Advertisement

‘കെട്ടുറപ്പുള്ള പാര്‍ട്ടി BJP’; കോണ്‍ഗ്രസിനെ വെട്ടിലാക്കി ശശി തരൂരിന് പിന്നാലെ പി ചിദംബരവും

8 hours ago
2 minutes Read

രാജ്യത്ത് ഏറ്റവും കെട്ടുറപ്പുള്ള പാര്‍ട്ടി ബി ജെ പിയാണെന്നുള്ള പി ചിദംബരത്തിന്റെ അഭിപ്രായ പ്രകടനം കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ പി ചിദംബരം കഴിഞ്ഞ ദിവസം ഇന്ത്യാ സഖ്യത്തെക്കുറിച്ചുള്ള പ്രതികരണത്തിലാണ് ബി ജെ പിയെ കെട്ടുറപ്പുള്ള പാര്‍ട്ടിയെന്ന് വിശേഷിപ്പിച്ചത്. ബി ജെ പിയെപ്പോലെ കെട്ടുറപ്പും സംഘടിതവുമായ മറ്റൊരു പാര്‍ട്ടി ഇല്ല, ഇന്ത്യാ സഖ്യം മുന്നോട്ടുപോവുന്നുണ്ടോ എന്ന് എനിക്കറിയില്ല, സഖ്യം ദുര്‍ബലപ്പെട്ടിരിക്കുന്നു എന്നും ശ്രമിച്ചാല്‍ ശക്തിപ്പെടുത്താന്‍ ഇനിയും സമയമുണ്ട് എന്നുമായിരുന്നു ചിദംബരം അഭിപ്രായപ്പെട്ടത്.

മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന പി ചിദംബരം. കഴിഞ്ഞ കുറച്ചുകാലമായി രാഷ്ട്രീയ പ്രസ്താവനകളൊന്നും നടത്താതിരുന്ന ദേശീയ നേതാവുകൂടിയാണ് ചിദംബരം. ചിദംബരത്തിനെതിരെയും മകനെതിരെയും ഇ ഡി കേസെടുത്തതും, ബി ജെ പി കെട്ടുറപ്പുള്ള പാര്‍ട്ടിയാണെന്നുള്ള ചിദംബരത്തിന്റെ അഭിപ്രായം കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ എതിരാളികള്‍ ആയുധമാക്കാനുള്ള സാധ്യതയുണ്ട്. ശശി തരൂര്‍ പലപ്പോഴായി നടത്തിയ മോദി സ്തുതി കോണ്‍ഗ്രസിനെ അക്രമിക്കാനുള്ള ആയുധമായി ബി ജെ പി ഉപയോഗിച്ചുകൊണ്ടിരിക്കവെയാണ് ചിദംബരത്തിന്റെ പുതിയ അഭിപ്രായപ്രകടനം. അഴിമതി കേസില്‍ കാര്‍ത്തി ചിദംബരത്തിനെതിരെ സി ബി ഐ നടപടികള്‍ കടുപ്പിക്കുകയും മൂന്നുകേസുകള്‍ക്ക് പുറമെ നാലാമതൊരു കേസുകൂടി ചാര്‍ജ് ചെയ്തതോടെ ചിദംബരവും കോണ്‍ഗ്രസും കടുത്ത പ്രതിസന്ധിയിലായിരുന്നു.

Read Also: ‘പാകിസ്താനെ നിരീക്ഷിക്കുകയാണ്, പെരുമാറ്റം മെച്ചപ്പെട്ടാൽ നല്ലത്; ഇല്ലെങ്കിൽ കഠിനശിക്ഷ’: രാജ്‌നാഥ് സിംഗ്

സെക്വോയ മദ്യത്തിന് എഫ് ഡി ഐ അനുമതി നല്‍കുന്നതിനും ഡിയാജിയോ മദ്യനിരോധനം നീക്കുന്നതിലും കാര്‍ത്തി ചിദംബരം 87 കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു സിബിഐ കണ്ടെത്തിയിരുന്നത്. നാല് സി ബി ഐ കേസുകള്‍ നിലവില്‍ കാര്‍ത്തി ചദംബരത്തിനെതിരായുണ്ട്. എയര്‍സെല്‍ മാക്‌സിസ് ഇടപാടിലും ഐ എന്‍ എക്‌സ് മീഡിയ കൈക്കൂലി കേസില്‍ പി ചിദംബരവും നളിനി ചിദംബരവും നിലവില്‍ വിചാരണ നേരിടുകയാണ്.

ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ സി ബി ഐ കേസെടുത്തതോടെയാണ് ചിദംബരം മൗനത്തിലായത്. മോദി സ്തുതിയിലൂടെ നിരന്തരമായി കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും തിരുവനന്തപും എം പിയുമായ ശശി തരൂരിനെ മെരുക്കാനുള്ള വഴികള്‍ തേടുന്നതിനിടയിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ പി ചിദംബരം ബി ജെ പിയെ പുകഴ്ത്തിയും ഇന്ത്യാ സഖ്യത്തെ ഇകഴ്ത്തിയും രംഗത്തെത്തിയിരിക്കുന്നത്.

തരൂര്‍ പാര്‍ട്ടി നിലപാടുകള്‍ മാത്രമേ പറയാവൂ എന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ചിദംബരം വിവാദ നിലപാടുമായി രംഗത്തെത്തിയത്. 1971ലെ ഇന്ദിരാഗാന്ധിയുടെയും 2025 ലെ മോദിയുടെ നിലപാടും താരതമ്യം ചെയ്യരുതെന്ന ശശിതരൂരിന്റെ പ്രസ്താവനയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. നിരന്തരം കേന്ദ്രസര്‍ക്കാരിന് അനുകൂലമായ നിലപാട് ആവര്‍ത്തിച്ചുകൊണ്ടിരുന്ന കോണ്‍ഗ്രസ് നേതാവായ ശശി തരൂര്‍ പാര്‍ട്ടിക്ക് സ്ഥിരം തലവേദനയായിരുന്നു.

Story Highlights : Rare Praise For The BJP From P Chidambaram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top