പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ട് മണിക്കാണ് രാജ്യത്തോട് സംസാരിക്കുക. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായിട്ടാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
വെടിനിർത്തൽ ധാരണയിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് കേന്ദ്രസർക്കാർ വാദിക്കുന്നതിനിടെ, ധാരണയിൽ എത്തിയതിന് ഇരു രാഷ്ട്രങ്ങളെയും അഭിനന്ദിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് രംഗത്തുവന്നിരുന്നു. അമേരിക്കയ്ക്ക് പങ്കില്ലെങ്കിൽ എങ്ങനെയാണ്, വെടിനിർത്താൻ തീരുമാനമായെന്ന ഔദ്യോഗിക പ്രഖ്യാപനം ഡോണൾഡ് ട്രംപ് നടത്തിയത് എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
പഹൽഗാം ആക്രമണത്തിന് പിന്നാലെ അനുനയ ചർച്ചകൾക്കും മറ്റുമായി ആരും ഇന്ത്യയിലേക്ക് വരേണ്ടതില്ല എന്ന നിലപാടാണ് രാജ്യം സ്വീകരിച്ചിരുന്നത്. ഭീകരർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും സ്വതന്ത്രമായി പ്രവർത്തിക്കുമെന്ന സന്ദേശവും ചർച്ചകൾക്ക് ശ്രമിച്ച എല്ലാ രാജ്യങ്ങൾക്കും നൽകിയിരുന്നു. എന്നാൽ വെടിനിർത്തൽ തീരുമാനം കേന്ദ്രം ഔദ്യോഗികമായി അറിയിക്കുന്നതിന് മുന്നേ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡോ ട്രംപ് പ്രഖ്യാപിച്ചതാണ് സംശയങ്ങൾക്ക് ഇടയാക്കിയത്. കശ്മീർ പ്രശ്ന പരിഹാരത്തിന് മൂന്നാം കക്ഷി ഇടപെട്ടോ എന്നതടക്കമുള്ള ചോദ്യങ്ങൾക്ക് ഉത്തരം വേണമെന്നാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.
അതേസമയം പാകിസ്താന്റെ തുർക്കി നിർമിത ഡ്രോൺ മുതൽ ചൈനീസ് നിർമിത മിസൈലുകൾ വരെ ഇന്ത്യൻ വ്യോമപ്രതിരോധസംവിധാനങ്ങൾ നിലംപരിശാക്കിയെന്ന് സൈന്യം അറിയിച്ചിരുന്നു. ഇന്ത്യാ-പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന ശേഷമുള്ള രണ്ടാംദിനവും ജമ്മു-കശ്മീർ അതിർത്തികൾ ശാന്തമാണ് ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങുകയാണ്. സംഘർഷത്തെ തുടർന്ന് അടച്ച 30 വിമാനത്താവളങ്ങൾ ഉടൻ തുറക്കും.
Story Highlights : PM Narendra Modi to address nation at 8 pm today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here