നിലമ്പൂരില്‍ അന്‍വറിസം ക്ലച്ച് പിടിക്കുമോ? തുടര്‍നീക്കങ്ങള്‍ എന്ത് ?

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക് വഴിമാറിയതോടെ രാഷ്ട്രീയ കേരളം ഉണര്‍ന്നു. എന്നാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ഏതാനും മണിക്കൂറുകള്‍ ശേഷിക്കെ പി വി അന്‍വര്‍ ഉയര്‍ത്തിയ വിവാദം വിജയ പ്രതീക്ഷകളുമായി മുന്നേറിയ യുഡിഎഫിനെ കടുത്ത പ്രതിരോധത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് ഒരുമാസം മുന്‍പ് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരുന്നു. ഇന്നലെയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ അറിയിപ്പ് വന്നത്. ഇതോടെ സ്ഥാനാര്‍ഥി ആരാവണമെന്ന കാര്യത്തില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടത്തി. കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും യുഡിഎഫ് കണ്‍വീനറും ഒറ്റ പേരില്‍ എത്തിച്ചേര്‍ന്നതോടെ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി അംഗീകരിക്കുകയായിരുന്നു. അതിവേഗം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നിതിനിടെയാണ് ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ നിലമ്പൂര്‍ എംഎല്‍എയുമായ പിവി അന്‍വര്‍ കരണം മറിയുന്നതും, ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നിലപാടുമായി രംഗത്തുവരുന്നതും.
നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഏത് ചെകുത്താന്‍ വന്നാലും ത്രിണമൂല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നും പിണറായിസവും മരുമോനിസവും അവസാനിപ്പിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്നുമായിരുന്നു അന്‍വര്‍ പറഞ്ഞത്. സിപിഐഎം ഭരണം അവസാനിപ്പിക്കുന്നതിന്റെ ആദ്യത്തെ പടിയായിരിക്കും നിലമ്പൂരിലെ വോട്ടര്‍മാര്‍ അവര്‍ക്ക് നല്‍കുന്ന തിരിച്ചടിയെന്നും അന്‍വര്‍ വാദിച്ചു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പരാജയത്തിനായി സജീവമായി മണ്ഡലത്തിലുണ്ടാകുമെന്ന പരസ്യ പ്രസ്താവന നടത്തിയ പി വി അന്‍വര്‍ ഒറ്റദിവസംകൊണ്ട് തകിടം മറിഞ്ഞത് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത ആശങ്കയാണ് ഉണ്ടാക്കിയത്.
Read Also: നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്; ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
യുഡിഎഫിന്റെ വിജയം പിവി അന്‍വറിനുകൂടി അനിവാര്യമാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുമെന്ന് പ്രഖ്യാപിച്ച അന്‍വര്‍ പെട്ടെന്ന് തീരുമാനം അട്ടിമറിച്ചത് ആര്‍ക്കുവേണ്ടിയാണെന്നാണ് ഉയരുന്ന ചോദ്യം. അന്‍വര്‍ ഡിസിസി അധ്യക്ഷന്‍ വിഎസ് ജോയിക്കുവേണ്ടി അവസാന മണിക്കൂറില്‍ നടത്തിയ ചരടുവലികള്‍ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. നിലമ്പൂരില്‍ ഉന്നത വിജയം കാഴ്ചവെക്കാന്‍ അന്‍വറിന്റെ പിന്തുണ അനിവാര്യമാണ് എന്ന ബോധ്യം യുഡിഎഫ് നേതൃത്വത്തിനുണ്ട്. എന്നാല്‍ മുസ്ലിം ലീഗ് അടക്കം ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി അംഗീകരിച്ച സാഹചര്യത്തില്‍ അന്‍വറിന്റെ സമ്മര്‍ദത്തെ അംഗീകരിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല. അത്തരം സമ്മര്‍ദങ്ങളെ അംഗീകരിച്ചാല്‍ അത് ഭാവിയില്‍ വന്‍തിരിച്ചടിയുണ്ടാക്കുമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ നിലപാട് സ്വീകരിക്കുകയായിരുന്നു.
പാര്‍ട്ടിയിലെ പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും തര്‍ക്കങ്ങളും പരിഹരിക്കുന്നതിനിടയില്‍ നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് ഇടവേള നല്‍കിയിരുന്നു. ഇതിനിടയില്‍ പൊടുന്നനെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതാണ് കോണ്‍ഗ്രസ് ക്യാമ്പില്‍ അങ്കലാപ്പിന് കാരണം. പി വി അന്‍വറുമായി നേരത്തെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി സ്ഥാനാര്‍ഥിയെ സംബന്ധിച്ചുള്ള വ്യക്തത വരുത്തിയിരുന്നതായാണ് പറയപ്പെട്ടിരുന്നത്. എന്നാല്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്ന നിലപാടിലേക്ക് അന്‍വര്‍ വീണ്ടുമെത്തിയതിന് പിന്നില്‍ ചില ചരടുവലികള്‍ നടന്നതായാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.
