ട്രംപിനെ നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്ത് ഇസ്രയേൽ; ഗസ്സയിൽ നിന്ന് ഒഴിയാൻ പലസ്തീനികൾക്ക് അവസരമുണ്ടെന്നും നെതന്യാഹു

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വൈറ്റ് ഹൗസിൽ നടന്ന അത്താഴവിരുന്നിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്‌ത കത്ത് നെതന്യാഹു നേരിട്ട് നൽകി. ഗസയിൽ നിന്നും ഒഴിയാൻ ആഗ്രഹിക്കുന്ന പലസ്തീനികൾക്ക് അതിനുള്ള അവസരമുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.
പലസ്തീനികൾക്ക് മെച്ചപ്പെട്ട ഭാവി വാഗ്ദാനം ചെയ്യുന്ന രാജ്യങ്ങൾ കണ്ടെത്താൻ അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. പലസ്തീനികളെ മാറ്റിപ്പാർപ്പിക്കുന്ന കാര്യത്തിൽ ഇസ്രയേലിന്റെ അയൽരാജ്യങ്ങൾ സഹകരിക്കുമെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഗസയിൽ സമാധാന ഉടമ്പടിയ്ക്കായുള്ള അവസരം സംജാതമായിരിക്കുന്നുവെന്ന് അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു.
ഇറാൻ ഇനി തങ്ങളുടെ ധൈര്യം പരീക്ഷിക്കാൻ മുതിരില്ലെന്നാണ് കരുതുന്നതെന്ന് നെതന്യാഹു പറഞ്ഞു. അബ്രഹാം കരാറിന്റെ വ്യാപനത്തിനായുള്ള അവസരം ഇപ്പോഴുമുണ്ട്. വൈറ്റ് ഹൗസിൽ നെതന്യാഹു- ട്രംപ് കൂടിക്കാഴ്ചയ്ക്കു മുമ്പ് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ഇരു നേതാക്കളും.
അതേസമയം ഇറാൻ അമേരിക്കയുമായി കൂടിക്കാഴ്ച ആഗ്രഹിക്കുന്നുണ്ടെന്നും സമാധാനം ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇറാനുമായി കൂടുതൽ ചർച്ചകൾ പദ്ധതിയിട്ടിട്ടുണ്ട്. ഇറാനെ ഇനി ആക്രമിക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. ഇറാനിൽ ഭരണമാറ്റം വേണമോ എന്നത് ഇറാനികൾ തീരുമാനിക്കട്ടെയെന്ന് നെതന്യാഹു വ്യക്തമാക്കി.
Story Highlights : benjamin netanyahu nominates donald trump for nobel prize
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here