‘യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ്, വ്യാജ തെളിവുണ്ടാക്കല്‍ അവര്‍ക്ക് നിസ്സാരം’; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം

ഇടുക്കി ഉടുമ്പന്‍ചോലയില്‍ ഇരട്ടവോട്ടുണ്ടായെന്ന കോണ്‍ഗ്രസിന്റെ ആരോപണം വ്യാജമെന്ന് സിപിഐഎം. പുറത്തുവിട്ട രേഖകള്‍ വ്യാജമാണെന്നും യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡികളുണ്ടാക്കുന്നവര്‍ക്ക് ഈ തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരമാണെന്നും സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് ട്വന്റിഫോറിനോട് പറഞ്ഞു. (CPIM rejects allegations of double voting in Udumbanchola)
കോണ്‍ഗ്രസ് സമനില തെറ്റുമ്പോള്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളായി മാത്രമേ ഇതിനെയെല്ലാം കാണുന്നുള്ളൂ എന്നാണ് സി വി വര്‍ഗീസിന്റെ പരിഹാസം. ഇതിനൊന്നും യാതൊരു വിലയും കൊടുക്കേണ്ടതില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ജയിക്കാനും രേഖ ചമച്ചവരാണ്. വ്യാജ രേഖ ഉണ്ടാക്കുന്ന കാര്യത്തില്‍ അവരോടൊപ്പമെത്താന്‍ തങ്ങള്‍ക്ക് പറ്റില്ല.
ഇന്നലെയാണ് സിപിഐഎമ്മിനെതിരെ കോണ്‍ഗ്രസ് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. മണ്ഡലത്തില്‍ ഇരട്ടവോട്ടുണ്ടെന്ന് ചില രേഖകള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ആരോപിക്കുകയായിരുന്നു. എന്നാല്‍ മണ്ഡലത്തില്‍ ഇരട്ടവോട്ടില്ലെന്നും കോണ്‍ഗ്രസ് കാണിച്ചത് ചില വ്യാജ തെളിവുകളാണെന്നുമാണ് സിപിഐഎമ്മിന്റെ മറുപടി.
Story Highlights : CPIM rejects allegations of double voting in Udumbanchola
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here