‘കേരളം കൂടെ നിന്നു, പക്ഷേ വെള്ളിനാണയങ്ങള്‍ക്കായി സഹപ്രവര്‍ത്തകനെ മരണത്തിലേക്ക് എത്തിക്കാന്‍ വരെ ശ്രമിച്ചവരുണ്ട്’; KGMCTA വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഡോ. ഹാരിസിന്റെ വൈകാരിക സന്ദേശം

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തില്‍ നിന്ന് ഉപകരണം കാണാനില്ലെന്ന റിപ്പോര്‍ട്ടിന് പിന്നാലെ മെഡിക്കല്‍ കോളജ് അധികൃതര്‍ നടത്തിയ വാര്‍ത്താ സമ്മേളനം ചൂണ്ടിക്കാട്ടി വൈകാരിക സന്ദേശവുമായി ഡോ. ഹാരിസ് ഹസ്സന്‍. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ കേരളം തന്റെ കൂടെ നിന്നിട്ടും സഹപ്രവര്‍ത്തകനെ ജയിലില്‍ അടയ്ക്കാന്‍ ചിലര്‍ക്ക് വ്യഗ്രതയുണ്ടായെന്നാണ് ഡോ. ഹാരിസിന്റെ വാട്ട്‌സ്ആപ്പ് സന്ദേശം. കെജിഎംസിടിഎയുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഡോ.ഹാരിസ് സന്ദേശമയച്ചത്. വെള്ളിനാണയങ്ങള്‍ക്കായി സഹപ്രവര്‍ത്തകനെ മരണത്തിലേക്ക് എത്തിക്കാന്‍ വരെ ശ്രമിച്ചവരുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. (Dr. harris emotional message in KGMCTA whatsapp group)
മെഡിക്കല്‍ കോളജ് ഉന്നതര്‍ നടത്തിയ വാര്‍ത്താ സമ്മേളനം ഡോ. ഹാരിസിനെ കുരുക്കാനാണെന്ന് വ്യാപക ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ഗ്രൂപ്പില്‍ ഡോ ഹാരിസ് സന്ദേശമയച്ചത്. താന്‍ സംസാരിച്ചത് സാധാരണക്കാര്‍ക്ക് വേണ്ടിയാണെന്നും അത് മനസിലാക്കി തനിക്കൊപ്പം കേരളം മുഴുവന്‍ നിന്നെന്നും ഹാരിസ് പറയുന്നു. എന്നാല്‍ ചില ഡോക്ടര്‍മാര്‍ അവരെടുത്ത പ്രതിജ്ഞയ്ക്ക് വിപരീതമായി പ്രവര്‍ത്തിച്ചെന്നാണ് ഡോ. ഹാരിസിന്റെ ആരോപണം.
അതേസമയം ശസ്ത്രക്രിയാ ഉപകരണങ്ങള്‍ കാണാതായതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉടന്‍ അവസാനിച്ചേക്കുമെന്ന് സൂചനയുണ്ട്. വിഷയത്തില്‍ ഡോ. ഹാരിസ് ഹസനെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്ന അന്തിമ റിപ്പോര്‍ട്ടില്‍ ഡോ. ഹാരിസ് ഹസനെതിരെ ഒരു പരാമര്‍ശവും ഇല്ല. കാണാതായ ഉപകരണം കണ്ടെത്തിയ സാഹചര്യത്തില്‍ അന്വേഷണം തുടരേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആശുപത്രി വികസന സമിതിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശ.
Story Highlights : Dr. harris emotional message in KGMCTA whatsapp group
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here