വി എസും ആ വെള്ള ജുബ്ബയും; തുന്നല്‍ക്കാരന്‍ കാര്‍ലോസ് ചേട്ടന്‍ പറയുന്നു

വി എസ് എന്ന ജനകീയ നേതാവിന്റെ മുഖമുദ്രയായിരുന്നു അദ്ദേഹം ധരിച്ചിരുന്ന ആ പ്രസിദ്ധമായ ജുബ്ബ . സ്ഥിരമായി വി എസിന് ജുബ്ബ തയിച്ച് നൽകിയിരുന്നത് ആലപ്പുഴ ചാത്തനാട് സ്വദേശി വെലേറിയൻ കാർലോസ് ആയിരുന്നു. ഡയറിയിൽ പ്രത്യേകമായി വി എസ് എന്ന് എഴുതിയ പേജിലായിരുന്നു കാലങ്ങളായി വിഎസിന്റെ ജുബ്ബയുടെ അളവ് കാർലോസ് ചേട്ടൻ സൂക്ഷിച്ചിരുന്നത്.
2019 ലാണ് അവസാനം കാർലോസ് ചേട്ടൻ വി എസിനു വേണ്ടി ജുബ്ബ തയിച്ച് കൊടുത്തുവിട്ടത്. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായപ്പോഴും അതിനുമുമ്പും എല്ലാം വി എസിന് ജുബ്ബ ആവശ്യമുള്ളപ്പോൾ കാർലോസ് ചേട്ടന് വിളിയെത്തും.12 ജുബ്ബയാണ് സാധാരണ വി എസിന് വേണ്ടി ഒരുമിച്ച് തയ്ക്കാറുള്ളത്. തുണി വി എസ് കൊടുത്തു വിടും.തയ്യൽ പൂർത്തിയായി കഴിയുമ്പോൾ ആളെത്തും. ആദ്യമായി വി എസിന് വേണ്ടി ജുബ്ബ തയിച്ചപ്പോൾ വി എസ് തന്നെ അതിൽ ചില മാറ്റങ്ങൾ നിർദേശിച്ചതും കാർലോസ് ഓർത്തെടുക്കുന്നു. മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ക്ലിഫ് ഹൗസിൽ എത്തി വി എസിനെ കണ്ട ഓർമ്മയും കാർലോസ് ചേട്ടൻ പങ്കുവച്ചു. അവസാനമായി കാണണം എന്നുണ്ടായിരുന്നുവെങ്കിലും തിരുവനന്തപുരത്തേക്ക് എത്തേണ്ട എന്ന് കുടുംബാംഗങ്ങൾ സ്നേഹപൂർവ്വം പറഞ്ഞു.
പറവൂരിലെ വീട്ടിലെത്തുമ്പോൾ പലപ്പോഴും പോയി നേരിൽ കണ്ടിരുന്നു. അവസാന യാത്രയ്ക്കായി ആലപ്പുഴയിൽ എത്തുമ്പോഴും കാർലോസ് ചേട്ടൻ പ്രിയ സഖാവിനെ കാണാൻ ഒരിക്കൽ കൂടി പോകും, ലക്ഷങ്ങൾ ഒഴുകിയെത്തുന്ന വലിയ ചുടുകാടിന്റെ മണ്ണിലേക്ക്, അവരിൽ ഒരാളായി,പ്രിയ സഖാവിന് അവസാന ആദരാഞ്ജലികൾ അർപ്പിക്കാൻ.
Story Highlights : V. S. Achuthanandan Tailor Carlos
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here