Advertisement

മാരാരിക്കുളത്തെ തോല്‍വിയും തിരഞ്ഞെടുപ്പ് കേസും

July 22, 2025
1 minute Read

1996 ഡിസംബര്‍ 20, അന്നാണ് ആദ്യമായി വി എസ് അച്ചുതാനന്ദന്‍ എന്ന നേതാവുമായി ആദ്യമായി സംസാരിക്കാന്‍ അവസരം ലഭിക്കുന്നത്. എന്റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മയാണ് വി എസിനെ കാണാനായി പോയ ആ ദിവസം. തിരഞ്ഞെടുപ്പില്‍ മാരാരിക്കുളത്തുണ്ടായ തോല്‍വിയെ തുടര്‍ന്ന് വി എസ് കോടതിയെ സമീപിച്ചിരുന്നു. ആ അന്യായത്തില്‍ ഹൈക്കോടതിയുടെ വിധി വന്ന ദിനമായിരുന്നു അത്. വി എസ് അച്ചുതാനന്ദന്‍ കരിവെള്ളൂര്‍ രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്യാനായി എത്തിയതായിരുന്നു. ഞങ്ങള്‍ വി എസിനെ കാണാനായി കരിവെള്ളൂര്‍ രക്തസാക്ഷി മണ്ഡപത്തിന് സമീപത്തെ സ്മാരകഹാളില്‍ വി എസ് എത്തിയിട്ടുണ്ട്. വൈകിട്ടാണ് പരിപാടി. ഉച്ചയ്ക്ക് വി എസിനെ നേരില്‍ കണ്ടു. മാരാരിക്കുളം തിരഞ്ഞെടുപ്പ് കേസ് തള്ളിയതായി വി എസിനെ അറിയിച്ചു. മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലമാണ്. വിവിരങ്ങള്‍ പെട്ടെന്ന് എത്താനുള്ള വഴിയില്ല. മാരാരിക്കുളം തിരഞ്ഞെടുപ്പില്‍ വ്യാപകമായ കൃത്രിമം നടന്നുവെന്നും, അതിനാല്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണെന്നുമായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന വി എസിന്റെ ആവശ്യം. ഈ ആവശ്യം പരിഗണിക്കാതെയാണ് കേസ് കോടതി തള്ളിയത്. വി എസ് കോടതി വിധിയെക്കുറിച്ച് കേട്ടു, മുഖത്ത് വല്ലാത്തൊരു ഭാവം, അല്‍പസമയം ഒന്നും മിണ്ടിയില്ല. പിന്നീട് ഗൗരവത്തോടെ അദ്ദേഹം പറഞ്ഞു, പാര്‍ട്ടിയുടെ ആവശ്യപ്രകാരമാണ് കേസ് ഫയല്‍ ചെയ്തത്. എന്തുകൊണ്ടാണ് കേസ് തള്ളിയതെന്ന് എനിക്ക് വ്യക്തമല്ല, വ്ക്കീലുമായി സംസാരിച്ചിട്ടുമാത്രമേ കോടതിയുടെ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കാനാവൂ, മേല്‍ക്കോടതിയെ സമീപിക്കുമോ എന്നായി എന്റെ അടുത്ത ചോദ്യം. തിരഞ്ഞെടുപ്പ് കേസായതിനാല്‍ പാര്‍ട്ടിയുമായി ആലോചിച്ച് ആവശ്യമെങ്കില്‍ മേല്‍കോടതിയെ സമീപിക്കുമെന്നും, ഈ വിഷയത്തില്‍ കൂടുതലൊന്നും പറയാനില്ലെന്നും പറഞ്ഞ് വി എസ് മൗനത്തിലേക്ക് വഴിമാറി. വൈകിട്ടത്തെ രക്തസാക്ഷി അനുസ്മരണ സമ്മേളനത്തില്‍ വി എസ് തിരഞ്ഞെടുപ്പ് കേസ് തള്ളിയതിനെകുറിച്ചോ, മാരാരിക്കുളം തോല്‍വിയെക്കുറിച്ചോ ഒന്നും പരാമര്‍ശിച്ചിരുന്നില്ല.

