‘ഇസ്രയേൽ ലോകത്തെ ഏറ്റവും വലിയ ഭീകരവാദ രാഷ്ട്രം; നെതന്യാഹു ലോക ഗുണ്ട’; വിമർശിച്ച് എംഎ ബേബി

ഇസ്രയേലിനെ വിമർശിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. ലോകത്തെ ഏറ്റവും വലിയ ഭീകരവാദ രാഷ്ട്രമാണ് ഇസ്രയേലെന്നും ബെഞ്ചമിൻ നെതന്യാഹു ലോക ഗുണ്ടയാണെന്നും എംഎ ബേബി പറഞ്ഞു. നെതന്യാഹുവിന്റെ അങ്കിളാണ് ഡോണൾഡ് ട്രംപെന്നും യുദ്ധം ബിസിനസായി കൊണ്ടു നടക്കുകയാണ് ഇരുവരുമെന്നും എംഎ ബേബി പറഞ്ഞു.
പലസ്തീൻ ഐക്യദാർഢ്യവുമായി ഡൽഹിയിൽ ഇടതു പാർട്ടികളുടെ പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംഎ ബേബി. ജന്തർ മന്തറിലെ പ്രതിഷേധത്തിൽ ഇരുന്നൂറോളം പേർ പങ്കെടുക്കുന്നുണ്ട്. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ എന്നിവർ ഉൾപ്പെടെ പങ്കെടുക്കുന്നു. കഫിയ അണിഞ്ഞാണ് എം.എ.ബേബി എത്തിയത്.
പലസ്തീനിൽ നിഷ്ഠൂര ആക്രമണങ്ങൾ തുടരുകയാണ്. ജനങ്ങളെ മുഴുവൻ കൊന്നൊടുക്കിയിട്ട് ഭൂമി പിടിച്ചെടുക്കുകയെന്ന ഇസ്രയേലിന്റെയും അമേരിക്കയുടെയും സംയുക്ത പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അന്തരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് നെതന്യാഹു ട്രംപിന്റെ പിന്തുണയോടെ ഭീകര അതിക്രമങ്ങൾ നടത്തുന്നത്. ലോകം നിസംഗമായി ഇത് നോക്കി നിൽക്കേണ്ട അവസ്ഥായാണ്. ഇതുകൊണ്ടാണ് ഇടതുപാർട്ടികൾ വ്യാപകമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് എംഎ ബേബി പറഞ്ഞു.
കേന്ദ്ര സർക്കാരും നരേന്ദ്ര മോദിയും നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഘാതക സംഘത്തോടൊപ്പം ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിൽക്കുകയാണെന്ന് ബേബി കുറ്റപ്പെടുത്തി. പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന പാരമ്പര്യം മോദി ഉപേക്ഷിച്ചു. ഇതിനെതിരെയും ശക്തമായ വിമർശനം ഉയരുമെന്ന് എംഎ ബേബി പറഞ്ഞു. പലസ്തീൻ ബാക്കിയുണ്ടായി കൂടരുത് എന്ന ഇസ്രയേൽ സമീപനം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ നെതന്യാഹുവും അമേരിക്കൻ സാമ്രാജിത്വം ശ്രമിക്കുന്നു. ഇറാന് നേരെയുള്ള ആക്രമണം ഇതാണ്. ചൊൽപ്പടിക്ക് നിൽക്കുന്ന രാജ്യമാണ് ലോകത്ത് വേണ്ടതെന്ന നിലപാടാണ് നെതന്യാഹുവും അമേരിക്കയും ചേർന്ന് തയാറാക്കിയിരിക്കുന്നതെന്ന് എംഎ ബേബി പറഞ്ഞു.
Story Highlights : MA Baby Against Israel and Benjamin Netanyahu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here