കഴിഞ്ഞ തവണ 2700ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്‍വര്‍ വിജയിച്ചത്. നിലവില്‍ അന്‍വറിന് നിലമ്പൂരില്‍ പറയത്തക്ക ജനപിന്തുണയില്ലെന്നും അന്‍വറിന്റെ പിന്തുണ ഇല്ലെങ്കിലും ജയിക്കാവുന്ന രാഷ്ട്രീയ സാഹചര്യമാണുള്ളതെന്നുമാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. കെപിസിസി ഭാരവാഹികളും മുതിര്‍ന്ന നേതാക്കളും നിലമ്പൂരിലെത്തിയതോടെയാണ് പിവി അന്‍വറിനെ പൂര്‍ണമായും അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ തീരുമാനം കൈക്കൊണ്ടത്.
കെപിസിസി അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷം സണ്ണി ജോസഫ് നേരിടുന്ന ആദ്യ രാഷ്ട്രീയ പ്രതിസന്ധിയായിരുന്നു നിലമ്പൂരിലേത്. പുതിയ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും തിരഞ്ഞെടുപ്പിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കാന്‍ ഇന്ന് നിലമ്പൂരില്‍ എത്തിയതോടെയാണ് കാര്‍മേഘങ്ങള്‍ ഒഴിഞ്ഞത്.
ഡിസിസി അധ്യക്ഷനായ വിഎസ് ജോയിയെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം ഒഴിയുന്ന ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആദ്യമായി ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ അന്‍വര്‍ പ്രഖ്യാപിക്കേണ്ടതില്ലെന്ന് അന്നുതന്നെ ഒരു വിഭാഗം നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് യുഡിഎഫിന്റെ ഭാഗമാകാനുള്ള അന്‍വറിന്റെ നീക്കത്തിന് മുന്നേയായിരുന്നു ഈ പ്രഖ്യാപനം. യുഡിഎഫ് നേതൃത്വം അന്ന് പിവി അന്‍വറുമായി ചര്‍ച്ചകള്‍ നടത്തിയതല്ലാതെ പരസ്പരം സഹകരിക്കുന്നതിന് ധാരണയുണ്ടാക്കിയിരുന്നില്ല. നിരവധി ചര്‍ച്ചകള്‍ക്കൊടുവിലാണ് അന്‍വറിനെ യുഡിഎഫുമായി സഹകരിപ്പിക്കാനുള്ള തീരുമാനം കൈക്കൊള്ളുന്നത്. അപ്പോഴും മുന്നണി പ്രവേശനത്തില്‍ അന്തിമമായ തീരുമാനം കൈക്കൊണ്ടിരുന്നില്ല. ഇതോടെ നിലമ്പൂരില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് പിവി അന്‍വര്‍ അഭിപ്രായം പറയില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ കരുതിയിരുന്നത്. എന്നാല്‍ അവസാന ലാപ്പില്‍ അന്‍വര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത് യുഡിഎഫിനെ വെട്ടിലാക്കി.
ഡിസിസി അധ്യക്ഷന്‍ വിഎസ് ജോയുടെ പേര് അന്‍വര്‍ ഉയര്‍ത്തുന്നതിന് പിന്നില്‍ ചില സാമുദായിക സമവാക്യങ്ങള്‍കൂടി ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്. യുഡിഎഫിനെ വെട്ടിലാക്കിയതും ഇതായിരുന്നു. ക്രിസ്ത്യന്‍ വിഭാഗത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലെന്നായിരുന്നു അന്‍വറിന്റെ ന്യായവാദം.
2016ല്‍ നടത്ത തിരഞ്ഞെടുപ്പില്‍ ആര്യാടന്‍ മുഹമ്മദ് മാറി ആര്യാടന് ഷൗക്കത്ത് മത്സരിക്കാനെത്തിയതോടെയാണ് നിലമ്പൂരിലെ 30 വര്‍ഷത്തെ കോണ്‍ഗ്രസ് കുത്തക അവസാനിച്ചത്. പിവി അന്‍വര്‍ ആര്യാടന്റെ പ്രഖ്യാപിത രാഷ്ട്രീയ എതിരാളിയാണ്. എല്‍ഡിഎഫിനോട് വിടപറഞ്ഞപ്പോഴും അന്‍വര്‍ ആര്യാടനോടുള്ള രാഷ്ട്രീയ വിയോജിപ്പിന് ഒരു മാറ്റവും വരുത്തിയിട്ടില്ല. ഇത് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കൃത്യമായി ഉപയോഗിക്കുകയാണെന്നാണ് ആരോപണം.
