തൊലി എല്ലിനോട് ചേര്‍ന്ന് മാംസം ഇല്ലാത്ത നിലയില്‍; വയര്‍ ഒട്ടി വാരിയല്ല് തെളിഞ്ഞ് നട്ടെല്ലിനോട് ചേര്‍ന്നിരുന്നു; തുഷാര നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത

മനുഷ്യ മനസാക്ഷിയെ നടുക്കിയ ക്രൂര കൊലപാതകം. സ്ത്രീധനത്തിന്റെ പേരില്‍ വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷത്തിന് ശേഷം വധുവിനെ പട്ടിണിക്കിട്ട് അതിക്രൂരമായി കൊലപ്പെടുത്തിയ തുഷാരാ വധക്കേസ്. രാജ്യത്തെ തന്നെ ഏറ്റവും ക്രൂരമായ സ്ത്രീധന പീഡന കൊലപാതകങ്ങളില്‍ ഒന്നാണ്.
2013ലായിരുന്നു തുഷാരയുടെയും ചന്തുലാലിന്റെയും വിവാഹം. സ്ത്രീധനത്തിന്റെ പേരില്‍ മൂന്നാം മാസം മുതല്‍ തുഷാരയെയും കുടുംബത്തെയും ഭര്‍ത്താവും അമ്മയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. ആ പീഡനം അവസാനിച്ചതാകട്ടെ തുഷാരയുടെ മരണത്തിലും.
അക്ഷരാര്‍ഥത്തില്‍ നരകായാതനയാണ് തുഷാര ഭര്‍തൃവീട്ടില്‍ അനുഭവിച്ചിരുന്നത്. 2017 ജൂണ്‍ മാസം 7ാം തീയതി രണ്ടാമത്തെ പ്രസവം നടന്നതിന് ശേഷം തുഷാരയുടെ ഭാരം 48 കിലോയായിരുന്നു. മരിക്കുന്ന സമയത്ത് 21 കിലോ മാത്രമായി ഭാരം. സിതാരയുടെ വയറ്റില്‍ ഭക്ഷ്യവസ്തുക്കളുടെ സാന്നിധ്യമേയുണ്ടായിരുന്നില്ലെന്നും ഫോറന്‍സിക് സര്‍ജന്‍ കോടതിയുടെ മുന്നില്‍ വ്യക്തമാക്കിയിരുന്നു. പഞ്ചസാര വെളളവും കുതിര്‍ത്ത അരിയും മാത്രമാണ് തുഷാരക്ക് നല്‍കിയിരുന്നത്.
സ്ത്രീധനപീഡനത്തിന്റെ ഭാഗമായി വീട്ടിലെ മുറിയില്‍ അടച്ചിട്ടിരുന്ന തുഷാരയെ സ്വന്തം മക്കളെക്കാണാന്‍ പോലും ഭര്‍ത്താവും ഭര്‍തൃമാതാവും അനുവദിച്ചിരുന്നില്ല. കേസില്‍ രണ്ടാം സാക്ഷിയായ ലിന്‍സി എന്ന സ്ത്രീയുടെ മൊഴി ഇത് സാധൂകരിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ എടുക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പോലും ക്രൂരമര്‍ദനം തുഷാരയ്ക്ക് ഏല്‍ക്കേണ്ടി വന്നിരുന്നുവെന്ന് ഇവര്‍ വ്യക്തമാക്കുന്നു. അമ്മയുടെ പേരെന്താണ് എന്ന് ചോദിക്കുമ്പോള്‍ ഗീത എന്നാണ് പറഞ്ഞിരുന്നതെന്ന് കേസിലെ ഏഴാം സാക്ഷിയായ ടീച്ചര്‍ മിനി വര്‍ഗീസ് പറയുന്നുവെന്ന് അഭിഭാഷകന്‍ വ്യക്തമാക്കുന്നു. കേസില്‍ ഏഴാം സാക്ഷിയാണ് ഈ അധ്യാപിക. മരണം സംഭവിച്ചതിന് ശേഷമാണ് കുട്ടിയുടെ അമ്മയുടെ പേര് തുഷാര എന്നാണെന്ന് അധ്യാപിക അറിയുന്നത് തന്നെ.
Read Also: തുഷാര കൊലക്കേസ്; ഭർത്താവ് ചന്തുലാലിനും മാതാവിനും ജീവപര്യന്തം തടവ് ശിക്ഷ
2019 മാര്‍ച്ച് 21ന് രാത്രിയില്‍ തുഷാര മരിച്ചതായി പിതാവിനെ പ്രദേശവാസി അറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിയ തുഷാരയുടെ പിതാവും മറ്റുബന്ധുക്കളും മൃതദേഹം കണ്ട് തകര്‍ന്നുപോയി. ആമാശയത്തില്‍ ഭക്ഷണ വസ്തുവിന്റെ അംശം ഇല്ലായിരുന്നു എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. തൊലി എല്ലിനോട് ചേര്‍ന്ന് മാംസം ഇല്ലാത്ത നിലയില്‍ ആയിരുന്നു. വയര്‍ ഒട്ടി വാരിയല്ല് തെളിഞ്ഞ് നട്ടെല്ലിനോട് ചേര്‍ന്നിരുന്നു.
രോഗിയായ തുഷാര ഭക്ഷണം കഴിക്കാന്‍ തയ്യാറായിരുന്നില്ലെന്നാണ് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തില്ല. ശാസ്ത്രീയതെളിവുകള്‍ക്കപ്പുറം കേസില്‍ നിര്‍ണ്ണായകമായത് തുഷാരയുടെ മൂന്നര വയസ്സുള്ള കുട്ടിയുടെ മൊഴി. പിന്നീട് പൊലീസ് അന്വേഷണത്തില്‍ തുഷാരയുടെത് സ്ത്രീധന പീഡനത്തെതുടര്‍ന്ന് പട്ടിണിക്കിട്ടുളള കൊലപാതകമെന്ന് പൊലീസ് കണ്ടെത്തുകയും ഭര്‍ത്താവും ഭര്‍തൃമാതാവും കുറ്റക്കാരാണെന്ന് അന്വേഷണസംഘം കണ്ടെത്തുകയും ചെയ്തു.
Story Highlights : Thushara murder case: Thushara was faced torment in her husband’s house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here