ജന്മിത്വത്തിനും നാടുവാഴി ഭൂദുഷ്പ്രഭുത്വത്തിനും എതിരെ നടന്ന ഐതിഹാസിക സമരത്തെക്കുറിച്ചും, പുന്നപ്ര-വയലാര്‍ സമരത്തെക്കുറിച്ചുമായിരുന്നു വി എസ് അവിടെ പ്രസംഗിച്ചത്. പുന്നപ്രസമര ഭടന്‍ കൂടിയായിരുന്ന വി എസ് അവിടെ പറയാതെ പറഞ്ഞത്, തന്നെ ആര്‍ക്കും തോല്‍പ്പിക്കാന്‍ ആവില്ലെന്നായിരുന്നു.

1996 ല്‍ നടന്ന നിയമസഭാ തിരെഞ്ഞെടുപ്പ്, കേരളത്തില്‍ ഇടത് മുന്നണി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഏറെക്കുറേ തീരുമാനിച്ചിരുന്ന തിരഞ്ഞെടുപ്പുകൂടിയായിരുന്നു അത്. രണ്ട് തവണ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാര്‍ തിരഞ്ഞെടുപ്പു രംഗത്തുനിന്നും മാറിനില്‍ക്കാനും പകരം മറ്റൊരു പി ബി അംഗമായ വി എസ് അച്ചുതാനന്ദന്‍ മാരാരിക്കുളത്തുനിന്നും ജനവിധി തേടാനും പാര്‍ട്ടി തീരുമാനിച്ചിരുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ തിരഞ്ഞെടുപ്പിന്റെ ചുമതല ഇ കെ നായനാര്‍ക്കായിരുന്നു. ഇടത് മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ വി എസ് അച്ചുതാനന്ദനായിരിക്കും മുഖ്യമന്ത്രിയെന്ന സന്ദേശം പാര്‍ട്ടിയില്‍ സജീവമായിരുന്നു. തിരഞ്ഞെടുപ്പില്‍ ഏ കെ ജിയുടെ പ്രിയതമയായിരുന്ന സുശീല ഗോപാലന് അമ്പലപ്പുഴയില്‍ നിന്നും ജനവിധി തേടുന്നുണ്ടായിരുന്നു.

മാരാരിക്കുളം ഇടത് മുന്നണിയെ സംബന്ധിച്ചിടത്തോളം ഏറെ വിയര്‍പ്പൊഴുക്കാതെ ജയിച്ചുകയറാവുന്ന മണ്ഡലം. സിപിഐമ്മിന്റ സമുന്നതനായ നേതാവായ വി എസ് സ്വന്തം തട്ടകത്തില്‍ മത്സരിക്കുമ്പോള്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞു, വോട്ടെണ്ണിയപ്പോള്‍ കേരളത്തില്‍ ഇടത് തരംഗം ഉണ്ടായി. എന്നാല്‍ വി എസ് മാരാരിക്കുളത്ത് പരാജയപ്പെട്ടു. ഇടത് മുന്നണിയെ സംബന്ധിച്ചിടത്തോളം വലിയ ആശയക്കുഴപ്പം സൃഷ്ടിച്ച തിരഞ്ഞെടുപ്പായിരുന്നു 1996 ല്‍ നടന്നത്. വി എസ് അച്ചുതാനന്ദനെ നേരിടാനെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ പി ജെ ഫ്രാന്‍സിസ് വിജയിച്ചു. ഇടത് മുന്നണിയില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ സജീവമായി, സുശീലാഗോപാലന്‍ മുഖ്യമന്ത്രിയാവുമെന്ന് പത്രങ്ങള്‍ എഴുതി, എന്നാല്‍ പത്രങ്ങള്‍ക്ക് തെറ്റി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന ഇ കെ നായനാര്‍ മുഖ്യമന്ത്രിയാവുമെന്ന പ്രഖ്യാപനം വന്നു. തലശ്ശേരിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മമ്മു മാസ്റ്റര്‍ എം എല്‍ എ സ്ഥാനം രാജിവെക്കാന്‍ സിപിഐഎമ്മിന്റെ നിര്‍ദേശം വന്നു. നായനാര്‍ തലശേരിയില്‍ നിന്നും നിയസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. സുശീല ഗോപാലന്‍ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായി.പാര്‍ട്ടിയുടെ ഉറച്ച സീറ്റില്‍ പരാജയപ്പെട്ടതിന്റെ ക്ഷീണം വി എസിനെ ബാധിച്ചിരുന്നു.

