Advertisement

‘ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം ചെറുത്; സുരേന്ദ്രന്റെ മനോനില പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു’, ഗോവിന്ദച്ചാമി വിഷയത്തിൽ മറുപടിയുമായി പി ജയരാജൻ

July 25, 2025
Google News 2 minutes Read
p jayarajan

കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂര്‍ ജയിലില്‍ നിന്നും ചാടിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയതിന് പിന്നാലെ മറുപടിയുമായി സിപിഐഎം നേതാവും ജയില്‍ ഉപദേശക സമിതി അംഗവുമായ പി ജയരാജന്‍. സെൻട്രൽ ജയിൽ ഉപദേശക സമിതി അനൗദ്യോഗിക അംഗങ്ങളെ സൂചിപ്പിച്ചു കൊണ്ട് സുരേന്ദ്രൻ നടത്തിയ പ്രസ്താവന ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ മനോനിലയാണ് വ്യക്തമാക്കുന്നതെന്ന് പി ജയരാജൻ പരിഹസിച്ചു. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം വളരെ ചെറുതാണ്. അദ്ദേഹത്തിന്റെ മനോനില പരിശോധിക്കാന്‍ ബിജെപി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുന്നു എന്നും പി ജയരാജന്‍ പരിഹസിച്ചു.ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

ഗോവിന്ദച്ചാമി ജയില്‍ ചാടിയതോ ചാടിച്ചതോ എന്ന ചോദ്യം ഉയര്‍ത്തിയും ജയില്‍ ഉപദേശക സമിതിയെ ഉള്‍പ്പെടെ സംശയ മുനയിലേക്ക് നിര്‍ത്തിയുമുള്ള കെ സുരേന്ദ്രന്റെ പ്രതികരണത്തിനാണ് പി ജയരാജന്റെ മറുപടി. ഈ ജയിൽ ചാട്ടത്തെ തുടർന്ന് സമൂഹത്തെ ജാഗ്രതപ്പെടുത്തുന്നതിന് പകരം ഏത് കാര്യവും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗപ്പെടുത്തുന്ന ബിജെപി നേതാവിന്റെ ഹീനമായ ശ്രമത്തിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ഉപദേശിക്കണമെന്നും പി ജയരാജൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടി എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഇന്ന് അതികാലത്ത് തന്നെ കേട്ടത്. അടച്ച സെല്ലിന്റെ ഇരുമ്പഴി മുറിച്ച് പുറത്തു കടന്നെന്നാണ് പ്രാഥമിക വിവരം. ഇത് ഗൗരവാവഹമായ അന്വേഷണം ആവശ്യമുള്ള വിഷയമാണ്. ആ അന്വേഷണം സർക്കാർ ജാഗ്രതയോടെ നടത്തുമെന്ന് ഉറപ്പിക്കാം. എന്നാൽ ഈ ജയിൽ ചാട്ടം ആസൂത്രിതമാണോ എന്ന് സംശയിക്കത്തക്ക നിലയിൽ ചില രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് പ്രചരണം അഴിച്ചു വിടുന്നുണ്ട്. അതിന്റെ തെളിവാണ് ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ഇക്കാര്യത്തിലുള്ള പ്രതികരണം. സെൻട്രൽ ജയിൽ ഉപദേശക സമിതി അനൗദ്യോഗിക അംഗങ്ങളെ സൂചിപ്പിച്ചു കൊണ്ട് സുരേന്ദ്രൻ നടത്തിയ പ്രസ്താവന ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷമുള്ള അദ്ദേഹത്തിന്റെ മനോനിലയാണ് വ്യക്തമാക്കുന്നത്. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം വളരെ ചെറുതാണ്. അദ്ദേഹത്തിന്റെ മനോനില പരിശോധിക്കാൻ ബിജെപി പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു. അതോടൊപ്പം ഈ ജയിൽ ചാട്ടത്തെ തുടർന്ന് സമൂഹത്തെ ജാഗ്രതപ്പെടുത്തുന്നതിന് പകരം ഏത് കാര്യവും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗപ്പെടുത്തുന്ന ബിജെപി നേതാവിന്റെ ഹീനമായ ശ്രമത്തിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ഉപദേശിക്കണമെന്നും താല്പര്യപ്പെടുന്നു.

കെ സുരേന്ദ്രന്റെ പോസ്റ്റ്

കൊടും ക്രിമിനല്‍ ഗോവിന്ദച്ചാമി ജയില്‍ ചാടിയത് രാത്രി ഒന്നേ കാലിന്. ജയില്‍ അധികൃതര്‍ അതറിയുന്നത് പുലര്‍ച്ചെ അഞ്ചേ കാലിന്. പൊലീസില്‍ വിവരം അറിയിക്കുന്നത് കാലത്ത് ഏഴേ കാലിന്. മതിലില്‍ വൈദ്യുതി ഫെന്‍സിംഗ്. ജയില്‍ ചാടുമ്പോള്‍ വൈദ്യുതി ഓഫ് ചെയ്യപ്പെട്ടിരുന്നു. സര്‍വ്വത്ര ദുരൂഹത. ജയില്‍ ചാടിയതോ ചാടിച്ചതോ? ജയില്‍ ഉപദേശക സമിതിയില്‍ പി. ജയരാജനും തൃക്കരിപ്പൂര്‍ എം. എല്‍. എയും.

അതേസമയം, നാലാരമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ഗോവിന്ദച്ചാമിയെ പൊലീസ് പിടികൂടിയത്. DIG യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. കണ്ണൂർ തളാപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഒളിച്ചിരിക്കവെയാണ് ഇയാൾ പൊലീസിന്റെ വലയിലാകുന്നത്. പൊലീസിനെ കണ്ടയുടൻ ഇയാൾ കെട്ടിടത്തിനുള്ളിൽ കിണറ്റിൽ എടുത്തുചാടുകയായിരുന്നു. ഇന്ന് രാവിലെ ഇയാളെ കണ്ടെന്ന് പലരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ ഇത്രയും വേഗം പിടികൂടാനായത്.

ഇതിനിടെ കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ വീഴ്ചയിൽ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. നീണ്ട ദിവസത്തെ തയ്യാറെടുപ്പുകൾക്കൊടുവിലാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. സെല്ലിന്റെ അഴി ദിവസങ്ങളായി ഇയാൾ മുറിക്കാൻ ശ്രമിച്ചിരുന്നതായി കണ്ടെത്തി. മറ്റൊരാളുടെ സഹായമില്ലാതെ ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ കഴിയില്ലെന്ന നിഗമനത്തിലാണ് പൊലീസ്.

Story Highlights : Govindachammis jailbreak; P Jayarajan responds to K Surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here