അന്‍വര്‍ നിലമ്പൂരില്‍ നിന്നും എല്ലാകാലത്തേക്കും മാറി നില്‍ക്കമെന്ന് ലക്ഷ്യമിടുന്നില്ല. ഒരു ടേം കഴിഞ്ഞ് നിലമ്പൂരില്‍ മത്സരിക്കുന്നതിനുള്ള അവസരമാണ് അദ്ദേഹം തേടുന്നത്. ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ മത്സരിച്ച് ജയിച്ചാല്‍ വീണ്ടും മണ്ഡലം ആര്യാടന്മാരുടേതാവുമെന്ന ഭയമാണ് അന്‍വറിന്റെ മലക്കം മറിച്ചലിന് പ്രധാന കാരണം. വരാനിരിക്കുന്ന ഡിസിസി പുനഃസംഘടനയില്‍ സ്ഥാനം നഷ്ടമാകുമെന്ന ഭയം വിഎസ് ജോയിക്കുമുണ്ട്. ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പ്രകാരം വി എസ് ജോയി ഡിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുന്നതിനുള്ള ഉറപ്പ് നല്‍കേണ്ടിവരും. പിവി അന്‍വറിന് അടുത്ത ടേമില്‍ യുഡിഎഫ് മലപ്പുറത്ത് ഒരു സിറ്റിംഗ് സീറ്റ് വാഗ്ദാനം ചെയ്യേണ്ടതായും വരും. ഇതെല്ലാമായിരുന്നു അന്‍വര്‍ ലക്ഷ്യമിട്ടിരുന്നത്. ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് വഴിവെക്കുമോ എന്നാണ് സിപിഐഎം നിരീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ വിഎസ് ജോയിയെ സിപിഐഎം പാളയത്തില്‍ എത്തിച്ച് ഒരു പരീക്ഷണത്തിനുള്ള ശ്രമം സിപിഐഎം നടത്തിക്കൂടായ്കയും ഇല്ല.
രണ്ടുതവണ നിലമ്പൂരില്‍ അട്ടിമറി വിജയം നേടിയ പിവി അന്‍വറിെന അവഗണിച്ചുകൊണ്ട് ഉപതിരഞ്ഞെടുപ്പിനെ നേരിടാനുള്ള ധൈര്യം ആദ്യഘട്ടത്തില്‍ യുഡിഎഫിനില്ലായിരുന്നു.
പ്രതിപക്ഷനേതാവ് വിഡി സതീശനും കെപിസിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും വിഷയത്തില്‍ പിവി അന്‍വറിനെ അവഗണിച്ച് മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒറ്റക്കെട്ടായി നീങ്ങുമെന്നും കോണ്‍ഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ വിജയപ്പിക്കുകയെന്നത് ഓരോ യുഡിഎഫ് പ്രവര്‍ത്തകരുടേയും കടമയാണെന്നും വിഡി സതീശനും സണ്ണി ജോസഫും ഡിസിസി അധ്യക്ഷന്‍ വിഎസ് ജോയിയെ അറിയിക്കുകയായിരുന്നു.
വി എസ് ജോയിയുടെ സ്ഥാനാര്‍ഥിത്വത്തിനായി പിവി അന്‍വര്‍ അവസാന മണിക്കൂറില്‍ ഇറങ്ങിയത് സമ്മര്‍ദ തന്ത്രമായാണ് നേതൃത്വം വിലയിരുത്തിയത്. വി എസ് ജോയിയോ മറ്റേതെങ്കിലും നേതാക്കളോ ഈ നീക്കത്തിന് പിന്നിലുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. .നിലമ്പൂര്‍ മണ്ഡലം തിരിച്ചുപിടിക്കാനുള്ള യുഡിഎഫിന്റെ നീക്കങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിന് പകരം അവസാനഘട്ടം മലക്കം മറിഞ്ഞ പിവി അന്‍വറിന്റെ നിലപാടുകള്‍ നിര്‍ണായകമാണ്. സിപി ഐഎമ്മുമായി കലഹിച്ച് മുഖ്യമന്ത്രിക്കും മറ്റുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തി ഇടതുപാളയം ഉപേക്ഷിച്ച് എംഎല്‍എ സ്ഥാനം രാജിവച്ചൊഴിഞ്ഞ അന്‍വര്‍ രാഷ്ട്രീയമായി സിപിഐഎമ്മിന് തിരിച്ചടി കൊടുക്കാനുള്ള അവസരമാണ് നഷ്ടപ്പെടുത്തുന്നതെന്നാണ് ആരോപണം. ഇത് പിവി അന്‍വറിന്റെ രാഷ്ട്രീയഭാവിക്ക് വന്‍ തിരിച്ചടിയാകും.
അതേസമയം, അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായായല്‍ യുഡിഎഫ് എന്ത് നിലപാട് സ്വീകരിക്കുമെന്നും കണ്ടറിയണം. എന്തായാലും പിവി അന്‍വര്‍ ആര്യാടനെതിരെ വീണ്ടും ശക്തമായ നിലപാടുമായി രംഗത്തിറങ്ങിയാല്‍ മത്സരത്തിന്റെ സ്വഭാവം മാറിയേക്കും.
Story Highlights : What is P V Anvar’s next political move in Nilambur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here