ദുഃഖാചരണം, പൊതുദര്‍ശനം .. മാര്‍പാപ്പയുടെ വിടവാങ്ങല്‍ ചടങ്ങുകള്‍

സ്‌നേഹത്തിന്റേയും ചേര്‍ത്തുപിടിക്കലിന്റെ പ്രതിരൂപം. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മഹാ ഇടയന്‍. ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തോട് വിടപറയുമ്പോള്‍ അവസാനിക്കുന്നത് ഒരു യുഗം തന്നെയാണ്. ന്യുമോണിയ ബാധിതനായി 38 ദിവസം ആശുപത്രി വാസത്തിലായിരുന്നു മാര്‍പാപ്പ. തുടര്‍ന്ന് വിശ്രമത്തിലിരിക്കെയായിരുന്നു 88-ാം വയസില്‍ വിയോഗം. വത്തിക്കാനിലെ സാന്താ മാര്‍ത്ത വസതിയില്‍ ഇന്ത്യന്‍ സമയം രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകളുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടിട്ടില്ല.
വിയോഗത്തിന്റെ പ്രാഥമിക സ്ഥിരീകരണം
പരമ്പരാഗതമായി മാര്‍പാപ്പമാരുടെ വിയോഗം ലോകത്തെ അറിയിക്കുന്നത് കാമര്‍ലെംഗോ ( മുതിര്‍ന്ന വത്തിക്കാന്‍ ഉദ്യോഗസ്ഥന്‍) ആണ്. ഐറിഷ് വംശജനായ കെവിന്‍ ഫാരെല്‍ ആണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വിയോഗം ഇത്തരത്തില്‍ സ്ഥിരീകരിച്ചത്. വൈദ്യസംഘം ഉള്‍പ്പടെ മരണം സ്ഥിരീകരിച്ചതോടെ ഇനി ചടങ്ങുകളിലേക്ക് കടക്കും.
മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ പോപ്പിന്റെ ഔദ്യോഗിക മുദ്യയായ ഫിഷര്‍മാന്‍സ് റിങ് തകര്‍ക്കും. ഒരു മാര്‍പാപ്പയുടെ ഭരണ കാലം അവസാനിച്ചതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ന് ഇത് എങ്ങനെ നശിപ്പിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ല. എന്നാല്‍ ഒരിക്കല്‍ തകര്‍ത്ത റിങ് പിന്നീട് ഉപയോഗിക്കപ്പെടുകയില്ല. മോതിരം ദുരുപയോഗം ചെയ്യുന്നത് തടയുകയും ഭരണകാലയളവ് അവസാനിച്ചുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
ദുഃഖാചരണം
പോപ്പ് ഫ്രാന്‍സിസിന്റെ മരണം സ്ഥിരീകരിക്കപ്പെട്ട ഉടനെ വത്തിക്കാന്‍ ഒമ്പത് ദിവസത്തെ ദുഃഖാചരണ കാലമായ Novendiale പ്രഖ്യാപിക്കും. ഈ കാലയളവില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം സ്വകാര്യ ചാപ്പലിലേക്ക് മാറ്റും. അവിടെ വെളുത്ത കാസക്ക് (cassock ) ധരിപ്പിച്ച് സിങ്ക് പാളികളുള്ള മരംകൊണ്ട് നിര്‍മിച്ച പേടകത്തില്‍ കിടത്തും. സൈപ്രസ്, ലെഡ്, ഓക്, എന്നിവ ഉപയോഗിച്ചാണ് മുന്‍പ് ഈ മഞ്ചങ്ങള്‍ നിര്‍മിച്ചിരുന്നത്. എന്നാല്‍ 2024ല്‍ പോപ് ഫ്രാന്‍സിസ് സംസ്‌കാര നടപടിക്രമങ്ങളില്‍ മാറ്റം വരുത്തുകയായിരുന്നു.
അതുപോലെ തന്നെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പൊതുദര്‍ശനത്തിനായി എംബാം ചെയ്ത ശരീരം ഉയര്‍ത്തിയ പീഠത്തിലോ കാറ്റാഫാള്‍ക്കിലോ (catafalque) സ്ഥാപിക്കുന്ന ചടങ്ങും ഉണ്ടായേക്കില്ല. ശരീരം പേടകത്തില്‍ കിടത്തി തന്നെയായിരിക്കാം പൊതുദര്‍ശനം. മരണാനന്തര ചടങ്ങുകള്‍ ആചാരരഹിതമാക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം പരിഗണിച്ചാണിത്.
സംസ്‌കാരം
നാലോ ആറോ ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും മാര്‍പാപ്പയുടെ സംസ്‌കാരം നടക്കുക. ഒമ്പത് ദിവസങ്ങളിലായി റോമിലെ വിവിധ പള്ളികളില്‍ വ്യത്യസ്തമായ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കും. സംസ്‌കാര ചടങ്ങുകള്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ അന്ത്യവിശ്രമം സ്വന്തം ആഗ്രഹപ്രകാരം ബസിലിക്ക ഓഫ് സെന്റ് മേരി മേജറിലായിരിക്കും. സംസ്‌കാരത്തിന് തലേദിവസം രാത്രി മാര്‍പ്പാപ്പയെ വഹിക്കുന്ന പേടകം അടയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. പോപ്പിന്റെ മുഖത്ത് വെളുത്ത സില്‍ക്ക് തുണി വിരിച്ചതിന് ശേഷം പേടകം മുദ്ര വെക്കും. അദ്ദേഹത്തിന്റെ ഭരണ കാലയളവില്‍ അച്ചടിച്ച നാണയങ്ങളും പോപ്പിന്റെ ജീവിതവും നേട്ടങ്ങളും വിവരിക്കു്‌ന റൊജിറ്റോ എന്ന രേഖയും പേടകത്തിനുള്ളില്‍ സ്ഥാപിക്കും. പേടകം അടയ്ക്കുന്നതിന് മുന്‍പ് റൊജിറ്റോ ഉറക്കെ വായിക്കുകയും ചെയ്യും.
Story Highlights : What next after Pope Francis’ death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here