Advertisement

ചൈനയും, പുതിയ മാര്‍പാപ്പയും

9 hours ago
12 minutes Read
WhatsApp Image 2025-05-16 at 2.00.54 PM

പുതിയ മാര്‍പാപ്പയായി സ്ഥാനാരോഹണം ചെയ്ത റോബര്‍ട്ട് പ്രെവോസ്റ്റിന്റെ (ലിയോ XIV) തിരഞ്ഞെടുപ്പിന് മതപരമായ പ്രാധാന്യം മാത്രമല്ല ഉള്ളത്. അമേരിക്കയും, ചൈനയും ആഗോള മേധാവിത്വത്തിനായി മത്സരിക്കുന്ന വേളയില്‍, അതിനു ഒരു ജിയോപൊളിറ്റിക്കല്‍ പ്രാധാന്യം കൂടിയുണ്ട്.

മൂന്നു വശങ്ങളാണ് ഇതില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത് – ചൈനയും വത്തിക്കാനും തമ്മിലുള്ള ബന്ധം, വികസ്വരലോകം അഥവാ ഗ്ലോബല്‍ സൗത്ത് (Global South) എന്ന മാനം, കൂടാതെ പുതിയ മാര്‍പ്പാപ്പയുടെ പശ്ചാത്തലവും, അദ്ദേഹത്തിന്റെ കാര്യപരിപാടിയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെമേല്‍ ചെലുത്തിയേക്കാവുന്ന രാഷ്ട്രീയ വെല്ലുവിളിയും.

ഉഭയകക്ഷി ബന്ധം

പരസ്പര നയതന്ത്ര ബന്ധങ്ങളൊന്നുമില്ലെങ്കിലും വത്തിക്കാന്‍ തായ്വാനെ അംഗീകരിക്കുന്നു. ചൈനയുടെ കമ്മ്യൂണിസ്റ്റ് ഭരണകൂടവുമായി ഒരു പ്രവൃത്തി ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ വത്തിക്കാന്‍ എന്നും നടത്തിയിട്ടുണ്ട്. ചൈനയിലെ കത്തോലിക്കരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സഹായകരമായേക്കാമെന്ന വിശ്വാസമാണ് ഈ ശ്രമങ്ങള്‍ക്കു പിന്നില്‍.

അടിച്ചമര്‍ത്തുന്ന മറ്റു സ്വേച്ഛാധിപഥ്യ രാഷ്ട്രങ്ങളില്‍, തങ്ങളുടെ വിശ്വാസികളെ സംരക്ഷിക്കുന്ന അതേ മാതൃകയാണ്, ചൈനയുടെ കാര്യത്തിലും വത്തിക്കാന്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ വത്തിക്കാന്റെ സംവേദനകളോടും, ചൈനയിലെ കത്തോലിക്കരുടെ ക്ഷേമത്തിനും പുല്ലുവിലയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം കല്‍പിച്ചിരിക്കുന്നത്.

Read Also: കെപിസിസി പുനഃസംഘടനയില്‍ അഭിപ്രായഭിന്നത പുകയുന്നു

ചൈന കത്തോലിക് ദേശഭക്തര്‍‘ (China Catholic Patriotic Association) എന്ന സംഘടനയിലൂടെ ബിഷപ്പുമാരെ നിയമിച്ചു കൊണ്ടാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സി.പി.സി), രാജ്യത്തെ കത്തോലിക്കാ സഭയെ തങ്ങളുടെ പൂര്‍ണ്ണ വരുതിയിലാക്കിയത്. ബിഷപ്പുമാരെ നിയോഗിക്കാനായി 2018-ല്‍ ലിയോ XIV-മന്റെ മുന്‍ഗാമി, ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചൈനയുമായി ഒരു പ്രബല കരാറിന്മേല്‍ ധാരണയിലെത്തിയെങ്കിലും, കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മൂന്നാം തവണ ഈ കരാര്‍ പുതുക്കപ്പെട്ടു. ഫലത്തില്‍ ചൈനയുടെ നിയമനങ്ങള്‍ക്ക് വെറുമൊരു റബ്ബര്‍ സ്റ്റാമ്പായി വത്തിക്കാന്‍ മാറി. ഫ്രാന്‍സിസ് പാപ്പയുടെ മരണത്തിനു ഒരാഴ്ച്ചക്ക് ശേഷം, പുതിയ പാപ്പയുടെ തെരെഞ്ഞെടുപ്പിനു മുന്‍പായി, രണ്ടു പുതിയ ബിഷപ്പുമാരെ നിയമിച്ചതായി ചൈന അറിയിച്ചിരുന്നു. ഇതിനൊപ്പം തന്നെ, രഹസ്യമായ തിരുസഭയുടെ (underground Church) വിശ്വാസികളെ അറസ്റ്റു ചെയ്തും, വേട്ടയാടിയും, ക്രൈസ്തവ മതത്തിന് അടിമുടി ചൈനീസ് രൂപം നല്‍കാനുള്ള നടപടികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണകൂടം ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്നുണ്ട്.

