‘ആരുപറഞ്ഞു മരിച്ചെന്ന് ‘ ; ജനനായകന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് തലസ്ഥാനം

മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് തലസ്ഥാനം. വിലാപയാത്ര ആരംഭിച്ച് പത്ത് മണിക്കൂര്‍ അടുക്കുമ്പോഴും തിരുവനന്തപുരം ജില്ല പിന്നിട്ടിട്ടില്ല. നിലവില്‍ കല്ലമ്പലത്താണ് എത്തി. ഇനിയുള്ളത് നാവായിക്കുളം, 28ാം മൈല്‍, കമ്പാട്ടുകോണം തുടങ്ങിയ പോയ്ന്റുകളാണ്. കടന്നു പോകുന്ന ഇടങ്ങളിലുടനീളം വന്‍ജനാവലിയാണ് സഖാവിനെ ഒരുനോക്ക് കാണാന്‍ കാത്തുനില്‍ക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയിലെത്തി. സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ നിന്ന് യാത്ര തുടങ്ങിയതുമുതല്‍ വന്‍ ജനാവലിയാണ് പ്രിയ സഖാവിനെ കാണാന്‍ തടിച്ചുകൂടിയത്. പട്ടം – കേശവദാസപുരം, ഉള്ളൂര്‍ എന്നിവിടങ്ങളിലെല്ലാം നിരവധിപേര്‍ സഖാവിനെ ഒരുനോക്ക് കാണാന്‍ തടിച്ചുകൂടി.
കഴക്കൂട്ടത്തും അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കാനെത്തിയ ജനങ്ങളെക്കൊണ്ട് വഴികള്‍ നിറഞ്ഞു. വയോധികര്‍ അടക്കം നിരവധിപേരാണ് വിഎസിനെ അവസാനമായി കാണാന്‍ എത്തിയത്. കഴക്കൂട്ടത്ത് മൈക്കിലൂടെ വിളിച്ചുപറഞ്ഞാണ് ജനങ്ങളെ വഴിയില്‍ നിന്ന് മാറ്റുന്നത്. റോഡിന് ഇരുവശത്തും തിങ്ങി നിറഞ്ഞിരിക്കുന്ന ജനങ്ങള്‍ക്ക് നടുവിലൂടെ പതുക്കെയാണ് വിലാപയാത്ര കടന്നുപോകുന്നത്. ആറ്റിങ്ങലും അക്ഷരാര്‍ഥത്തില്‍ ആള്‍ക്കടലായി മാറി.
Read Also: ഇടമലയാര്‍ കേസ്, പാമോയില്‍ കേസ്.. വിഎസ് നടത്തിയ നിയമയുദ്ധങ്ങള്‍
രാവിലെ 9 മുതല്‍ ആരംഭിച്ച ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനം രണ്ടോടെയാണ് അവസാനിച്ചത്. മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഔദ്യോഗിക ബഹുമതി നല്‍കിയാണ് വി എസിന്റെ മൃതദേഹം ഹാളിനു പുറത്തേക്കെത്തിച്ചത്. വിലാപയാത്രക്കായി പ്രത്യേകം സജ്ജീകരിച്ച ബസിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. ഇന്ന് പുലര്‍ച്ചയോടെ വിലാപയാത്ര ആലപ്പുഴയിലെത്തും.
സാധാരണ കെഎസ്ആര്‍ടിസി ബസില്‍ നിന്നും വ്യത്യസ്തമായി ഗ്ലാസ് പാര്‍ട്ടീഷന്‍ ഉള്ള ജെ എന്‍ 363 എ സി ലോ ഫ്ലോര്‍ ബസാണ് (KL 15 A 407) വി എസ് അച്യുതാനന്ദന്റെ അന്ത്യയാത്രക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വി എസിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പുഷ്പങ്ങളാല്‍ അലങ്കരിച്ച വാഹനമാണ് ഒരുക്കിയിരിക്കുന്നത്.
നാളെ രാവിലെ 10 മണിയോടെ സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പ്രത്യേകം ഒരുക്കിയ പന്തലിലാണ് പൊതുജനങ്ങള്‍ക്ക് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. ആലപ്പുഴ വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ചടങ്ങുകളോടെയാണ് സംസ്കാരം.
Story Highlights : VS’s Vilapayathra to Alappuzha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here