Advertisement

‘ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ഖത്തറിനെ ബോധ്യപ്പെടുത്തി’; സുപ്രിയ സുലെ

2 days ago
Google News 2 minutes Read

പഹൽഗാം ഭീകരാക്രമണവും മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട നടപടികളും വിശദീകരിക്കാൻ ഖത്തറിൽ എത്തിയ സർവകക്ഷി സംഘം സന്ദർശനം പൂർത്തിയാക്കി. രണ്ടു ദിവസങ്ങളിലായി തിരക്കിട്ട ചർച്ചകളും, ഉന്നത തല കൂടികാഴ്ചകളും പൂർത്തിയാക്കിയ സംഘം ഇന്ന് ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും.

എൻ.സി.പി നേതാവും പാർലമെന്റ് അംഗവുമായ സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള സംഘം, ഖത്തർ പാർലമെന്റ് സമിതിയായ ശൂറാ കൗൺസിൽ ഡെപ്യൂട്ടി സ്പീക്കർ ഡോ. ഹംദ ബിൻത് ഹസൻ അൽ സുലൈതി,മറ്റ് ശൂറാ കൗൺസിൽ അംഗങ്ങൾ, ഖത്തറിലെ പ്രമുഖ അറബി, ഇംഗ്ലീഷ് മാധ്യമ ഗ്രൂപ്പായ അൽ ഷർഖ്-ദി പെനിൻസുല എഡിറ്റോറിയൽ പ്രതിനിധികൾ, മിഡിൽ ഈസ്റ്റ് കൗൺസിൽ ഫോർ ഗ്ലോബൽ അഫയേഴ്സ് അംഗങ്ങൾ എന്നിവരുമായാണ് ആദ്യദിവസം കൂടിക്കാഴ്ച നടത്തിയത്. ഭീകരവാദ വിരുദ്ധ പോരാട്ടത്തിൽ ഇന്ത്യയുടെ നയവും, ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട നടപടികളും പാകിസ്താൻ ഉയർത്തുന്ന ഭീകരവാദ ഭീഷണികളും സംഘം വിശദീകരിച്ചു.

ഇന്ന് രാവിലെ ഖത്തർ വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽഅസീസ് ബിൻ സാലിഹ് അൽ ഖുലൈഫിയുമായും, ആഭ്യന്തര സഹമന്ത്രി ശൈഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ ബിൻ മുഹമ്മദ് ആൽഥാനിയുമായും നടത്തിയ കൂടികാഴ്ചകൾ ഫലപ്രദമായിരുന്നുവെന്നും, രാജ്യം നേരിടുന്ന അതിർത്തികടന്നുള്ള ഭീകരവാദത്തിന്റെ ദുരന്തഫലങ്ങൾ ബോധ്യപ്പെടുത്തിയെന്നും ഇന്ത്യൻ പ്രതിനിധി സംഘം പിന്നീട് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിരപരാധികളുടെ ജീവനെടുത്ത ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ലോകത്തിനു മുന്നിൽ തുറന്നു കാണിക്കുകയാണ് 33 രാജ്യങ്ങളിലേക്കായി നിയോഗിക്കപ്പെട്ട പ്രതിനിധി സംന്ദർശന ദൗത്യമെന്ന് സംഘത്തെ നയിച്ച സുപ്രിയ സുലെ എം.പി പറഞ്ഞു. ഓരോ കൂടികാഴ്ചകളിലും ഇന്ത്യൻ പ്രതിനിധി സംഘത്തിന് ഊഷ്മളമായ സ്വീകരണമായിരുന്നു ലഭിച്ചതെന്നും, ചർച്ചകൾ ഫലപ്രദമായിരുന്നുവെന്നും അവർ വിശദീകരിച്ചു.

Read Also: ഭീകരവാദത്തെ പ്രതിരോധിക്കുന്നതിൽ ഇന്ത്യക്കും ഖത്തറിനും ഒരേ നിലപാട് ; വി.മുരളീധരൻ

ഇതാദ്യമായല്ല അതിർത്തികടന്നുള്ള ഭീകരാക്രമണത്തിന് ഇന്ത്യ ഇരയാകുന്നതെന്ന് മാധ്യമ പ്രതിനിധികളുമായുള്ള കൂടികാഴ്ചയിൽ ചോദ്യത്തിനുള്ള മറുപടിയായി മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ ആനന്ദ് ശർമ പറഞ്ഞു. പാർലമെന്റ് ആക്രമണവും, 2008ൽ മുംബൈ ഭീകരാക്രമണവും, ഉറിയിലേതുൾപ്പെടെ നിരവധി ആക്രമണങ്ങൾക്കും ഇന്ത്യ വിധേയമായിട്ടുണ്ട്. ഇതിനെല്ലാം പിന്നിൽ പാകിസ്താൻ പിന്തുണക്കുന്ന ഭീകര സംഘടനകളാണെന്ന് തെളിവുകൾ സഹിതം വ്യക്തമായതാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നയം തന്നെ രൂപപ്പെടുത്തി പാകിസ്താൻ ഇന്ത്യയിലേക്ക് ഭീകരാക്രമണങ്ങൾ സ്പോൺസർ ചെയ്യുന്നുവെന്ന് ലോകത്തിന് മുമ്പാകെ ബോധ്യപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

ദ്വിദിന സന്ദർശനം പൂർത്തിയാക്കിയ ഒമ്പതംഗ സംഘം ഇന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടും. തുടർന്ന് ഇത്യോപ്യ, ഈജിപ്ത് സന്ദർശനത്തോടെ ദൗത്യം പൂർത്തിയാക്കി മടങ്ങും. കേരളത്തിൽ നിന്നും മുൻ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ ഉൾപ്പെടുന്ന സംഘത്തിൽ എം.പിമാരായ രാജീവ് പ്രതാപ് റുഡി (ബി.ജെ.പി), വിക്രംജിത് സിങ് സാഹ്നി (എ.എ.പി), മനീഷ് തിവാരി (കോൺഗ്രസ്), അനുരാഗ് സിങ് ഠാകുർ (ബി.ജെ.പി), ലവ്റു ശ്രീകൃഷ്ണ ദേവരായലു (ടി.ഡി.പി), മുൻ വ്യവസായ മന്ത്രി ആനന്ദ് ശർമ (കോൺഗ്രസ്), യു.എന്നിലെ മുൻ സ്ഥിരം പ്രതിനിധിയും മുൻ വിദേശകാര്യ വക്താവുമായ സയ്യിദ് അക്ബറുദ്ദീൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.

Story Highlights : India’s stand against terrorism convinced Qatar says Supriya Sule

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here