69 വയസ് തികഞ്ഞ ലിയോക്ക് ദീര്‍ഘമായൊരു ഭരണ കാലമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അങ്ങനെ വരുമ്പോള്‍, തന്റെ മുന്‍ഗാമികളെ അപേക്ഷിച്ച്, ലിയോക്ക് ചൈനയുടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റേറ്റിന്റെ സ്വഭാവത്തെ മെച്ചപ്പെട്ട രീതിയില്‍ മനസിലാക്കേണ്ടതായി വരും. തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ സമാധാനത്തിന് ഊന്നല്‍ നല്‍കുമ്പോള്‍ തന്നെ, സിപിസിയുടെ യാഥാര്‍ഥ്യത്തെ അദ്ദേഹം തിരിച്ചറിയേണ്ടതുണ്ട്. നിരീശ്വരവാദികാളെന്നതിലുപരി, അവര്‍ നിലകൊള്ളുന്നത് പൊതുവെ മതത്തിനെതിരായും, ലോകത്തെ തങ്ങളുടെ സ്വാര്‍ത്ഥ താത്പര്യങ്ങളിലൂടെ മാത്രം നോക്കിക്കാണുന്നവരായുമാണ്.

വികസ്വര ലോകം അഥവാ ഗ്ലോബല്‍ സൗത്ത് (Global South)

അടുത്ത കാലത്തായി, വികസ്വര ലോകത്തിന്റെ (Global South) നേതൃത്വമേറ്റെടുക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് ആക്കം കൂടിയിട്ടുണ്ട്. ലിയോയുടെ നിയമനം, അര്‍ജന്റീനകാരനായ ഫ്രാന്‍സിസ് പാപ്പയുടെ സ്ഥാനത്തേക്കാള്‍ ചൈനയുടെ ശ്രമങ്ങള്‍ക്ക് വെല്ലുവിളിയാണ്.

ലിയോയെ തിരഞ്ഞെടുത്ത കോളജ് ഓഫ് കാര്‍ഡിനല്‍സ് (College of Cardinals), കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ തന്നെ ഭൂമിശാസ്ത്രപരമായും, വംശീയമായും, ഏറ്റവും വൈവിധ്യമേറിയതായിരുന്നു. ഇത്ര വൈവിധ്യമേറിയ ഒരു സംഘടന ഒരു അമേരിക്കക്കാരനെ, അതും കഴിഞ്ഞ തന്റെ രണ്ടു മുന്‍ഗാമികള്‍ക്ക് സമാനമായി മാര്‍പാപ്പയായി തെരെഞ്ഞെടുത്തെന്ന വസ്തുത തെളിയിക്കുന്നത് ലിയോക്കുള്ള വിപുലമായ പിന്തുണയാണ്. മാര്‍പ്പാപ്പയായി അദ്ദേഹത്തിന്റെ തെരെഞ്ഞെടുപ്പ് അപ്രതീക്ഷിതമാണെങ്കില്‍ തന്നെയും, എക്കണോമിസ്റ്റ് മാഗസിന്റെ പേപ്പല്‍ ട്രാക്കറില്‍, ലിയോയുടെ ജയ സാധ്യത വെറും രണ്ടു ശതമാനം മാത്രമായിരുന്നു (ചൈനയുടെ പരമാധികാരം നിലനില്‍ക്കുന്ന ഹോങ്കോങ്ങില്‍ നിന്നുള്ള കര്‍ദിനാള്‍ സ്റ്റീഫന്‍ ചൗ സൗ-യാന്‍ – Stephen Chow Sau-yan – കോണ്‍ക്ലേവില്‍ പങ്കെടുത്തിരുന്നു). ലിയോയുടെ അമേരിക്കന്‍ വേരുകള്‍ക്കപ്പുറം, വര്‍ഷങ്ങളോളം അദ്ദേഹം പെറുവില്‍ നടത്തിയ മിഷനറി പ്രവര്‍ത്തനങ്ങളെ (ഒരു ഘട്ടത്തില്‍ അവിടുത്തെ പൗരത്വം വരെ ലഭിക്കുകയുണ്ടായി) കര്‍ദിനാള്‍മാര്‍ക്ക് ഗൗരവത്തിലെടുക്കാനായി. അങ്ങനെ അക്ഷരംപ്രതി, അദ്ദേഹം ലോകത്തിലെ വന്‍ശക്തിയുടെ പൗരനാകുമ്പോള്‍ തന്നെ വികസ്വര ലോകത്തിന്റെയും ഒരംഗമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും, ചൈന കാര്യങ്ങളെ അങ്ങനെയല്ല നോക്കികാണുന്നത്.

