പഹല്‍ഗാം ആക്രമണം: ആക്രമണം നടത്തിയവരില്‍ പ്രാദേശിക ഭീകരരും; രണ്ട് പേരെ തിരിച്ചറിഞ്ഞു

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ ആക്രമണം നടത്തിയ ഭീകരരുടെ സംഘത്തില്‍ പ്രാദേശിക ഭീകരരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിവരം. പ്രാദേശിക ഭീകരവാദികളായ ബിജ് ബഹേര സ്വദേശി ആദില്‍ തോക്കര്‍ , ത്രാല്‍ സ്വദേശി ആസിഫ് ഷെയ്ക്ക് എന്നിവര്‍ സംഘത്തില്‍ ഉള്‍പ്പെട്ടതായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കി. ഇരുവരും 2018ല്‍ പാകിസ്താനില്‍ പോയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. (Pahalgam Terror Attack local terrorist involved)
പഹല്‍ഗാം ഭീകരാക്രമണത്തിന് ദ റസിസ്റ്റന്‍സ് ഫ്രണ്ട് എന്ന നിഴല്‍ സംഘടനയെ പാകപ്പെടുത്തിയത് ആരെന്ന ചോദ്യത്തിന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വിരല്‍ചൂണ്ടുന്നത് ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ സൈഫുള്ള കസൂരിയിലേക്കാണ്. ഖാലിദ് എന്ന് അറിയപ്പെടുന്ന സൈഫുള്ള കസൂരി പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. ലഷ്‌കര്‍ ഇ ത്വയ്ബയുടെ സ്ഥാപകന്‍ ഹാഫിസ് സയ്യിദുമായി കസൂരിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read Also: രാഷ്ട്രീയ പാര്‍ട്ടിക്ക് മറവില്‍ ഭീകരവാദം; പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി
2017ല്‍ മിലി മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചുകൊണ്ടാണ് സൈഫുള്ള കസൂരി പൊതുമധ്യത്തില്‍ രംഗപ്രവേശം ചെയ്തത്. ഹാഫീസ് സയ്യിദ് നേതൃത്വം നല്‍കുന്ന ജമാഅത്ത് ഉദ് ദവയുടെ രാഷ്ടീയ വിഭാഗമാണ് മിലി മുസ്ലിം ലീഗ്. ലഷ്‌കര്‍ ഇ ത്വയ്ബയുടെ പെഷവാര്‍ മേഖലാ കമാന്‍ഡറായും ജമാഅത്ത് ഉദ് ദവയുടെ സെന്‍ട്രല്‍ പഞ്ചാബ് കോര്‍ഡിനേഷന്‍ കമ്മിറ്റി തലവനായും ഖാലിദ് പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യ വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളിലൂടെ നേരത്തെയും പ്രകോപനം സൃഷ്ടിച്ചിട്ടുണ്ട് കസൂരി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഖൈബര്‍ പഖ്തുന്‍ഖ്വയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ 2026 ഫെബ്രുവരി 2ന് മുമ്പ് കശ്മീര്‍ പിടിച്ചടക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നാണ് കസൂരി പ്രഖ്യാപിച്ചത്. രണ്ട് മാസം മുമ്പ് പഞ്ചാബ് പ്രവിശ്യയിലെ കങ്കണ്‍പുരില്‍ പാക് സൈനിക ഉദ്യോഗസ്ഥര്‍ സംഘടിപ്പിച്ച പരിപാടിയില്‍ കസൂരി പങ്കെടുത്തതായും റിപ്പോര്‍ട്ടുണ്ട്.
Story Highlights : Pahalgam Terror Attack local terrorist involved
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here