ഒരു ബ്രെയ്ക്ക് എടുക്കുന്നുവെന്ന് ലോകേഷ് ; കൈതിക്കുള്ള ഒരുക്കമോയെന്ന് ആരാധകർ

തന്റെ റിലീസിനൊരുങ്ങുന്ന രജനികാന്ത് ചിത്രമായ കൂലിയുടെ പ്രമോഷൻ പരിപാടികൾ തുടങ്ങുന്നത് വരെ സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ബ്രെയ്ക്ക് എടുക്കുന്നുവെന്ന് സംവിധായകൻ ലോകേഷ് കനഗരാജ്. തന്റെ ട്വിറ്റർ പേജിലൂടെയാണ് ലോകേഷ് കനഗരാജ് തീരുമാനം ആരാധകരെ അറിയിച്ചത്.
ബ്ലോക്ക്ബസ്റ്റർ ചിത്രമായിമാറിയ ‘വിക്രം’ ഉണ്ടാക്കിയ തരംഗം കെട്ടടങ്ങുന്നതിന് മുൻപും ഇതേ പോലെ സോഷ്യൽ മീഡിയയിൽ നിന്നും ഇടവേളയെടുത്ത ലോകേഷ് കനഗരാജ് ദളപതി വിജയ്‌ക്കൊപ്പമുള്ള ലിയോ എന്ന ചിത്രത്തിന്റെ പ്രാഥമിക തയാറെടുപ്പുകളിലായിരുന്നു. ഇത്തവണയും തന്റെ അടുത്ത ചിത്രത്തിനായുള്ള തയാറെടുപ്പിനൊരുങ്ങുകയാണ് സംവിധായകൻ എന്നാണ് റിപ്പോർട്ടുകൾ.

ലോകേഷിന് കനഗരാജിന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയ കാർത്തി നായകനായ ‘കൈതി’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കാർത്തിക്കൊപ്പം ലോകേഷ് നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് ചിത്രം പ്രഖ്യാപിച്ചത്.
എന്നാൽ കൈതി രണ്ടാം ഭാഗത്തിന് മുൻപ് ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ ആരംഭത്തെ കുറിച്ച് ഒരു ഷോർട്ട് ഫിലിം റിലീസ് ചെയ്യും എന്ന് ലോകേഷ് കനഗരാജ് അറിയിച്ചിരുന്നതിനാൽ, ‘1 ഷോർട്ട്, 2 സ്റ്റോറീസ്, 24 അവേഴ്സ്’ എന്ന ഷോർട്ട് ഫിലിം ആണോ അദ്ദേഹത്തിന്റെ അടുത്ത സംവിധാന സംരംഭം എന്നും ആരാധകർ ചോദിക്കുന്നുണ്ട്.

Story Highlights :Lokesh says he is taking a break; fans wonder if he is preparing for Kaithi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here