മ്യാന്മര്‍, ഫിലിപ്പൈന്‍സ്, കോംഗോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കര്‍ദിനാള്‍മാരും മത്സര രംഗത്ത് ഉണ്ടായിരുന്നിട്ടും ഒരു അമേരിക്കക്കാരന്‍ അമരത്തു വന്നു എന്ന വസ്തുത ചൈനീസ് കാഴ്ചപ്പാടിന്റെ ന്യായീകരണം കൂടിയാണ്. അതായത്, ലോകം പല പാളയങ്ങളിലായി ഭിന്നിച്ചിരിക്കുകയാണെന്നും, ഇതില്‍ കത്തോലിക്കാസഭ പാശ്ചാത്യ ലോകത്തിന്റെ എതിര്‍പ്പിന്റെ ഒരു ഉപകരണമാണെന്നും.

‘നമുക്ക് ഒരു മിഷനറി സഭയാകാം, ബന്ധങ്ങള്‍ വാര്‍ത്തെടുക്കുന്ന ഒരു സഭയാകാം, എല്ലാവരെയും ഇപ്പോഴും സ്വീകരിക്കുന്ന ഒരു സഭ’ (‘We can be a missionary church, a church that builds bridges, that is always open to receive everyone’) എന്ന തന്റെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കാനാണ് ലിയോയുടെ ശ്രമമെങ്കില്‍ അത് ചൈനക്കൊരു പ്രശ്‌നമാകും. സി.പി.സി ഭരണകൂടവും തങ്ങളുടെ വിശ്വാസത്തെയും, ആശയങ്ങളെയും മറ്റ് പ്രതിച്ഛായയെയും ലോകത്ത്, പ്രത്യേകിച്ച് വികസ്വര ലോകത്ത് പ്രചരിപ്പിക്കുന്നതില്‍ ഒട്ടും പിന്നില്‍ നില്‍ക്കുന്നവരല്ല. സി.പി.സിയുടെ രാഷ്ട്രീയ വകുപ്പുകളും ബന്ധങ്ങള്‍ പണിയുന്നതില്‍ ഏര്‍പ്പെടുന്നവരാണ്. പരോപകാരവും, സംവാദവും, സ്‌നേഹവുമല്ല (‘ charity, dialogue and love’) മറിച്ച്, തങ്ങളുടെ ഭരണം നിലനിര്‍ത്തല്‍. ഫ്രാന്‍സിസ് പാപ്പയെ അപേക്ഷിച്ച്, ലിയോ പ്രായോഗികതയും, ജാഗ്രതയുമാണ് തന്റെ ആയുധമാക്കുന്നതെങ്കില്‍, ചൈനയുടെ അത്യധിക യാഥാര്‍ഥ്യവാദികള്‍ക്ക് (ultra realists) അദ്ദേഹത്തെ നേരിടാന്‍ നന്നേ ബുദ്ധിമുട്ടേണ്ടി വരും.

മാര്‍പാപ്പയുടെ അമേരിക്കന്‍ വംശത്തെ എടുത്തുകാട്ടാനും മറുവശത്ത്, ഡോണള്‍ഡ് ട്രംപ് ഭരണകൂടം കുടിയേറ്റം, കാലാവസ്ഥ വ്യതിയാനം എന്നീ വിഷയങ്ങളില്‍ സ്വീകരിച്ച നയങ്ങള്‍ക്ക് വിരുദ്ധമായി ലിയോ മാര്‍പാപ്പ കൈക്കൊണ്ട നിലപാടുകളെ എടുത്തു പറയാനും ചൈന ശ്രമിക്കും. ഈ പ്രവൃത്തിയില്‍ അവര്‍ ഒരു വിരോധാഭാസവും പ്രകടമാക്കില്ല താനും. ഇത്തരത്തില്‍ ധാര്‍മിക പതനത്തിന്റെയും (moral decline), പാശ്ചാത്യ രാജ്യങ്ങളുടെ ആഗോള നേതൃത്വത്തിന്റെ വീഴ്ചയുടെയും ചിത്രം വരച്ചിടുന്നതിനൊപ്പം, നിവാരണത്തിനുള്ള മരുന്നും മന്ത്രവും കത്തോലിക്കാ സഭയുടെ പക്കലല്ല മറിച്ചു തങ്ങളുടെ കൈകളിലാണെന്ന് ചൈന അടിവരയിടും.

