Advertisement

പഹൽഗാം ഭീകരാക്രമണം: റഷ്യയോടും ചൈനയോടും ഇടപെടൽ ആവശ്യപ്പെട്ട് പാകിസ്ഥാൻ; ‘അന്വേഷണം വേണം’

3 days ago
Google News 2 minutes Read

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ആക്രമണം ഭയന്ന് പാകിസ്ഥാൻ റഷ്യയുടെയും ചൈനയുടെയും പിന്തുണ തേടി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യമാണ് ഇരു രാജ്യങ്ങളോടും ഉന്നയിച്ചിരിക്കുന്നത്. ഇരുവരോടും ഇന്ത്യയുടെ നീക്കങ്ങൾ തടയാൻ ഇടപടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

പുൽവാമ ആക്രമണത്തിന് ശേഷം നടന്ന ഏറ്റവും ഭീകരമായ ആക്രമണമാണ് പഹൽഗാമിൽ ചൊവ്വാഴ്ച നടന്നത്. പാകിസ്ഥാൻ ആസ്ഥാനമായ ലഷ്ക്കർ-ഇ-തൊയ്ബയുടെ കൂട്ടാളിയായ റെസിസ്റ്റൻസ് ഫ്രണ്ട് എന്ന സംഘടനയാണ് പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം നടത്തിയത്. മതം ചോദിച്ച് പുരുഷന്‍മാരെ മാത്രം ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്.

സംഭവത്തെ അപലപിക്കാൻ പോലും തയ്യാറാകാതിരുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്, നിരപരാധികളെ കൊന്നൊടുക്കിയ കൊടും ക്രൂരതയിൽ ഇന്ത്യ തെളിവുകൾ നിരത്തി ലോകരാഷ്ട്രങ്ങൾക്ക് മുൻപിൽ പാക് പങ്ക് ചൂണ്ടിക്കാട്ടിയപ്പോഴാണ് സ്വതന്ത്ര അന്വേഷണം എന്ന ആവശ്യവുമായി മുന്നോട്ട് വന്നത്. അതേസമയം പഹൽഗാം ആക്രമണത്തിന് പിന്നിൽ കശ്മീരിലെ സ്വാതന്ത്ര്യ സമര സേനാനികളാകാമെന്നാണ് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദർ പറഞ്ഞത്. ആണവായുധം ഉപയോഗിക്കുമെന്നും എല്ലാ ആണവായുധങ്ങളും ഇന്ത്യക്കെതിരെ പ്രയോഗിക്കാനാണ് ഉണ്ടാക്കിയതെന്നുമാണ് പാക് മന്ത്രി ക്വാജ ആസിഫ് പ്രതികരിച്ചത്.

നയതന്ത്ര തലത്തിൽ പാകിസ്ഥാനെതിരെ നടപടി കർശനമാക്കിയ ഇന്ത്യ സിന്ധ നദീജല കരാറിൽ നിന്ന് പിന്‍മാറിയത് മുതൽ അണക്കെട്ട് തുറന്ന് വിട്ട് ഝലം നദിയിൽ വെള്ളപ്പൊക്കമുണ്ടാക്കിയത് വരെ പാകിസ്ഥാൻ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് നൽകുന്നത്. അതിനിടെയാണ് റഷ്യയും ചൈനയും സ്വതന്ത്ര അന്വേഷണം നടത്താൻ ഇടപെടണമെന്ന് പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

Story Highlights : Pakistan turns to Russia and China to probe Pahalgam attack as diplomatic tensions escalate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here