Advertisement

അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ആദ്യം പ്രഖ്യാപിച്ച പകരം തീരുവ ഇന്ന് പ്രാബല്യത്തില്‍

5 days ago
2 minutes Read

അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ആദ്യം പ്രഖ്യാപിച്ച 25 ശതമാനം പകരം തീരുവ ഇന്ന് പ്രാബല്യത്തില്‍ വരും. റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ഇന്നലെ പ്രഖ്യാപിച്ച പിഴ തീരുവ ഓഗസ്റ്റ് 27-നാണ് നിലവില്‍ വരിക. മറ്റു പല രാജ്യങ്ങളും റഷ്യയില്‍ നിന്നും എണ്ണ വാങ്ങുമ്പോള്‍ ഇന്ത്യയ്ക്കു മേല്‍ മാത്രം അധിക തീരുവ ചുമത്തുന്നത് അന്യായമാണെന്നാണ് ഇന്ത്യയുടെ നിലപാട്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയ്ക്കുമേലുള്ള തീരുവ കാര്യമായ തോതില്‍ വര്‍ധിപ്പിക്കുമെന്ന് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്ക് മേല്‍ അമേരിക്കയും സഖ്യകക്ഷികളും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെ റഷ്യയില്‍ നിന്ന് വന്‍തോതില്‍ ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇത് വഴി റഷ്യയെ ഇന്ത്യ സഹായിക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം.

റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരില്‍ യുഎസും യൂറോപ്യന്‍ യൂണിയനും ഇന്ത്യയെ ഉന്നംവയ്ക്കുന്നത് അനീതിയാണെന്നു ഇന്ത്യ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇന്ത്യയെ കുറ്റപ്പെടുത്തുന്നതിനിടയിലും അമേരിക്ക റഷ്യയില്‍നിന്ന് യുറേനിയം ഹെക്‌സാഫ്‌ലൂറൈഡും യൂറോപ്യന്‍ രാജ്യങ്ങള്‍ വിവിധ രാസവസ്തുക്കളും വാങ്ങുന്നതും ചൂണ്ടിക്കാട്ടിയിരുന്നു.

Read Also: ഇന്ത്യയ്ക്ക് വീണ്ടും 25 % തീരുവ കൂട്ടി അമേരിക്ക, ആകെ 50%; കടുത്ത നടപടിയുമായി ട്രംപ്

നടപടിയെ അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവും എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചത്. വിദേശകാര്യ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് പ്രസ്താവന പുറത്തിറക്കി. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ അമേരിക്ക അടുത്ത ദിവസങ്ങളില്‍ ലക്ഷ്യമിട്ടിരിക്കുകയാണെന്നും തങ്ങളുടെ ഇറക്കുമതി, വിപണി ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇന്ത്യ പ്രസ്താവനയില്‍ വിശദീകരിക്കുന്നുണ്ട്. 140 കോടി ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തില്‍ ചെയ്യുന്നത്. മറ്റ് പല രാജ്യങ്ങളും അവരുടെ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കു വേണ്ടി ഇന്ത്യക്കെതിരെ അധിക താരിഫ് ചുമത്താന്‍ യുഎസ് തീരുമാനിച്ചത് നിര്‍ഭാഗ്യകരമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ നടപടികള്‍ അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവുമാണെന്ന് ആവര്‍ത്തിക്കുന്നുവെന്നും ഇന്ത്യ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ വിശദമാക്കുന്നു.

Story Highlights : America’s 25% tariff on India effective today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top