തമിഴ്നാട്ടിൽ വമ്പൻ പ്ലാന്റ്, ഉദ്ഘാടനം ഈ മാസം; വിൻഫാസ്റ്റ് ലക്ഷ്യമിടുന്നത് വർഷം 1.5 ലക്ഷം യുണീറ്റ് നിർമാണം

ഇന്ത്യയിലെ നിർമാണ പ്ലാന്റിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ്. ഈ മാസം 31നാണ് വിൻഫാസ്റ്റ് തങ്ങളുടെ നിർമാണ പ്ലാന്റ് ആരംഭിക്കുന്നത്. തമിഴ്നാട്ടിലെ തൂത്തുകുടിയിലാണ് കമ്പനിയുടെ പ്ലാന്റ് ഒരുങ്ങുന്നത്. വർഷം 1.5 ലക്ഷം യൂണിറ്റുകളുടെ നിർമാണം ആണ് ഈ പ്ലാൻ്റിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ ജനുവരിയിൽ നടന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലൂടെയാണ് വിൻഫാസ്റ്റിന്റെ ഇവികൾ ഇന്ത്യയിൽ അവതരിപ്പിച്ചത്.
ആദ്യഘട്ടത്തിൽ വിഎഫ്6, വിഎഫ്7 മോഡലുകളായിരിക്കും ഇന്ത്യയിൽ പുറത്തിറക്കുകയെന്ന് വിൻഫാസ്റ്റ് വ്യക്തമാക്കിയിരുന്നു. വിഎഫ്6 മോഡലിന് 25 ലക്ഷം രൂപ മുതലും വിഎഫ്7 മോഡലിന് 50 ലക്ഷം രൂപ മുതലുമാണ് ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ട്. അഞ്ചു സീറ്റർ ഇലക്ട്രിക് എസ് യു വി വിഭാഗത്തിലേക്കു വി എഫ് 7 ,വിഎഫ് 6 എന്നിവ എത്തുന്നത്. 4,238 എംഎം നീളം, 1,820 എംഎം വീതി, 1,594 എംഎം ഉയരം, കൂടാതെ 2,730mm നീളമുള്ള വീൽബേസുമാണ് വിഎഫ് 6ന് വരുന്നത്.
രണ്ട് വേരിയന്റുകളിലാണ് വിഎഫ്7 വിൻഫാസ്റ്റ് വിദേശ വിപണികളിൽ അവതരിപ്പിച്ചത്. ഇക്കോ, പ്ലസ് എന്നിവയാണ് അവ. 75.3 കിലോവാട്ട് ബാറ്ററി പാക്ക് വരുന്ന ഇക്കോ വേരിയന്റിൽ 450 കിലോമീറ്റർ റേഞ്ചും പ്ലസിൽ 431 കിലോമീറ്റർ റേഞ്ചുമാണ് നൽകുന്നത്. സിംഗിൾ മോട്ടറാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ലെവൽ 2 ആഡാസ് ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനങ്ങൾ വാഹനത്തിൽ ഉണ്ടാകും.
കേരളത്തിലെ മൂന്ന് നഗരങ്ങളിലടക്കം രാജ്യത്ത് 27 പ്രധാന നഗരങ്ങളിലാകും ഡീലർഷിപ്പുകൾ ആരംഭിക്കുക. വാഹനങ്ങളുടെ ബുക്കിങ് ആരംഭിച്ചിരുന്നു. 21,000 രൂപയാണ് ടോക്കൺ തുകയായി കൊടുക്കേണ്ടത്. VF7, VF6 ഇലക്ട്രിക് എസ്‌യുവികളുടെ ലോഞ്ച് ഓഗസ്റ്റ് മാസമാണ് നടക്കുക.
Story Highlights : VinFast India plant to be inaugurated on July 31
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here