സിപിഐഎം സംസ്ഥാന കമ്മിറ്റിക്ക് പുതിയ ആസ്ഥാനമന്ദിരം; നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാനമന്ദിരം നാളെ ഉദ്ഘാടനം ചെയ്യും. പി ബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും. 9 നിലകളിലായി അറുപതിനായിരം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് സിപിഐഎമ്മിന്റെ പുതിയ ആസ്ഥാനമന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്.
വൈകുന്നേരം 5 മണിക്കാണ് എകെജി സെന്റര്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉല്‍ഘാടനം. കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനൊപ്പം മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന എകെജിയുടെ പ്രതിമയും മുഖ്യമന്ത്രി അനാച്ഛാദനം ചെയ്യും. ഉദ്ഘാടനം ചടങ്ങിനു ശേഷമുള്ള പൊതുയോഗം പഴയ എകെജി പഠനാ ഗവേഷണ കേന്ദ്രത്തിലെ ഓഡിറ്റോറിയത്തിലാണ് നടക്കുക. ജനറല്‍ സെക്രട്ടറി എം എ ബേബി അടക്കമുള്ള നേതാക്കള്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരാകും.
കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴാണ് സിപിഐഎമ്മിന് ആസ്ഥാന മന്ദിരം നിര്‍മിക്കാനായി പുതിയ സ്ഥലം വാങ്ങുന്നത്. എകെജി പഠന ഗവേഷണ കേന്ദ്രത്തിന് തൊട്ടടുത്തുള്ള 31 സെന്റ് ഭൂമി വാങ്ങിയാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പ്രശസ്ത ആര്‍ക്കിടെക്ട് എന്‍ മഹേഷ് ആണ് ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള കെട്ടിടം രൂപകല്പന ചെയ്തിരിക്കുന്നത്.
9 നിലകളിലായുള്ള കെട്ടിടത്തില്‍ സംസ്ഥാന സെക്രട്ടറിയുടെ ഓഫീസും, പി ബി അംഗങ്ങളുടെ ഓഫീസും, മള്‍ട്ടിമീഡിയ സംവിധാനത്തോടെയുള്ള മീഡിയ ഹാളും, സംസ്ഥാന സമിതി ചേരുന്നതിനുള്ള ഹാളും നേതാക്കള്‍ക്കുള്ള താമസ സൗകര്യവും കാന്റീനും എല്ലാമുണ്ട്. 6.5 കോടി രൂപ ചെലവിട്ടാണ് പുതിയ ആസ്ഥാനമന്ദിരത്തിനായി സ്ഥലം വാങ്ങിയത്. കെട്ടിട നിര്‍മ്മാണത്തിനുളള ചെലവ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിര്‍മ്മാണത്തിനായി പാര്‍ട്ടി ധനസമാഹരണം നടത്തിയിരുന്നു.
Story Highlights : New headquarters building for CPI(M) state committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here