മാരാരിക്കുളം തിരഞ്ഞെടുപ്പില്‍ വി എസിന്റെ തോല്‍വി പാര്‍ട്ടിയിലെ വിഭാഗീയതയുടെ തിരിച്ചടിയായിരുന്നു. 1965 വോട്ടുകള്‍ക്കാണ് വി എസ് പരാജയപ്പെട്ടത്. എതിരാളിയെപ്പോലും ഞെട്ടിച്ച തിരഞ്ഞെടുപ്പ് ഫലം. വി എസ് ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് 1965 ലായിരുന്നു. അന്ന് അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കൃഷ്ണക്കുറുപ്പിനോട് വി എസ് പരാജയപ്പെട്ടു. വി എസ് പിന്നീട് പരാജയം ഏറ്റുവാങ്ങിയത് മാരാരിക്കുളത്തായിരുന്നു. 1965 വോട്ടുകള്‍ക്കായിരുന്നു ആ പരാജയമെന്നതും കൗതുകമായിരുന്നു. വി എസ് പിന്നീട് ഒരിക്കലും മാരാരിക്കുളത്ത് മത്സരിച്ചില്ല, പിന്നീട് മാരാരിക്കുളം മണ്ഡലം തന്നെ ഇല്ലാതായി എന്നത് മറ്റൊരു ചരിത്രം.

വി എസ്സുമായി ബന്ധപ്പെട്ട എന്റെ മറ്റൊരു പ്രധാനപ്പെട്ട ഓര്‍മ്മ മുത്തങ്ങാ സമരവുമായി ബന്ധപ്പെട്ടാണ്. കേരളത്തെ നടുക്കിയ പൊലീസ് നായാട്ട് നടന്ന മുത്തങ്ങ സമരം, നിരവധി സമരക്കാരായ ആധിവാസികള്‍ അറസ്റ്റു ചെയ്യപ്പെട്ടു. ബത്തേരി ഡയറ്റിലെ അധ്യാപകനായിരുന്ന സുരേന്ദ്രന്‍ മാഷ് പൊലീസ് മര്‍ദനത്തില്‍ ചെവിയുടെ കര്‍ണപുടം തകര്‍ക്കപ്പെട്ട അവസ്ഥയില്‍ കണ്ണൂര്‍ സെന്റര്‍ ജയിലില്‍ അടക്കപ്പെട്ടു. ആദിവാസി സമരത്തിനെതിരെ ഏ കെ ആന്റണിയുടെ പൊലീസ് കൊടിയ ആക്രമണം നടത്തിയതായി പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്ചുതാനന്ദന്‍ ആരോപിച്ചു.
പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജിലും കണ്ണൂര്‍ സെന്റര്‍ ജയിലിലും കിടക്കുന്ന സമരക്കാരെ നേരില്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കാനായി വി എസ് അച്ചുതാനന്ദന്‍ തീരുമാനിച്ചു.

ആദ്യം എത്തിയത് കണ്ണൂര്‍ സെന്റര്‍ ജയിലില്‍. പത്രപ്രവര്‍ത്തകരുടെ ഒരു സംഘം വി എസിനൊപ്പം ജയിലില്‍ എത്തി. ഞാനും ആ സംഘത്തില്‍ ഉണ്ടായിരുന്നു. ആദ്യമായി കണ്ണൂര്‍ സെന്റര്‍ ജയിലിനുള്ളില്‍ കയറുന്നത് വി എസിന് ഒപ്പമായിരുന്നു. സമരക്കാരെ ഓരോരുത്തരോടും വി എസ് പൊലീസ് നടപടിയെക്കുറിച്ചും വെടിവെപ്പിലേക്ക് പോകാനുണ്ടായ കാരണങ്ങളും ചോദിച്ചറിഞ്ഞു. മണിക്കൂറുകള്‍ നീണ്ടു നിന്ന സന്ദര്‍ശനമായിരുന്നു അത്. 99 സ്ത്രീകളും 37 കുട്ടികളും അടക്കം 130 ല്‍ അധികം ആദിവാസികളെയാണ് പൊലീസ് അറസ്്റ്റു ചെയ്ത് ജയിലിലേക്ക് മാറ്റിയത്. സമര നേതാക്കളായി സി കെ ജാനു, എം ഗീതാനന്ദന്‍ എന്നിവരെയും ഇവര്‍ക്കൊപ്പം ജയിലില്‍ അടച്ചിരുന്നു.

