‘സിപിഐഎം സ്ഥാനാർത്ഥിക്കായി പോസ്റ്റൽ വോട്ട് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്, കേസെടുത്താലും പ്രശ്നമില്ല’; ജി സുധാകരൻ

സിപിഐഎം സ്ഥാനാർത്ഥിക്കായി തപാൽ വോട്ട് പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുതിർന്ന നേതാവ് ജി സുധാകരൻ. 36 വർഷം മുൻപ് ആലപ്പുഴയിൽ മത്സരിച്ച് കെ വി ദേവദാസിന് വേണ്ടിയാണ് കൃത്രിമം നടത്തിയത്. ഇനി തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരൻ പറഞ്ഞു. കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് വെളിപ്പെടുത്തൽ.
‘തപാല്‍ വോട്ടു ചെയ്യുമ്പോള്‍ എന്‍ജിഒ യൂണിയന്‍കാര്‍ വേറെ ആളുകള്‍ക്ക് ചെയ്യരുത്. കുറച്ചുപേര്‍ അങ്ങനെ ചെയ്യുന്നുണ്ട്. കെ.വി. ദേവദാസ് ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ ജില്ലാകമ്മിറ്റി ഓഫീസില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച്, പരിശോധിച്ച് ഞങ്ങള്‍ തിരുത്തി. 15% പേരും വോട്ടുചെയ്തത് എതിര്‍ സ്ഥാനാര്‍ഥിക്കായിരുന്നു. ഇനി എന്റെ പേരില്‍ കേസെടുത്താലും കുഴപ്പമില്ല’- അദ്ദേഹം പറഞ്ഞു.
അന്ന് വക്കം പുരുഷോത്തമന് എതിരായിട്ടായിരുന്നു ദേവദാസ് മത്സരിച്ചത്. യൂണിയനിലെ മിക്കവര്‍ക്കും ദേവദാസിനെ അറിയില്ലായിരുന്നുവെന്നും അതുകൊണ്ടാണ് അത്തരം ഒരു പ്രവര്‍ത്തി ചെയ്യേണ്ടിവന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കി.
Story Highlights : G Sudhakaran Admits Vote Tampering
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here