തരൂരിന്റെ തനിവഴിയും കോൺഗ്രസിന്റെ പ്രതിസന്ധിയും

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും തിരുവനന്തപുരം എംപിയുമായ ഡോ. ശശി തരൂർ ഒരിക്കൽക്കൂടി എഐസിസി നേതൃത്വത്തിന് തലവേദനയുണ്ടാക്കിയിരിക്കുകയാണ്. എഐസിസി അധ്യക്ഷ തിരഞ്ഞടുപ്പില്‍ ഹൈക്കമാൻഡ് പിന്തുണയുണ്ടായിരുന്ന മല്ലികാര്‍ജുൻ ഖര്‍ഗെയ്ക്കെതിരെ മത്സരിക്കാൻ എത്തിയത് മുതലാണ് ശശി തരൂര്‍ കോണ്‍ഗ്രസില്‍ വിമത ശബ്ദമാകുന്നത്. കേരളത്തില്‍ ചുരുക്കം ചില നേതാക്കള്‍ ഒഴികെ മറ്റുള്ളവരൊക്കെ തരൂരിന് എതിരായി. എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ ശശി തരൂർ
കേരളത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നാന്‍ തീരുമാനിച്ചു. നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ട് സ്വന്തം നിലയിൽ വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടിയുടെ അനുമതിയില്ലാതെ പരിപാടികളില്‍ പങ്കെടുത്തു. എം കെ രാഘവന്‍ എംപിയെപ്പോലെ ചില നേതാക്കളുടെ പിന്തുണയും അക്കാലത്ത് തരൂരിന് ലഭിച്ചിരുന്നു. ദേശീയതലത്തില്‍ പ്രധാനപ്പെട്ട ചുമതല പ്രതീക്ഷിച്ച തരൂരിനെ എഐസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗമാക്കിയെന്നതൊഴിച്ചാല്‍ പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. ഇതാണ് തരൂരിന്റെ അഭിപ്രായ ഭിന്നതയ്ക്ക് പ്രധാന കാരണം.
സിപിഐഎം ഭരിക്കുന്ന കേരളത്തില്‍ വ്യവയാസ വികസനം മാതൃകാപരമാണെന്നുള്ള തരൂരിന്റെ ഇന്ത്യന്‍ എക്പ്രസിലെ ലേഖനം കോണ്‍ഗ്രസിനെ കടുത്ത പ്രതിരോധത്തിലേക്ക് തള്ളിവിട്ടു. താന്‍ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന തരൂരിന്റെ നിലപാട് കേരളത്തിലെ യുഡിഎഫിനെ കുറച്ചൊന്നുമല്ല കുഴപ്പത്തിലാക്കിയത്. ഒരാഴ്ചക്കാലത്തെ അനിശ്ചിതത്ത്വത്തിന് ശേഷം ഖര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും ശശി തരൂര്‍ കൂടിക്കാഴ്ച നടത്തി. തത്കാലിക ശമനം ഉണ്ടായെങ്കിലും പ്രശ്നം തീർന്നില്ല.
ഓപ്പറേഷന്‍ സിന്ദൂരിന് മുന്‍പുതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിക്കുന്ന പ്രതികരണങ്ങള്‍ തരൂരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.
ഓപ്പറേഷന്‍ സിന്ദൂരില്‍ സര്‍ക്കാരിനെതിരെ അതിശക്തമായ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖര്‍ഗെയും രംഗത്തെത്തി. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായൊരു നിലപാടാണ് തരൂര്‍ ഈ വിഷയത്തില്‍ തുടക്കംതൊട്ടേ സ്വീകരിച്ചത്. താന്‍ കോണ്‍ഗ്രസിന്റെ വക്താവല്ലെന്നും രാജ്യസ്‌നേഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നുമുള്ള തരൂരിന്റെ വാദം കോണ്‍ഗ്രസ് നേതൃത്വത്തിന് ഒട്ടും ദഹിച്ചില്ല.
വിവാദം കത്തിപ്പടരുന്നതിനിടെയാണ് എരിതീയില്‍ എണ്ണയെന്നപോലെ ഭീകരവാദം തുറന്നു കാണിക്കാനുള്ള വിദേശ പര്യടന സര്‍വകക്ഷി സംഘത്തില്‍ ശശി തരൂരിന്റെ പേര് കടന്നുവന്നത്. പാര്‍ട്ടിയുമായി ആലോചിക്കാതെ കേന്ദ്രം വച്ചു നീട്ടിയ ഒരു ചുമതല ഏറ്റെടുത്തതാണ് ഹൈക്കമാൻഡിനെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ ശശി തരൂര്‍ ഉണ്ടായിരുന്നില്ല. എഐസിസി പ്രവര്‍ത്തകസമിതി അംഗമെന്ന നിലയില്‍ പാര്‍ട്ടിയുടെ സമ്മതം വാങ്ങാതെ കേന്ദ്രത്തിന്റെ ഓഫര്‍ സ്വീകരിച്ച തരൂര്‍ തനിക്ക് ലഭിച്ച വലിയ അവസരമാണിതെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
ജോണ്‍ബ്രിട്ടാസ്, ഇ ടി മുഹമ്മദ് ബഷീര്‍, കനിമൊഴി തുടങ്ങിയവരെയും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് വിളിച്ചെങ്കിലും ഇവരെല്ലാം പാര്‍ട്ടിയുമായി ആലോചിച്ചാണ് തീരുമാനം അറിയിച്ചത്. ആനന്ദ് ശര്‍മ, സയ്യിദ് സാര്‍ ഹുസൈന്‍, ഗൗരവ് ഗൊഗോയി, റാജാ ബ്രാര്‍ എന്നീ പേരുകളാണ് കോണ്‍ഗ്രസ് കേന്ദ്ര മന്ത്രി കിരൺ റിജിജുവിന് കൈമാറിയിരുന്നത്. വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ടീമിനെ നയിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നാണ് തരൂര്‍ തുടര്‍ച്ചയായി പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസിമിതിയില്‍ തുടരുന്ന ശശി തരൂര്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് മറുപക്ഷം. ഇത് ഇന്ത്യാ മുന്നണിയിലും വിവിധ പിസിസികളിലും ചൂടേറിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തനിക്ക് വ്യക്തിത്വമുണ്ടെന്നും അവഹേളിക്കുന്നത് ശരിയല്ലെന്നുമാണ് തരൂരിന്റെ പ്രതികരണം. വിഷയം കൂടുതല്‍ കടുപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്തിന് താല്പര്യമില്ല. അതിനാല്‍ തരൂരിന് പാര്‍ട്ടി അനുമതി നല്കിയിരിക്കുകയാണ്. തരൂരിനെ കൊള്ളാനും തള്ളാനും പറ്റാത്തൊരു ദശാ സന്ധിയിലാണ് കോണ്‍ഗ്രസ് അകപ്പെട്ടിരിക്കുന്നത് എന്ന് വ്യക്തം.
Story Highlights : shashi tharoor stirs fresh controversy in congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here