കെപിസിസി പുനഃസംഘടനയില്‍ അഭിപ്രായഭിന്നത പുകയുന്നു

കെപിസിസി അധ്യക്ഷനെയും വര്‍ക്കിംഗ് പ്രസിഡന്റുമാരേയും മാറ്റിയ എഐസിസിയുടെ തീരുമാനം ഏകപക്ഷീയമായിരുന്നോ? ഹൈക്കമാന്റിന്റെ തീരുമാനത്തിനെതിരെ ആദ്യദിനങ്ങളില്‍ ഉണ്ടാവാത്ത എതിര്‍പ്പുകള്‍ ഇപ്പോള്‍ സജീവമാവാന്‍ കാരണമെന്ത്? കെപിസിസി അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്നും നാല് എംപിമാര്‍ വിട്ടുനിന്നതും ഡല്‍ഹി യോഗത്തില്‍ നിന്നും മുരളീധരനും കെ സുധാകരനും വിട്ടുനില്‍ക്കുന്നതും തുടക്കത്തില്‍തന്നെ കല്ലുകടിയായിരിക്കുകയാണ്. ഇത് ഗൗരവതരമാണെന്നാണ് എഐസിസിയുടെ വിലയിരുത്തല്‍.
തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ ഐക്യമുണ്ടാക്കിയെടുക്കാനുള്ള ഹൈക്കമാന്റിന്റെ നീക്കത്തിന്റെ ഭാഗമാണ് ഡല്‍ഹിയിലെ യോഗം. യോഗത്തിലേക്ക് മുന്‍ കെപിസിസി അധ്യക്ഷന്മാരെയും വിളിച്ചിരുന്നു. മുന്‍ അധ്യക്ഷന്മാരായ വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും മുന്‍കൂട്ടി അസൗകര്യം അറിയിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കെപിസിസി പുനഃസംഘടനയില്‍ അഭിപ്രായഭിന്നതയുണ്ടെന്ന് കെ മുരളീധരന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വടകരയില്‍ എത്തിയതോടെയാണ് ഷാഫിയുടെ നല്ല കാലം ആരംഭിച്ചതെന്നായിരുന്നു മുരളീധരന്റെ അഭിപ്രായം. വടകരയില്‍ നിന്നും മാറ്റി തൃശൂരില്‍ കൊണ്ടുവന്ന് മത്സരിപ്പിച്ചതോടെ ഒന്നും ഇല്ലാതായെന്ന സൂചനയാണ് മുരളിയുടെ പ്രസംഗത്തിലുണ്ടായിരുന്നത്.
ഇടഞ്ഞുനിന്ന സുധാകരന്‍ ഹൈക്കമാന്റ് തീരുമാനം അംഗീകരിച്ച് സ്ഥാനമൊഴിയാന്‍ തയ്യാറായതോടെ എഐസിസി നേതൃത്വവും ആശ്വാസത്തിലായിരുന്നു. കെപിസിസി അധ്യക്ഷന് ചുമതല കൈമാറാനും സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തതും തര്‍ക്കങ്ങളും പരാതികളും അവസാനിച്ചുവെന്ന തോന്നലുളവാക്കിയിരുന്നു. എന്നാല്‍ അഭിപ്രായ ഭിന്നതകള്‍ അവസാനിച്ചുവെന്നു കരുതിയിരുന്നയിടത്തുനിന്നാണ് ഭിന്നതയുടെ പുക ഉയരുന്നത്.
പുന:സംഘടന നടപ്പാക്കുമ്പോള്‍ സാധാരണ ഉണ്ടാവാറുള്ള എതിര്‍പ്പുകളൊന്നും ഇത്തവണ ഉണ്ടായിരുന്നില്ല. കെ സുധാകരനെ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സന്ദര്‍ഭത്തില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും പരസ്യമായി പ്രതിഷേധങ്ങളും ഉണ്ടായില്ല. സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചതോടെ സുധാകരന്‍ അഭിപ്രായ ഭിന്നതകള്‍ അവസാനിപ്പിച്ചുവെന്നായിരുന്നു കരുതിയിരുന്നത്.
Read Also: ഇന്ത്യാ-പാക് വെടിനിര്‍ത്തല്‍ ധാരണ: മധ്യസ്ഥത വഹിച്ചെന്ന ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി ഇന്ത്യ
മുതിര്‍ന്ന നേതാവും, ദീര്‍ഘകാലം എം പിയുമൊക്കെയായിട്ടും അധ്യക്ഷപദവിയിലേക്ക് പരിഗണിക്കപ്പെടാത്തതില്‍ പരിഭവവുമായി കൊടിക്കുന്നില്‍ സുരേഷ് രംഗത്തുവന്നതൊഴിച്ചാല്‍ സാധാരണ കോണ്‍ഗ്രസില്‍ ഉണ്ടാകാറുള്ള കലാപങ്ങളൊന്നും ആദ്യദിനത്തില്‍ ഉണ്ടായിരുന്നില്ല. ഇതായിരുന്നില്ല സാധാരണ കോണ്‍ഗ്രസില്‍ സംഭവിക്കുന്നത്. ഒരു വിഭാഗം നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തുവരുന്നതും പ്രതിഷേധിക്കുന്നതുമൊക്കെയാണ് കോണ്‍ഗ്രസിന്റെ രീതി. എന്നാല്‍ കെപിസിസി, ഡിസിസി എന്നിവ പുന:സംഘടിപ്പിക്കാനുള്ള തീരുമാനവുമായി കെപിസിസി അധ്യക്ഷന്‍ നീക്കങ്ങള്‍ തുടങ്ങിയതോടെ ചില നേതാക്കള്‍ പരസ്യമായി പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കെപിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും ഉണ്ടായില്ലെന്ന ആരോപണമാണ് ഒരുവിഭാഗം എംപിമാര്‍ ഉന്നയിച്ചിരിക്കുന്നത്.
