ദേശീയപതാക കാവിയാക്കണമെന്ന വിവാദ പരാമർശം; ബിജെപി നേതാവ് എൻ ശിവരാജനെതിരെ കേസ്

ദേശീയപതാക കാവി നിറമാക്കണമെന്ന വിവാദ പരാമർശം നടത്തിയ ബിജെപി മുതിർന്ന നേതാവ് എൻ ശിവരാജനെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് കേസെടുത്തത്. ബിഎന്‍എസ് 192 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപന പരാമർശം നടത്തിയെന്നാണ് കേസ്.
രാജ്ഭവനിലെ ഔദ്യോഗിക പരിപാടിയില്‍ ആര്‍എസ്എസ് ചിഹ്നങ്ങള്‍ പ്രദര്‍പ്പിച്ച ഗവര്‍ണറെ അനുകൂലിച്ച് പാലക്കാട് ബിജെപി നടത്തിയ പരിപാടിയിലാണ് എൻ ശിവരാജൻ വിവാദ പരാമര്‍ശം നടത്തിയത്. ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയെ ശിവരാജൻ അധിക്ഷേപിക്കുകയും ചെയ്തു.
ദേശീയ പതാകയായ ത്രിവർണ പതാകയ്ക്ക് സമാനമായ കൊടികൾ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയും ഉപയോഗിക്കാൻ പാടില്ലെന്നും ശിവരാജന്‍ പറഞ്ഞു. കോൺഗ്രസും എൻസിപിയും ഇത്തരത്തിൽ പതാക ഉപയോഗിക്കരുത്. കോൺഗ്രസ് വേണമെങ്കിൽ പച്ച പതാക ഉപയോഗിക്കട്ടെ. ഇന്ത്യൻ ചരിത്രമറിയാത്ത രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്കയും വേണമെങ്കിൽ ഇറ്റാലിയൻ കൊടി ഉപയോഗിക്കട്ടെയെന്നുമായിരുന്നു ശിവരാജന്റെ വിവാദ പരാമർശം.
Story Highlights : Case against BJP leader N Sivarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here