36 വർഷത്തെ ഔദ്യോഗിക ജീവിതം, പ്രതിരോധ മേഖലയ്ക്ക് മുതൽക്കൂട്ടായ സംഭാവനകൾ ; DRDO ശാസ്ത്രജ്ഞൻ ജി. വിശ്വം വിരമിച്ചു

ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ DRDOയിലെ പ്രമുഖ ശാസ്ത്രജ്ഞൻ ജി. വിശ്വം സർവീസിൽ നിന്ന് വിരമിച്ചു. DRDO ക്ക് കീഴിലെ മുഖ്യ ലബോറട്ടറിയായ ഇലക്ട്രോണിക്സ് ആൻഡ് റഡാർ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിന്റെ ഡയറക്ടർ ആയാണ് പടിയിറക്കം. രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് മുതൽക്കൂട്ടായ നിരവധി സംഭാവനകൾ സമ്മാനിച്ചാണ് ജി വിശ്വത്തിന്റെ വിരമിക്കൽ.
36 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിനാണ് തിരശീല വീഴുന്നത്. അത്യാധുനിക റഡാർ സാങ്കേതികവിദ്യകളിലും തദ്ദേശീയ നിരീക്ഷണ സംവിധാനങ്ങളിലും എൽആർഡിഇയെ സ്വയംപര്യാപ്തമാക്കുന്നതിൽ ജി വിശ്വം വഹിച്ചത് നിർണായക പങ്കാണ്. LRDE ഡയറക്ടർ എന്ന നിലയിൽ, മൂന്ന് സായുധ സേനകളുടേയും തന്ത്രപരമായ ശേഷി ശക്തിപ്പെടുത്തിയ നിരവധി നിർണായക പദ്ധതികൾക്ക് നേതൃത്വം നൽകി. LRDE നിരവധി സുപ്രധാന നാഴികക്കല്ലുകൾ കൈവരിച്ചത് ജി വിശ്വത്തിന്റെ പ്രവർത്തന കാലയളവിലാണ്. റഡാർ സാങ്കേതിക വിദ്യയിൽ രാജ്യത്തെ തന്നെ വിദഗ്ധരിൽ ഒരാളാണ് ജി വിശ്വം. ഓപ്പറേഷൻ സിന്ദൂറിൽ പ്രതിരോധത്തിന്റെ കുന്തമുനയായ ആകാശ് വെപ്പൺ സിസ്റ്റത്തിന്റെ ഉൾപ്പെടെ രൂപകൽപനയിലും നിർമാണത്തിലും മുഖ്യപങ്ക് വഹിച്ചത് ജി വിശ്വമാണ്.
കരസേനക്കായി നിരീക്ഷണ റഡാറുകൾ, ആയുധം കണ്ടെത്താനുള്ള റഡാറുകൾ യുദ്ധമുഖങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന സവിശേഷ നിരീക്ഷണ റഡാറുകൾ എന്നിവ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സംഘത്തിന് നേതൃത്വം നൽകിയത് ജി വിശ്വമാണ്. വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി അത്യാധുനിക എയർബോൺ ഷിപ്ബോൺ റഡാറുകളും LRDE ഈ കാലയളവിലാണ് വികസിപ്പിച്ചെടുത്തത്. ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി AESA റഡാർ പ്രോഗ്രാമുകൾ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്നതിന് നേതൃത്വം നൽകി. വ്യവസായ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സാങ്കേതിക വിദ്യ കൈമാറ്റവും ഉത്പാദനവും ത്വരിതപ്പെടുത്താൻ നിർണായക പങ്കുവഹിച്ചതും ജി വിശ്വമാണ്. ഗവേഷണങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും ആധുനികവത്കരണവും കാലാനുസൃതമായി ഉറപ്പാക്കി.
കൂർമമായ സാങ്കേതിക വൈദഗ്ധ്യം, മാതൃകാപരമായ നേതൃപാടവം എന്നിവകൊണ്ട് ശ്രദ്ധേയനായ വിശ്വം ദേശസേവനം ആത്മസമർപ്പണമായി കണ്ട ധിഷണാശാലിയാണ്. തദ്ദേശീയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതോടൊപ്പം യുവശാസ്ത്രജ്ഞരെ വഴികാട്ടുന്നതിലും നിതാന്ത ശ്രദ്ധ പുലർത്തി.
Story Highlights : DRDO scientist G. Vishwam retires
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here