Advertisement

നിര്‍ണായക കൂടിക്കാഴ്ച: രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രി

4 hours ago
Google News 1 minute Read
cm

സര്‍വകലാശാല-ഭാരതാംബ വിഷയങ്ങളില്‍ ഭിന്നത തുടരുന്നതിനിടെ രാജഭവനിലെത്തി ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രി. പിണറായി വിജയന്‍ – രാജേന്ദ്ര അര്‍ളേക്കര്‍ നിര്‍ണായ കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു. ഗവര്‍ണറുടെ പരിഗണനയിലുള്ള ബില്ലുകള്‍ ഒപ്പിടണമെന്നും, സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും മുഖ്യമന്ത്രി ഗവര്‍ണറോട് ആവശ്യപ്പെട്ടു. കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമായിരുന്നുവെന്ന് രാജഭവന്‍ പ്രതികരിച്ചു.

സര്‍വകലാശാലകളെ ചാരി സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് കടുക്കുന്നതിനിടയാണ് സര്‍ക്കാരിന്റെ സമവായ നീക്കം. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ മോഹനന്‍ കുന്നുമലുമായുള്ള കൂടിക്കാഴ്ചയുടെ തുടര്‍ച്ചയാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ നിര്‍ണായക കൂടികാഴ്ച്ച. കേരള സര്‍വകലാശാലയിലെ ഭരണ പ്രതിസന്ധി പരിഹരിക്കുക, സാങ്കേതിക- ഡിജിറ്റല്‍ സര്‍വകലാശാലകളില്‍ താല്‍ക്കാലിക വൈസ് ചാന്‍സിലര്‍മാരായി സര്‍ക്കാര്‍ നല്‍കിയ പാനലിലുള്‍പ്പെട്ടവരെ പരിഗണിക്കുക, നിയമസഭ പാസാക്കിയ സ്വകാര്യ സര്‍വകലാശാല ബില്ല്, ചാന്‍സിലറുടെ അധികാരം വെട്ടികുറക്കുന്ന സര്‍വകലാശാല ഭേദഗതി ബില്ല് എന്നിവയില്‍ ഗവര്‍ണര്‍ ഒപ്പുവെക്കുക തുടങ്ങി നീണ്ട ആവശ്യങ്ങളാണ് സര്‍ക്കാരിന്റെ മുന്നിലുള്ളത്. മുഖ്യമന്ത്രിയും ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുമായി രാജ്ഭവനില്‍ നടന്ന നിര്‍ണായക കൂടിക്കാഴ്ചയില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ചയായതാണ് വിവരം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി തുടരുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല എന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ സ്ഥിരം വിസിമാരെ നിയമിക്കുന്നതില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ് വിവരം.

കേരള സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് വിളിക്കണമെങ്കില്‍ രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ നടപടി അംഗീകരിക്കണമെന്ന വിസിയുടെ നിലപാടില്‍ ചാന്‍സിലറുടെ ഇടപെടല്‍ നിര്‍ണായകമാകും. കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ സ്വകാര്യ സര്‍വകലാശാല ബില്ലിലും, സാങ്കേതിക- ഡിജിറ്റല്‍ സര്‍വ്വകലാശാലകളിലെ വിസി നിയമനത്തിലും തീരുമാനമാകാന്‍ സാധ്യയുണ്ട്. താല്‍ക്കാലിക വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഹൈക്കോടതിയില്‍ നിന്ന് ഏറ്റ തിരിച്ചടിക്ക് പിന്നാലെ നാളെ സുപ്രീംകോടതിയെ സമീപിക്കാന്‍ ഇരിക്കവെയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.

Story Highlights : CM meets Governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here