‘പോക്സോ കേസ് കെട്ടിച്ചമച്ചത്, ആസൂത്രണത്തിന് പിന്നിൽ കരിയർ വളർച്ചയിൽ അസൂയയുള്ള വ്ളോഗർമാർ’: വിശദീകരണവുമായി മുകേഷ് എം നായർ

പോക്സോ കേസിൽ വിശദീകരണവുമായി വ്ളോഗർ മുകേഷ് എം നായർ. കേസ് കെട്ടിച്ചമച്ചതാണെന്നും, തെളിവുകൾ കയ്യിലുണ്ടെന്നും മുകേഷ് വിശദീകരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം നൽകിയത്. ആസൂത്രണത്തിന് പിന്നിൽ കരിയർ വളർച്ചയിൽ അസൂയയുള്ള മറ്റ് വ്ളോഗർമാർ. പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നും ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു.
വാർത്ത കണ്ട് ഞെട്ടിയിരിക്കുകയാണ്. കേസ് കള്ളമാണെന്ന് തെളിയിക്കാനുള്ള സകല തെളിവുകളും കയ്യിൽ ഉണ്ട്. എനിക്കിതിരെ ഒരുകൂട്ടം വ്ളോഗേഴ്സ് ക്യാമ്പയിൻ നടത്തുന്നു. കോടതിയിൽ കേസുള്ളത് കൊണ്ട് കൂടുതൽ പ്രതികരിക്കാനില്ല. വ്ളോഗർ പെൺകുട്ടിയെ വച്ച് പൈസ ചോദിച്ചുവെന്നും മുകേഷ് വിഡിയോയിൽ പറയുന്നു.
അതേസമയം മുകേഷ് എം നായര്‍ക്കെതിരേ പോക്സോ കേസെടുത്ത് പൊലീസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചെന്നും ചിത്രീകരണസമയത്ത് അനുമതിയില്ലാതെ ദേഹത്ത് സ്പര്ശിച്ചെന്നുമുള്ള പരാതിയിൽ മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കളാണ് മുകേഷ് എം നായർക്കെതിരെ പരാതി നൽകിയത്.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ചിത്രീകരണത്തിനായി എത്തിച്ച കോഡിനേറ്റർക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.മോഡലിംഗിന്റെ മറവില്‍ മോശം ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ മൊഴിയും മുകേഷ് എം നായർക്കെതിരാണ്. കോവളത്തെ റിസോര്‍ട്ടിൽ വച്ചായിരുന്നു റീൽസ് ചിത്രീകരണം നടന്നത്.
കേസിൽ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. നിലവില്‍ കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തുകയാണെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.
Story Highlights : Mukesh M Nair Response Over Pocso Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here