അരക്ഷിതത്വം നിറഞ്ഞതും, അന്തര്‍മുഖിയായ ലോക കാഴ്ചപ്പാടുമാണ് തങ്ങളല്ലാതെ മറ്റാര്‍ക്കും. മാര്‍പാപ്പയുള്‍പ്പടെ, തങ്ങളുടെ ജന്മബന്ധങ്ങള്‍ക്കു മേലെ ഉയരാനും, മറ്റുള്ളവര്‍ക്ക് കാരുണ്യവും, സഹയാവും, അറിവും (compassion, help and understanding) നല്‍കാന്‍ പ്രാപതരല്ലെന്ന അഹന്തയുമാണ് ചൈന കൈക്കൊള്ളുന്നത്.

രാഷ്ട്രീയ വെല്ലുവിളി

ഒരു പക്ഷെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നേരെ ലിയോ ഉയര്‍ത്തുന്ന ഏറ്റവും വലിയ വെല്ലുവിളി, തന്റെ കഴിഞ്ഞ കാലത്തെ സേവനങ്ങളില്‍ നിന്നും, അഗസ്റ്റീനിയന്‍ ക്രമത്തിലെ ഒരംഗമെന്ന സ്വത്വത്തില്‍ നിന്നും രാകിമിനുക്കി, തന്റെ പുതിയ വേഷത്തിന്റെ ഭാഗമായ ഒരു സവിശേഷ കാര്യപരിപാടിയായിരിക്കാം. കര്‍ദിനാളായിരിക്കെ, 2023-ല്‍ നടത്തിയ ഒരു അഭിമുഖത്തില്‍, അദ്ദേഹം പറഞ്ഞു: ‘ഇന്ന് അര്‍ഥമില്ലാത്ത അധികാരത്തിന്റെ ഒരു ആശയത്തിന് പിന്നില്‍ നമ്മള്‍ ഒളിക്കരുത്’ (‘we must not hide behind an idea of authority that no longer makes sense today’). ജനങ്ങളുമായി സഭാതലവന്മാര്‍ കൂടുതല്‍ അടുക്കണമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. എന്നാല്‍, ചൈനയിലെ സി.പി.സി നേതൃത്വത്തിന്റെ പോരായ്മകളുടെ പ്രതിഫലനം കൂടിയുണ്ടെന്ന് ഈ വാക്കുകളിലൂടെ നിര്‍വചിക്കാം.

ജനറല്‍ സെക്രട്ടറി ഷീ ജിന്‍പിങ്ങിന്റെ നേതൃത്വത്തിന് കീഴില്‍, പാര്‍ട്ടി-സ്റ്റേറ്റ് ചൈനീസ് സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പിടിമുറുക്കുമ്പോള്‍ തന്നെ, തങ്ങളുടെ ഭരണത്തിനെതിരെ വെല്ലുവിളികളും, ചെറുത്തുനില്‍പ്പുകളും അവര്‍ അഭിമുഖീകരിക്കുന്നുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, അവിടത്തെ പൗരന്മാരുടെ കുറെയേറെ പെരുമാറ്റരീതികള്‍, സീറോ-കോവിഡ് പ്രതിഷേധം, അതിമത്സര തൊഴില്‍ സംസ്‌കാരത്തിനെതിരായുള്ള യുവാക്കളുടെ പ്രക്ഷോഭം, സമ്പദ്ഘടനയില്‍ ഉപഭോക്താക്കളുടെ ഉലയുന്ന വിശ്വാസം എന്നിവയെല്ലാം സൂചിപ്പിക്കുന്നത് ‘ഇന്ന് അര്‍ഥമില്ലാത്ത അധികാരത്തിന്റെ ഒരു ആശയമാണ്’.

