Advertisement

താഴ്വാരം ഏറ്റവും പ്രിയപ്പെട്ട ചിത്രം, സുബ്രമണ്യപുരത്തിനെ സ്വാധീനിച്ചു ; ശശികുമാർ

4 hours ago
Google News 2 minutes Read

ഭരതന്റെ സംവിധാനത്തിൽ 1990ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം താഴ്വാരം തന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമാണെന്ന് നടനും സംവിധായകനുമായ ശശികുമാർ. നായകനായ പുതിയ ചിത്രമായ ടൂറിസ്ററ് ഫാമിലിയുടെ പ്രമോഷന്റെ ഭാഗമായി കേരളത്തിൽ വന്നപ്പോൾ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശശികുമാർ താഴ്‌വാരമെന്ന ചിത്രത്തെക്കുറിച്ച് വാചാലനായത്.

“താഴ്വാരത്തിൽ ക്ലൈമാക്‌സിൽ മോഹൻലാലും വില്ലനായ സലിം ഘോഷും തമ്മിലുള്ള സംഘട്ടനരംഗത്തിലെ ഒരു ഷോട്ടിൽ ഒരു കഴുകൻ പറന്ന് വന്നു സൈഡിലിരിക്കുന്നത് കാണാം. അതൊരു വിസ്തൃതമായ മരുപ്രദേശമൊക്കെയാണ്. ആ ഷോട്ടും രംഗവും എന്നെ വല്ലാണ്ട് സ്വാധീനിച്ചിട്ടുണ്ട്. എന്റെ സുബ്രമണ്യപുരമെന്ന ചിത്രത്തിന്റെ ക്ലൈമാക്‌സിൽ എന്റെ കഥാപാത്രത്തെ കൊല്ലുന്ന സീൻ ആ ഒരു അന്തരീക്ഷത്തിൽ ഷൂട്ട് ചെയ്യാൻ കാരണമായത് താഴ്വാരത്തിലെ ആ സീനാണ്” ശശികുമാർ പറയുന്നു.

ഹോളിവുഡിൽ നിർമ്മിച്ചിരുന്ന വൈൽഡ് വെസ്റ്റേൺ സിനിമകളുടെ ഫോർമാറ്റിലായിരുന്നു ഭരതൻ ‘താഴ്വാരം ഒരുക്കിയത്. പൊതുവെ മരുപ്രദേശങ്ങളിൽ നടക്കുന്ന ആക്ഷൻ സിനിമകളെയാണ് ഈ ജോണറിൽ പെടുത്താറുള്ളത്. സാധാരണ കുതിരപ്പുറത്തു സഞ്ചരിക്കുന്ന ആയുധധാരികളായ കൗബോയ്സിന്റെ കഥകളാണ് വൈൽഡ് വെസ്റ്റേൺ സിനിമകളിൽ പറയാറുള്ളത്.

ഹോളിവുഡിൽ സെർജിയോ ലിയോണിയുടെ സംവിധാനത്തിൽ, ക്ലിന്റ് ഈസ്റ്റ്വുഡ് നായകനായെത്തി ലോകമാകമാനം തരംഗമായി മാറിയ ഡോളേഴ്‌സ് ട്രയോളജിയിലൂടെയാണ് ഇത്തരം സിനിമകൾക്ക് ലോകമെമ്പാടും ആരാധകരുണ്ടാകുന്നത്. പ്രതികാര കഥ പറഞ്ഞ താഴ്വാരത്തിൽ മോഹൻലാലിനും, സലിം ഗോഷിനുമൊപ്പം, സുമലത, ശങ്കരാടി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Story Highlights :Thazhvaram is my favorite film, it influenced Subramanyapuram: Sasikumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here