മുത്തങ്ങ വെടിവെപ്പുമായി നിരവധി വാര്‍ത്തകള്‍ ഈ ഘട്ടത്തില്‍ പരന്നിരുന്നു. പൊലീസ് വെടിവെപ്പില്‍ നിരവധി ആദിവാസി സമരക്കാര്‍ കൊല്ലപ്പെട്ടെന്നും, പഞ്ചസാരയിട്ട് മൃതദേഹങ്ങള്‍ കത്തിച്ചെന്നുമായിരുന്നു വാര്‍ത്തകള്‍ പരന്നത്. വി എസ് ഈ വാര്‍ത്ത ആദ്യം ഏറ്റെടുത്തെങ്കിലും പിന്നീട് നടത്തിയ അന്വേഷണത്തില്‍ ആരോപണം തെറ്റായിരുന്നു എന്നു തെളിയുകയും ചെയ്തു.
സമരക്കാരുടെ വെട്ടേറ്റ് ഒരു പൊലീസുകാരനും അന്ന് കൊല്ലപ്പെട്ടിരുന്നു.പ്രതിപക്ഷ നേതാവായ വി എസ് അച്ചുതാന്ദന്‍ മുത്തങ്ങയില്‍ വെടിവെപ്പ് നടന്ന സ്ഥലവും, സംഭവത്തില്‍ കൊല്ലപ്പെട്ട ആദിവാസി സമരക്കാരായവരുടെ കുടുംബങ്ങളേയും നേരില്‍ കാണാനായി വയനാട്ടിലെത്തി.

ഭൂരഹിതരായ ആദിവാസികള്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ നടന്ന ഭൂസമരവുമായി ബദ്ധപ്പെട്ടാണ് മുത്തങ്ങയില്‍ കുടില്‍ കെട്ടിയുള്ള സമരം ആരംഭിച്ചത്. സി കെ ജാനുവിന്റേയും ഗീതാനന്ദന്റേയും നേതൃത്വത്തില്‍ നടന്ന കുടില്‍ കെട്ടി സമരവും, സമരക്കാരെ ഒഴിപ്പിക്കുന്നതിനായി വനം വകുപ്പ് പൊലീസിന്റെ സഹായത്തോടെ നടത്തിയ കുടില്‍ പൊളിച്ചുമാറ്റല്‍ നടപടിയുമാണ് സമരക്കാരെ പ്രകോപിച്ചതും, പിന്നീട് വെടിവെപ്പിലേക്ക് നയിച്ചതും. പൊലീസ് വെടിവെപ്പില്‍ ജോഗി അടക്കം അഞ്ചുപേരാണ് അന്ന ്‌പൊലീസ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. പൊലീസിന്റെ തല്ലേറ്റ് നീരുപിടിച്ച സി കെ ജാനുവിന്റെ മുഖം ഇന്നും ഓര്‍മ്മയിലുണ്ട്. വി എസ്

മുത്തങ്ങ സമരത്തില്‍ വെടിയേറ്റു മരിച്ച ആദിവാസികളുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു അന്ന് വി എസ് ഉന്നയിച്ച പ്രധാന ആവശ്യം.

അനുരാജ് മനോഹര്‍ ടൊവിനൊ തോമസിനെ നായകനാക്കി നരിവേട്ട എന്ന സിനിമയൊരുക്കിയത് മുത്തങ്ങസമരം പ്രമേയമാക്കിയായിരുന്നു. വി എസ് മുത്തങ്ങ സമരവുമായി നേരില്‍ നടത്തിയ പോരാട്ടങ്ങള്‍ എന്നും സ്മരിക്കപ്പെടേണ്ടതാണ്.

Story Highlights :The Mararikulam defeat and the election case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top