Advertisement

രജിസ്‌ട്രേഷൻ ഇടപാടുകൾ സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി; ആദ്യ സംസ്ഥാനമായി കേരളം

April 22, 2025
Google News 2 minutes Read

സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്‌ട്രേഷൻ ഇടപാടുകൾ. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ 2017 മുതൽ തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങൾ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന നേട്ടത്തിലാണ് കേരളം. മുദ്രപത്രങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ ലഭ്യമാകുന്നതാണ് ഇ-സ്റ്റാമ്പിങ്.

സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ രജിസ്ടേഷൻ മേഖലയിലെ സേവനങ്ങൾ കൂടുതൽ സുതാര്യതയോടെയും വേഗത്തിലും പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-സ്റ്റാമ്പിംഗ് സേവനങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്. വെണ്ടർമാരുടെ തൊഴിൽ നഷ്ടം പരിഗണിച്ച് അവരുടെ വരുമാനം നിലനിർത്തിയാണ് സേവനങ്ങൾ നൽകുന്നത്. ഇ-സ്റ്റാമ്പിംഗ് വഴി വെണ്ടർമാർ മുഖേന പൊതുജനങ്ങൾക്ക് മുദ്രപത്രങ്ങൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

Read Also: തമിഴ്നാട് ഗവർണർക്കെതിരായ വിധി കേരളത്തിനും ബാധകമെന്ന് സംസ്ഥാനം സുപ്രിംകോടതിയിൽ; എതിർത്ത് കേന്ദ്രം

വെണ്ടർമാർക്ക് വെബ്‌സൈറ്റ് ഉപയോഗപ്പെടുത്തുന്നതിന് പ്രത്യേക ലോഗിൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. മുദ്രപത്രങ്ങൾ കടലാസിൽ അടിക്കുന്നത് ഒഴിവാകുന്നതിലൂടെ പ്രതിവർഷം 60 കോടിയിൽപ്പരം രൂപ സർക്കാരിന് ലാഭമുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. ട്രഷറി വകുപ്പാണ് മുദ്ര പത്രങ്ങൾ അച്ചടിച്ച് വിതരണം ചെയ്യുന്നതെങ്കിലും അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉപയോക്താക്കൾ രജിസ്‌ട്രേഷൻ വകുപ്പാണ്. ഇ-സ്റ്റാമ്പിങ്ങിലൂടെ ഏത് മൂല്യത്തിലുള്ള മുദ്രപത്രവും ലഭ്യമാക്കാൻ കഴിയുമെന്നത് മുദ്രപത്ര ക്ഷാമമെന്ന പരാതിക്ക് ശാശ്വത പരിഹാരമായി മാറുകയാണ്.

രജിസ്‌ട്രേഷൻ വകുപ്പ് ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി പഴയ ആധാരങ്ങളുടെ ഡിജിറ്റലൈസേഷൻ നടത്തി ആധാര പകർപ്പുകൾ ഓൺലൈനായി ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ രജിസ്‌ട്രേഷൻ മേഖലയിൽ സമഗ്രമായ ഇ-സ്റ്റാമ്പിംഗ് സേവനങ്ങൾ നടപ്പിലാക്കുന്നത് പ്രക്രിയകളിൽ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കും.

Story Highlights : Registration transactions in Kerala moved to e-stamping

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here