‘വീട് ബാറാക്കി മാറ്റുമെന്ന വിമർശനം ശരിയല്ല; ബെവ്കോ ആപ്പ് സർക്കാർ അംഗീകരിക്കുമെന്നണ് പ്രതീക്ഷ’; ഹർഷിത അട്ടല്ലൂരി

വിവാദങ്ങൾക്കിടയിലും ഓൺലൈൻ മദ്യ വിൽപ്പനയിലുറച്ച് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി. വീട് ബാറാക്കി മാറ്റുമെന്ന വിമർശനം ശരിയല്ല. ബെവ്കോ ആപ്പ് സർക്കാർ അംഗീകരിക്കുമെന്നണ് പ്രതീക്ഷയെന്നും ഹർഷിത അട്ടല്ലൂരി ട്വന്റിഫോറിനോട് പറഞ്ഞു. സർക്കാർ അംഗീകരിച്ചാൽ നന്നായിരുന്നുവെന്നും കസ്റ്റമർക്ക് സംതൃപ്തി ഉണ്ടാകുന്നതാണ് പ്രൊപ്പോസലെന്നും ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി.
ഷോപ്പിൽ വന്ന് മദ്യം വാങ്ങിയാലും വീട്ടിൽ കൊണ്ടുപോയി തന്നെയാണ് കഴിക്കുന്നത്. ആപ്പ് നല്ല ഓപ്ഷനാണ് എന്നാണ് സർക്കാരിനെ അറിയിച്ചത്. 23 വയസിന് മുകളിലുള്ളവർക്ക് മാത്രമേ ആപ്പ് വഴി മദ്യം നൽകൂവെന്നും എം ഡി പറഞ്ഞു. ബെവ്കോയുടെ പ്രൊപ്പോസൽ സർക്കാർ പൂർണമായി അംഗീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല. നിലവിൽ ഓൺലൈൻ മദ്യ വിതരണത്തിന് എടുത്തുചാടി അനുമതി നൽകേണ്ടതില്ല എന്നാണ് സർക്കാർ നിലപാട്. എന്നാൽ ബെവ്‌കോയുടെ പുതുക്കിയ മാനദണ്ഡങ്ങൾ അടങ്ങുന്ന പ്രൊപ്പോസൽ നടപ്പിലാക്കാൻ കഴിയുമോ എന്ന് സർക്കാർ ചർച്ച ചെയ്യും.
സർക്കാർ അനുമതി ലഭിച്ചില്ലെങ്കിൽ ആപ്ലിക്കേഷനിൽ പണം നൽകി ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങുന്നത് പരിശോധിക്കാനാണ് ബെവ്‌കോ ആലോചന. മുൻകൂട്ടി ബുക്ക് ചെയ്തു പണമടച്ചു ബാർകോഡുമായി ഔട്ട്ലെറ്റിലെത്തിയാൽ ഉപഭോക്താവിന് മദ്യം വാങ്ങാൻ കഴിയുന്ന രീതിയായിരിക്കും ആദ്യം പരീക്ഷിക്കുക.
Story Highlights : Bevco MD Harshita Attaluri on online liquor sales
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here