പുതിയ മാര്‍പാപ്പ സ്വീകരിച്ച ലിയോ എന്ന പേരിനും, പ്രാധാന്യമുണ്ട്. ഇതിനു മുന്‍പ് ലിയോ എന്ന പേര് സ്വീകരിച്ച മാര്‍പാപ്പ 1891-ല്‍ പ്രസിദ്ധീകരിച്ച,‘റിറം നൊവാറം’ (Rerum Novarum) എന്ന തൊഴിലാളി അനുകൂല വിജ്ഞാനകോശത്തിന്റെ രചയിതാവാണ്. ആ കാലഘട്ടത്തിലെ ‘വിപ്ലവകരമായ മാറ്റത്തിന്റെ ചേതന’ (‘spirit of revolutionary change’) എന്ന് പറഞ്ഞു തുടങ്ങുന്ന ലിയോ തകകകമന്റെ ‘മൂലധനവും തൊഴിലാളിവര്‍ഗ്ഗവും’ (”On Capital and Labour”) എന്നയീ രചന (ഈ ശൈലി പിന്നീട് കുറച്ചു പതിറ്റാണ്ടുകള്‍ക്കിപ്പുറം മാവോ സേതുങ്ങും തന്റെ പ്രബന്ധങ്ങളിലും എഴുത്തുകളിലും അനുവര്‍ത്തിച്ചു) തൊഴിലാളി വര്‍ഗത്തിന്റെ അവസ്ഥയും’ (‘condition of working classes’), കൂടാതെ ഉചിത വേതനം, ന്യായമായ തൊഴില്‍ സാഹചര്യങ്ങള്‍, സംഘടനകള്‍ രൂപീകരിക്കാനുള്ള തൊഴിലാളികളുടെ അവകാശം എന്നീ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നു. ഇതെല്ലാം ഇന്ന് ചൈനയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളാണ്. സാമ്പത്തിക പ്രതിസന്ധി വെറും ഉപഭോക്താക്കളുടെ വിശ്വാസക്കുറവ് മാത്രമല്ല, രാജ്യത്തെ തൊഴിലാളി വര്‍ഗ്ഗം നേരിടുന്ന പ്രതിസന്ധികൂടിയാണ്.

അന്താരാഷ്ട്ര വ്യവസ്ഥിതിയില്‍ വത്തിക്കാന്‍ തീരെ ചെറിയതും, നിസാരമായൊരു അംഗമാണെങ്കിലും, ലോകമെമ്പാടും കത്തോലിക്കസഭ വിശ്വാസികള്‍ ഇന്ന് ഏതാണ്ട് 140 കോടിയോളം വരും, ഏതാണ്ട് ചൈനയുടെ ജനസംഖ്യയുടെ അത്ര തന്നെ. ഇത് വെറുമൊരു സ്ഥിതിവിവരകണക്കായിരിക്കാം. പക്ഷെ, ബന്ധു – ശത്രു ഭേദമന്യേ അഭംഗമായി തങ്ങളുടെ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്ന ചൈനീസ് പാര്‍ട്ടി-സ്റ്റേറ്റിന് അത് പ്രധാനമാണ്. രാഷ്ട്രീയ കൗശലവും, നിതാന്തജാഗ്രതയും പുലര്‍ത്തുന്ന സി.പി.സി, ലിയോ മാര്‍പാപ്പയുടെ കാര്യപരിപാടിയും, പ്രസ്താവനകളും ചൈനക്കകത്ത് തങ്ങളുടെ സാധുതയുടെ മേലും, വിദേശത്തു തങ്ങളുടെ താത്പര്യങ്ങളുടെ മേലും, ഏല്‍പ്പിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് നന്നേ ബോധവാന്മാരായിരിക്കും.

ജെബിന്‍ ടി. ജേക്കബ്
അസ്സോസിയേറ്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ടമെന്റ് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് ഗവെര്‍ണന്‍സ് സ്റ്റഡീസ്, & ഡയറക്ടര്‍, സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഹിമാലയന്‍ സ്റ്റഡീസ്, ശിവ് നാടാര്‍ സര്‍വ്വകലാശാല, ഡല്‍ഹി എന്‍സിആര്‍

ആനന്ദ് പി. കൃഷ്ണന്‍
ഫെല്ലോ, സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഹിമാലയന്‍ സ്റ്റഡീസ്, ശിവ് നാടാര്‍ സര്‍വ്വകലാശാല, ഡല്‍ഹി എന്‍സിആര്‍

Story Highlights : China and the new Pope

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top