ജീവപര്യന്തം തടവുകാരന് കല്യാണത്തിന് പരോള്‍; പിന്മാറാതെ പ്രണയത്തിനായി ഉറച്ച് നിന്ന പെണ്‍കുട്ടിക്ക് ഹൈക്കോടതിയുടെ അഭിനന്ദനം

ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈകോടതി. ജയില്‍ അധികൃതര്‍ പരോളിനെ എതിര്‍ത്തെങ്കിലും 15 ദിവസത്തെക്ക് അടിയന്തര പരോള്‍ നല്‍കി. ഒരു കുറ്റവാളിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടി ധീരയും സ്‌നേഹനിധിയുമാണെന്ന് കോടതി പറഞ്ഞു. (High Court Invokes Power To Grant Parole For Life Convict’s Marriage)
ജീവപര്യന്ത കേസിലെ പ്രതിക്ക് പരോള്‍ ലഭിക്കുന്നത് ആദ്യമല്ല. എന്നാല്‍ ഈ കേസില്‍ ജസ്റ്റിസ് പി വി കുഞ്ഞി കൃഷ്ണന്റെ വാക്കുകളാണ് ശ്രദ്ധേമായത്. പ്രേമത്തിന് അതിരില്ലെന്ന് തുടങ്ങുന്ന അമേരിക്കന്‍ കവി മായാ ആഞ്ചലോയുടെ കവിത ഉദ്ധരിച്ചുകൊണ്ടാണ് ജീവപര്യന്തം ലഭിച്ച യുവാവിനെ വിവാഹം കഴിക്കാന്‍ തയ്യാറായ പെണ്‍കുട്ടിയെ ജസ്റ്റിസ് പി വി കുഞ്ഞി കൃഷ്ണന്‍ അഭിനന്ദിച്ചത്. ‘പ്രണയം ഒരു തടസ്സങ്ങളേയും അറിയുന്നേയില്ല. അത് തടസ്സങ്ങളെ കവച്ചുവയ്ക്കുന്നു. വേലികള്‍ ചാടിക്കടക്കുന്നു. മതിലുകള്‍ തുരന്ന് മറുപുറത്തെത്തുന്നു. മുഴുവന്‍ പ്രതീക്ഷയോടെ അത് തന്റെ പ്രാപ്യസ്ഥാനത്തെത്തുന്നു’. ജഡ്ജിയുടെ വാക്കുകള്‍ ഇങ്ങനെ. പ്രതിയെ കരുതിയല്ല ഈ യുവതിയെക്കരുതിയാണ് പരോള്‍ അനുവദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ഭാരവാഹിപ്പട്ടികയില്‍ പിആര്‍ ശിവശങ്കറിന് അതൃപ്തി? ബിജെപി പാനലിസ്റ്റ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റടിച്ചു
പ്രതിയുടെ വിവാഹം ശിക്ഷിക്കപ്പെടുന്നതിന് മുമ്പ് തന്നെ നിശ്ചയിച്ചിരുന്നു. എന്നാല്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചിട്ടും വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ പെണ്‍കുട്ടി തയ്യാറായില്ല. ഇതാണ് കോടതിയെ അതിശയിപ്പിച്ചത്. കുറ്റവാളിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടിയുടെ വീക്ഷണകോണില്‍ നിന്നാണ് താന്‍ ഈ കേസ് പരിഗണിക്കുന്നത് എന്ന് കോടതി ആദ്യമേ വ്യക്തമാക്കി. പ്രതിയുടെ വിവാഹം നാളെയാണ് എന്ന് ചൂണ്ടികാണിച്ചാണ് കോടതി 15 ദിവസത്തേക്ക് വിട്ടയക്കാന്‍ ഉത്തരവിട്ടത്. വധു സന്തോഷവതിയായിരിക്കട്ടെയെന്നും അവര്‍ക്ക് എല്ലാ അനുഗ്രഹങ്ങളും നേരുന്നതായും കോടതി പറഞ്ഞു.
Story Highlights : High Court Invokes Power To Grant Parole For Life Convict’s Marriage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here