര ധാരണയും വളർത്തുന്നതിനായി മതാന്തര സംവാദത്തെ ഫ്രാൻസിസ് മാർപ്പാപ്പ സജീവമായി പ്രോത്സാഹിപ്പിച്ചു. വ്യത്യസ്ത വിശ്വാസങ്ങൾക്കിടയിൽ സമാധാനത്തിനും സഹവർത്തിത്വത്തിനും വേണ്ടി നിരന്തരം വാദിച്ചു. അൽ-അസ്ഹറിന്റെ ഗ്രാൻഡ് ഇമാം ഷെയ്ഖ് അഹമ്മദ് എൽ-തയേബിനൊപ്പം അദ്ദേഹം ‘മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖ’യിൽ ഒപ്പുവച്ചു. ദൈവത്തിലും മനുഷ്യസാഹോദര്യത്തിലും വിശ്വാസമുള്ള എല്ലാ വ്യക്തികളേയും ഒന്നിച്ചു പ്രവർത്തിക്കാൻ ക്ഷണിക്കുന്ന ഒരു രേഖയായിരുന്നു അത്.

Read Also: വിശുദ്ധ ജീവിതത്തിന്റെ വെളിച്ചം ബാക്കി…; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്‌നേഹാന്വേഷണ പരീക്ഷണങ്ങള്‍

സാമൂഹിക നീതിക്കും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ പ്രതിരോധത്തിനുമുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ ജീവിതം അടയാളപ്പെടുത്തിയത്. അമേരിക്കയുടെ കൂട്ട നാടുകടത്തൽ നയങ്ങളെ മാർപാപ്പ പരസ്യമായി വിമർശിച്ചു. കുടിയേറ്റക്കാരോട് അനുകമ്പയുള്ള പെരുമാറ്റം വേണമെന്നും അവർക്കെതിരായ വിവേചനപരമായ നീക്കങ്ങൾ അപലപിക്കപ്പെടണമെന്നും പാപ്പ അഭ്യർത്ഥിച്ചു. ഗസ്സയിൽ ഇസ്രയേൽ നടത്തുന്നത് മനുഷ്യക്കുരുതിയാണെന്ന് പറയാനും ഫ്രാൻസിസ് മാർപാപ്പ മടിച്ചുനിന്നില്ല. പാരിസ്ഥിതിക പ്രശ്നങ്ങളിൽ ആഴത്തിലുള്ള ആശങ്കയും ഫ്രാൻസിസ് മാർപാപ്പ പങ്കുവച്ചിരുന്നു. ഭൂമിയെയും ജീവജാലങ്ങളെയും സംരക്ഷിക്കാൻ കാലാവസ്ഥാ വ്യതിയാന പ്രശ്‌നം അഭിമുഖീകരിക്കണമെന്ന് 2015 മുതൽ മാർപാപ്പ ആവശ്യപ്പെട്ടുവരികയാണ്.

സുതാര്യതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുന്നതിനായി ഫ്രാൻസിസ് മാർപാപ്പ സഭയ്ക്കുള്ളിൽ വലിയ പരിഷ്‌കരണങ്ങൾക്ക് തുടക്കം കുറിച്ചു. സഭയ്ക്കുള്ളിൽ പുരോഹിതർ ലൈംഗിക ദുരുപയോഗവും സാമ്പത്തിക ദുരുപയോഗവും നടത്തുന്നത് ഇല്ലാതാക്കുന്നതിനായി നിർണായക നടപടികൾ സ്വീകരിച്ചു. സമാധാനം, സാമൂഹിക നീതി, പരിസ്ഥിതി സുസ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർപാപ്പയുടെ ശ്രമങ്ങളെ അംഗീകരിച്ചുകൊണ്ട്, 2025 ജനുവരിയിൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം വിത്ത് ഡിസ്റ്റിംക്ഷൻ നൽകി ആദരിച്ചുിരുന്നു.

Story Highlights : Pope Francis, who overcame opposition and sided with the right thing

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here