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായിരുന്നു കൊടിക്കുന്നില്‍ സുരേഷ്. അദ്ദേഹം നേരത്തേയും കെപിസിസി അധ്യക്ഷപദവിയിലേക്ക് പരിഗണിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. മത്സരരംഗത്തുനിന്നും വിട്ടുനില്‍ക്കുകയാണെന്നും ഇനി സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്നുമായിരുന്നു കൊടിക്കുന്നിലിന്റെ നിലപാട്. എന്നാല്‍ ഹൈക്കമാന്റ് കൊടിക്കുന്നിലിനെ പരിഗണിച്ചില്ലെന്നാണ് ആരോപണം.
ബെന്നി ബഹനാന്‍, ശശി തരൂര്‍, എം കെ രാഘവന്‍, ഡീന്‍ കുര്യാക്കോസ് എന്നീ എംപിമാര്‍ കെപിസിസി ഭാരവാഹികളുടെ സ്ഥാനാരോഹണ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. അധ്യക്ഷനേയും ഉപാധ്യക്ഷന്‍മാരേയും തീരുമാനിച്ചത് കൂട്ടായ ചര്‍ച്ചകളിലൂടെയല്ലെന്നായിരുന്നു ഇവരുടെ പ്രതികരണം. പത്തനംതിട്ട എംപി ആന്റോ ആന്റണിയെ അധ്യക്ഷനാക്കാനായിരുന്നു എഐസിസി തീരുമാനം. അവസാനഘട്ടത്തിലാണ് സണ്ണി ജോസഫ് എംഎല്‍എയുടെ പേരിലേക്ക് ചര്‍ച്ചയെത്തുന്നതും, തീരുമാനം പ്രഖ്യാപിക്കുന്നതും. ഡല്‍ഹിയിലുണ്ടായിരുന്ന കെ സുധാകരന്‍ യോഗത്തില്‍ പങ്കെടുക്കാതെ കണ്ണൂരിലേക്ക് തിരിച്ചു.
അതേസമയം, കെപിസിസി അധ്യക്ഷനെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടത്തിയില്ലെന്ന ആരോപണം ശരിയല്ലെന്നാണ് എഐസിസിയുടെ പ്രതികരണം. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എല്ലാ നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തിയാണ് നേതൃമാറ്റത്തിലേക്ക് കടന്നതെന്നാണ് വിശദീകരണം.
ഇതേസമയം, കെപിസിസി ജനറല്‍ സെക്രട്ടറിമാരടക്കമുള്ള ഭാരവാഹികളില്‍ ചിലരെ മാറ്റാനുള്ള സാധ്യത തെളിയുകയാണ്. സംസ്ഥാന കോണ്‍ഗ്രസിന് പുതിയ നേതൃത്വം വന്നതോടെ കെപിസിസിയിലും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളും പുനഃസംഘടിപ്പിക്കാന്‍ നീക്കം ആരംഭിച്ചിരിക്കയാണ്.
ഡിസിസി ഭാരവാഹികളെ സംബന്ധിച്ചുള്ള ചര്‍ച്ചകളും ഇതോടൊപ്പം നടക്കും. കെപിസിസി അധ്യക്ഷന്‍ അഡ്വ സണ്ണി ജോസഫ് കെസി വേണുഗോപാലിന്റെ കൂടി താത്പര്യം സംരക്ഷിച്ചുകൊണ്ട് മാത്രമേ ഭാരവാഹികളുടെ പട്ടിക തയ്യാറാക്കൂ. എ വിഭാഗം നേതാക്കള്‍ നടത്തുന്ന സമ്മര്‍ദ്ദത്തിന്റെ ലക്ഷ്യവും ഡിസിസി പുനഃസംഘടനയാണ്. ഗ്രൂപ്പ് നേതാക്കളെ പിണക്കാതെയുള്ള മാറ്റത്തിനാണ് കെപിസിസി നേതൃത്വം മുന്‍ഗണന നല്‍കുന്നത്. ചില ജില്ലകളിലെ അധ്യക്ഷന്മാരെ കെപിസിസി ഭാരവാഹിയാക്കിയും മറ്റും തര്‍ക്കങ്ങളില്ലാതെ പുനഃസംഘടനയുമായി മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം.
Story Highlights : Disagreements flare up over KPCC reorganization
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here