അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സൗദിയിൽ; വ്യാവസായിക-പ്രതിരോധ കരാറുകളിൽ ഒപ്പുവെയ്ക്കും

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സൗദിയിൽ. വ്യോമാതിർത്തിയിൽ സൗദി എയർഫോഴ്സ് വിമാനങ്ങളുടെ അകമ്പടി. സൗദിയുമായി വ്യാവസായിക-പ്രതിരോധ കരാറുകളിൽ ഒപ്പുവെയ്ക്കും. ഗൾഫ്– അമേരിക്ക ഉച്ചകോടിയിൽ പങ്കെടുക്കും. മൂന്ന് ദിവസത്തെ പര്യടനത്തിൽ ഖത്തറിലും യുഎഇയിലും സന്ദർശനം നടത്തും.
അമേരിക്കൻ വ്യവസായങ്ങളിൽ അറബ് രാജ്യങ്ങളിൽ നിന്നും വലിയ നിക്ഷേപങ്ങൾ ഉറപ്പാക്കുകയെന്നതാണ് ട്രംപിന്റെ സന്ദർശനങ്ങളുടെ പ്രധാന ലക്ഷ്യം. സൗദി അറേബ്യ, ഖത്തർ, യു എ ഇ തുടങ്ങിയ രാജ്യങ്ങൾ അമേരിക്കയുമായി കൂടുതൽ മെച്ചപ്പെട്ട സാമ്പത്തികബന്ധം സ്ഥാപിക്കാാനും അമേരിക്കയിൽ മുതൽമുടക്ക് ശക്തമാക്കാനും താൽപര്യം പ്രകടിപ്പിച്ചിരുന്നു. നിർമിത ബുദ്ധി, സെമികണ്ടക്ടറുകൾ, ഊർജം, ഉൽപാദനം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും നിക്ഷേപങ്ങൾ പ്രതീക്ഷിക്കുന്നത്. ഇതിനു പുറമേ, ഗസ്സയിലെ ഇസ്രയേൽ-ഹമാസ് സംഘർഷവും വെടിനിർത്തലിനുള്ള സാധ്യതകളും ട്രംപ് അറബ് രാജ്യങ്ങളുമായി ചർച്ച ചെയ്യും.
മധ്യേഷ്യയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളം സ്ഥിതി ചെയ്യുന്ന ഖത്തറുമായുള്ള കൂടുതൽ ശക്തമായ സൈനിക സഹകരണവും പ്രധാന ചർച്ചാവിഷയമാകും. വ്യാപാര- പ്രതിരോധ കരാറിനായുള്ള ചർച്ചകളും ട്രംപ് പുനരാരംഭിക്കാനിടയുണ്ട്. സിവിൽ ആണവപദ്ധതിയ്ക്കായി അമേരിക്കയുടെ സഹകരണം സൗദി ആവശ്യപ്പെട്ടേക്കുമെങ്കിലും യുറേനിയം സമ്പുഷ്ടീകരണത്തിനായുള്ള സൗദിയുടെ ആവശ്യം അംഗീകരിക്കാനിടയില്ല.
എന്നാൽ സൗദി ആണവപദ്ധതി ട്രംപ് പിന്തുണയ്ക്കുന്നപക്ഷം അമേരിക്കൻ കമ്പനികൾക്ക് സൗദിയിൽ നിന്നും ലഭിക്കാനിടയുള്ള കരാറുകൾ ട്രംപിന്റെ മനസ്സു മാറ്റിയേക്കാം. എന്നാൽ എണ്ണവില കുറയ്ക്കണമെന്ന ട്രംപിന്റെ നിലപാടിനോട് സൗദിക്ക് യോജിപ്പില്ല. കൃത്രിമബുദ്ധി കയറ്റുമതി വിഷയത്തിൽ യു എ ഇ-യ്ക്ക് ജോ ബൈഡൻ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാൻ യുഎഇ ട്രംപിനുമേൽ സമ്മർദ്ദം ചെലുത്താനുമിടയുണ്ട്.
Story Highlights : US president arrives in Saudi Arabia on Middle East trip
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here