ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് ; ഡൽഹിയിൽ യെല്ലോ അലർട്ട്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലവർഷം ശക്തമാകുന്നു. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. [Rain warning in North Indian states]
ഉത്തർപ്രദേശിൽ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഗംഗാ നദി പലയിടത്തും അപകടനിലയ്ക്ക് മുകളിൽ ഒഴുകുകയാണ്. സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ഇതുവരെ 18 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്.
Read Also: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
മധ്യപ്രദേശിൽ കാലവർഷം കൂടുതൽ നാശനഷ്ടങ്ങൾ വരുത്തി. സംസ്ഥാനത്ത് ഇതുവരെ 252 പേർ മഴക്കെടുതിയിൽ മരിച്ചു. 53 ദുരിതാശ്വാസ ക്യാമ്പുകളിലായി 3,628 പേരെ മാറ്റിപ്പാർപ്പിച്ചു. കൂടാതെ, 128 വീടുകൾ പൂർണ്ണമായും തകർന്നു.
ബിഹാറിലും സ്ഥിതി ഗുരുതരമാണ്. തലസ്ഥാനമായ പാട്നയിലെ കൃഷ്ണ ഘട്ട് ഉൾപ്പെടെയുള്ള പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. മഴ ശക്തമായി തുടരുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അതത് സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Story Highlights : Rain warning in North Indian states; Yellow alert in Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here