ഭീകരർക്ക് എതിരായ നടപടി കടുപ്പിക്കുന്നു; രണ്ട് വീടുകൾ കൂടി തകർത്തു; 175 പേർ കസ്റ്റഡിയിൽ

ജമ്മു കശ്മീരിൽ ആഭ്യന്തര ഭീകരർക്ക് എതിരായ നടപടി കടുപ്പിക്കുന്നു. ഷോപ്പിയാനിലും പുൽവാമയിലും ഭീകരരുടെ രണ്ടു വീടുകൾ കൂടി തകർത്തു. ഭീകരരായ അദ്‌നാൻ ഷാഫി ദാ, ഷാഹിദ് അഹമ്മദ് കുട്ടായ് എന്നിവരുടെ വീടുകളാണ് തകർത്തത്. ആഭ്യന്തര മന്ത്രാലയത്തിന്റ നിർദ്ദേശം അനുസരിച്ചാണ് നടപടി തുടരുന്നത്.
7 ഭീകരവാദികളുടെ വീടുകൾ ഇതുവരെ തകർത്തു. ശ്രീനഗറിൽ ഭീകരവാദ ബന്ധമുള്ള 60 ലേറെ പേരുടെ വീടുകളിൽ റെയ്‌ഡ് നടത്തി. അനന്ത്നാഗിൽ ഭീകര വാദ ബന്ധമുള്ള 175 പേരെ കസ്റ്റഡിയിൽ എടുത്തു. ഇതിനിടെ കുപ്വാരയിൽ സാമൂഹിക പ്രവർത്തകന് നേരെ ഭീകരർ വെടിയുതിർത്തു. ഗുലാം റസൂൽ മഗ്രെക്ക് ആണ് വെടിയേറ്റത്. ശനിയാഴ്ച ഗുലാം റസൂൽ മഗ്രെയുടെ വസതിയിൽ എത്തിയാണ് വെടിയുതിർത്തത്. പരിക്കേറ്റ ഗുലാം റസൂൽ മഗ്രെയെ ആശുപത്രിയിലേക്ക് മാറ്റി.
പഹൽഗാമിൽ ഭീകരർക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് സേന. തെക്കൻ കശ്മീരിലെ 14 ഭീകരരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. ലഷ്‌കർ ഇ തയ്ബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ ഭീകര സംഘടനകളുമായി ബന്ധപ്പെട്ടവരാണ് അന്വേഷണ സംഘം തിരയുന്ന 14 പേരും. അനന്ത് നാഗ് ,ഷോപ്പിയൻ ,പുൽവാമ ജില്ലയിലുള്ളവരാണ് ഇവർ. ഇതിൽ 8 പേർ ലഷ്‌കർ ഇ തയ്ബയും മൂന്നു പേർ വീതം ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദീൻ ഭീകരരുമാണ്.
ഹിസ്ബുൾ ചീഫ് ഓപ്പറേഷണൽ കമാണ്ടർ അനന്ത് നാഗിലെ സുബൈർ അഹ്‌മദ് വാനി, പാക്കധിനിവേശ കശ്മീരിൽ പരിശീലനം നേടിയ ഹാരുൺ റഷീദ് ഗനി, TRF ഭീകരൻ കുൽഗാമിലെ സുബൈർ അഹ്‌മദ് ഗനി എന്നിവരും അന്വേഷണ സംഘത്തിന്റെ പട്ടികയിലുണ്ട്. ത്രാലിലെ ആസിഫ് ഷെയ്ഖ്, ബ്രിജ് ബെഹാരെയിലെ ആദിൽ ഗുരീ, കുൽഗാമിലെ സാക്കിർഗനി എന്നിവരേയും തിരയുന്നുണ്ട്. പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ് വരെ ഇവർ താഴ്വരയിൽ സജീവമായിരുന്നെന്ന വിവരം അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്.
Story Highlights : Jammu and Kashmir tightens crackdown on terrorists
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here