‘അവരുടെ ലക്ഷ്യം ഇന്ത്യയിലെ മതമൈത്രി തകര്‍ക്കുകയായിരുന്നു, കശ്മീരിലെ ടൂറിസം നശിപ്പിക്കുകയായിരുന്നു’; ജര്‍മന്‍ കൗണ്‍സിലിനെ അഭിസംബോധന ചെയ്തുകൊണ്ട് എസ് ജയശങ്കര്‍

പഹല്‍ഗാം ഭീകരാക്രമണത്തെ ജര്‍മന്‍ കൗണ്‍സിലില്‍ ശക്തമായി അപലപിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. കശ്മീരിലെ ടൂറിസം രംഗത്തെ തകര്‍ക്കാനും ഇന്ത്യയിലെ മതമൈത്രി തകര്‍ക്കാനും ജനങ്ങളില്‍ ഭീതി നിറയ്ക്കാനും ലക്ഷ്യം വച്ചാണ് ഭീകരവാദികള്‍ ആക്രമണം നടത്തിയതെന്ന് ജയശങ്കര്‍ പറഞ്ഞു. നെതര്‍ലന്‍ഡ്‌സ്, ഡെന്‍മാര്‍ക്, ജര്‍മനി ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ജര്‍മനിയിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭീകരവാദത്തിനെതിരെ സന്ധിയില്ലാ പോരാട്ടമാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നതെന്നും അതിന്റെ ഭാഗമായാണ് ഓപ്പറേഷന്‍ സിന്ദൂറെന്ന പേരില്‍ പാകിസ്താനിലെ 9 ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ( Pahalgam terror attack meant to harm Kashmir tourism, says Jaishankar)
ഭീകരവാദത്തോട് ഇന്ത്യ ഈ രീതിയില്‍ ശക്തമായി പ്രതികരിക്കുമ്പോള്‍ അത് അന്താരാഷ്ട്ര തലത്തില്‍ ശരിയായി മനസിലാക്കപ്പെടണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് എസ് ജയശങ്കര്‍ പറഞ്ഞു. മറ്റ് രാജ്യങ്ങള്‍ ഇന്ത്യയുടെ തിരിച്ചടിയോട് പോസിറ്റീവായാണ് പ്രതികരിച്ചതെന്നും ഭീകരാക്രമണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അമേരിക്ക ഉള്‍പ്പെടെ പ്രതികരിച്ചെന്നും മന്ത്രി പറഞ്ഞു. മെയ് ഏഴിന് പഹല്‍ഗാം ആക്രമണത്തില്‍ നീതി നടപ്പാക്കുകയാണ് ഇന്ത്യ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യം വച്ച് മാത്രമാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും മന്ത്രി എസ് ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
Read Also: കൊച്ചിയിൽ ഡി ജെ പാർട്ടിക്കിടെ ഗുണ്ടാ സംഘത്തിന്റെ അക്രമം
അതേസമയം ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യാന്തര തലത്തില്‍ വിശദീകരിക്കുന്നതിനായി ഡോക്ടര്‍ ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക് പുറപ്പെട്ടു. 9 പേര്‍ അടങ്ങുന്നതാണ് സംഘം. യുഎസ്, ബ്രസീല്‍, ഗയാന, കൊളംബിയ ഉള്‍പ്പെടെ സംഘം സന്ദര്‍ശിക്കും. വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെടുന്ന നാലാം സംഘത്തിനാണ് ശശി തരൂര്‍ നേതൃത്വം നല്‍കുന്നത്.
ഭീകരവാദികള്‍ ഇന്ത്യയില്‍ കടന്നെത്തി ഇന്ത്യന്‍ പൗരന്മാരെ ഏറ്റവും ക്രൂരമായി കൊലപ്പെടുത്തിയ സാഹചര്യം വ്യക്തതയോടെ വിശദീകരിക്കാനാണ് പോകുന്നതെന്ന് ശശി തരൂര്‍ പറഞ്ഞു. ഭീകരവാദം കൊണ്ട് നമ്മുടെ രാജ്യത്തെ നിശബ്ദമാക്കാന്‍ സാധിക്കില്ലെന്നും ലോകത്തെ അത് ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സമാധാനത്തിന്റേയും പ്രതീക്ഷയുടേയും ദൗത്യമാണ്. സമാധാനം, ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങി ലോകത്ത് നിലനില്‍ക്കേണ്ടതായ മൂല്യങ്ങളുടെ സംരക്ഷണത്തിനാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് ലോകത്തെ ബോധ്യപ്പെടുത്തുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
Story Highlights : Pahalgam terror attack meant to harm Kashmir tourism, says Jaishankar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here