ആനന്ദിന് റിലയൻസ് ഇൻ്റസ്ട്രീസിൽ സുപ്രധാന പദവി; നിയമനം അഞ്ച് വർഷത്തേക്ക്; ഇനി ഡയറക്ടർ ബോർഡിൽ മുഴുവൻ സമയ അംഗം

റിലയൻസ് ഇൻ്റസ്ട്രീസ് ലിമിറ്റഡിൻ്റെ മുഴുവൻ സമയ ഡയറക്ടറായി ആനന്ദ് അംബാനിയെ നിയമിച്ചു. 2025 മെയ് ഒന്ന് മുതൽ അഞ്ച് വർഷത്തേക്കാണ് നിയമനം. ഇന്നലെ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
നിലവിൽ കമ്പനിയുടെ നോൺ എക്സിക്യുട്ടീവ് ഡയറക്ടറാണ് ആനന്ദ്. ജിയോ പ്ലാറ്റ്ഫോംസ്, റിലയൻസ് റീടെയ്ൽ വെഞ്ച്വേർസ്, റിലയൻസ് ന്യൂ എനർജി, റിലയൻസ് ന്യൂ സോളാർ എനർജി കമ്പനികളുടെ ഡയറക്ടർ ബോർഡ് അംഗവുമാണ് അദ്ദേഹം. 2022 സെപ്തംബർ മുതൽ റിലയൻസ് ഫൗണ്ടേഷൻ്റെ ബോർഡിലും അദ്ദേഹം അംഗമാണ്. ലോകത്തെ വലിയ മൃഗ സംരക്ഷണ പുനരധിവാസ കേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വൻതാരയുടെ പിന്നണിക്കാരനും ആനന്ദാണ്.
ആകാശിൻ്റെ സഹോദരങ്ങളായ ആകാശും ഇഷയും നിലവിൽ റിലയൻസ് ഇൻ്റസ്ട്രീസിൽ നോൺ എക്സിക്യുട്ടീവ് ഡയറക്ടർമാരാണ്. റിലയൻസ് ജിയോ ഇൻഫോകോം ചെയർമാനാണ് ആകാശ്. റിലയൻസ് റീടെയ്ൽ വെഞ്ച്വേർസിൻ്റെ എക്സിക്യുട്ടീവ് ഡയറക്ടറാണ് ഇഷ. ആനന്ദിനെ റിലയൻസ് ഇൻ്റസ്ട്രീസ് ലിമിറ്റഡിൻ്റെ ഡയറക്ടർ ബോർഡിൽ നിയമിക്കുന്നതിനെ എതിർത്ത് വോട്ട് ചെയ്യാൻ 2023 ൽ ഓഹരി ഉടമകളോട് അന്താരാഷ്ട്ര പ്രോക്സി അഡ്വൈസറി സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂഷണൽ ഷെയർഹോൾഡർ സർവീസസ് ഇൻകോർപറേറ്റഡ് കമ്പനി നിർദ്ദേശിച്ചത് വാർത്തയായിരുന്നു.
Story Highlights : Anant Ambani appointed as whole-time director of Reliance Industries
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here