വനിത നേതൃത്വത്തിന് കളമൊരുങ്ങുന്നു? അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോന് സാധ്യതയേറുന്നു

മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ “അമ്മ”യുടെ അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്ക് നടി ശ്വേതാ മേനോൻ എത്താൻ സാധ്യതയേറുന്നു. ഓഗസ്റ്റ് 15-ന് നടക്കാനിരിക്കുന്ന “അമ്മ” തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ആറ് സ്ഥാനാർത്ഥികളാണ് നിലവിൽ മത്സരരംഗത്തുള്ളത്. ഒരു വനിതാ പ്രസിഡന്റ് സംഘടനയുടെ തലപ്പത്ത് വരുന്നത് സ്വാഗതാർഹമാണെന്ന് നിലവിലെ വൈസ് പ്രസിഡന്റ് കൂടിയായ ജഗദീഷ് വ്യക്തമാക്കിയിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുമായി ഈ വിഷയത്തിൽ ജഗദീഷ് ചർച്ചകൾ നടത്തുന്നുണ്ട്. ഇവരുടെ പിന്തുണ ലഭിക്കുകയാണെങ്കിൽ താൻ പിന്മാറാൻ തയ്യാറാണെന്നും ജഗദീഷ് അറിയിച്ചിട്ടുണ്ട്.
[ Shweta Menon is likely to be elected as AMMA president]
തുടർച്ചയായി ഏഴ് വർഷം പ്രസിഡന്റ് സ്ഥാനത്തിരുന്ന മോഹൻലാൽ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് “അമ്മ” തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ കൂടുതൽ സ്ഥാനാർത്ഥികൾ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നത് സംഘടനയുടെ ചരിത്രത്തിൽത്തന്നെ ആദ്യമായാണ്. ശ്വേതാ മേനോൻ തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ “അമ്മ”യുടെ പ്രധാന നേതൃസ്ഥാനത്ത് എത്തുന്ന ആദ്യ വനിതയായിരിക്കും.
ജഗദീഷ് പിന്മാറുകയാണെങ്കിൽ ശ്വേതാ മേനോന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സാധ്യത വർധിക്കും. ജൂലൈ 31 ആണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. അതിന് ശേഷം മാത്രമേ തിരഞ്ഞെടുപ്പിലെ അന്തിമ ചിത്രം വ്യക്തമാകൂ. ഇത് സംഘടനയുടെ പ്രവർത്തനങ്ങളിലും നിലപാടുകളിലും പുതിയ മാറ്റങ്ങൾ കൊണ്ടുവരുമോ എന്ന് സിനിമാലോകം ഉറ്റുനോക്കുകയാണ്.
അതേസമയം സംഘടനയിൽ നിലവിലുള്ള ചില ആരോപണങ്ങളുമായി ബന്ധപ്പെട്ട് താരങ്ങൾക്കിടയിൽ ഭിന്നാഭിപ്രായങ്ങളുണ്ട്. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പേരുള്ള വ്യക്തികൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടുണ്ടോ എന്നതിനെച്ചൊല്ലി ചർച്ചകൾ നടക്കുന്നുണ്ട്. ആരോപണവിധേയരായവർ തിരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്ന് അവർ തന്നെ തീരുമാനിക്കട്ടെയെന്നാണ് നടൻ സന്തോഷ് കീഴാറ്റൂരിന്റെ നിലപാട്. എന്നാൽ ആരോപണവിധേയരെ പിന്തുണയ്ക്കില്ലെന്ന് നടൻ രവീന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്.
Story Highlights : Is the stage being set for women’s leadership? Shweta Menon is likely to be elected as AMMA president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here