ആലപ്പിയെ എറിഞ്ഞൊതുക്കി തൃശൂർ; ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല ജയത്തോടെ തുടങ്ങി തൃശൂർ

KCL സീസൺ 2 പോരാട്ടങ്ങൾക്ക് ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല ജയത്തോടെ തുടക്കമിട്ട് തൃശൂർ. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആലപ്പിയെ കൂറ്റൻ സ്കോർ നേടുന്നത്തിൽ പിടിച്ചുകെട്ടി 151ൽ തളയ്ക്കാൻ തൃശൂരിനായി . ക്യാപ്റ്റൻ അസറുദീന്റെ അർധസെഞ്ചുറിയാണ് (56) പൊരുതാനാകുന്ന സ്കോറിലേക്ക് ആലപ്പിയെ എത്തിച്ചത്. അസറുദീന് പുറമെ 30 റൺസ് നേടിയ ശ്രീരൂപ് എം.പിയ്ക്ക് മാത്രമാണ് ആലപ്പിക്കായി തിളങ്ങാൻ സാധിച്ചത്. ഏഴ് വിക്കറ്റ് നഷ്ടത്തിലായിരുന്നു ആലപ്പിയുടെ 151 റൺസ് നേട്ടം. തൃശൂരിന്റെ സിബിൻ ഗിരീഷ് നാല് വിക്കറ്റ് നേടി ബൗളിങ്ങിൽ മികച്ച് നിന്നു. (kcl match Thrissur Titans vs Alleppey Ripples)
തൃശൂരിന്റെ മറുപടി ബാറ്റിങ്ങിൽ മികച്ച ഓപ്പണിങ് കൂട്ടുകെട്ട് പിറന്നു . ഓപ്പണർമാരായ ആനന്ദ് കൃഷ്ണൻ, അഹമ്മദ് ഇമ്രാൻ എന്നിവർ തൃശൂരിനായി അർധസെഞ്ചുറികൾ നേടി. ആനന്ദ് കൃഷ്ണൻ 39 പന്തിൽ നിന്ന് 63 റൺസ് അടിച്ചുകൂട്ടിയപ്പോൾ അഹമ്മദ് ഇമ്രാന്റെ നേട്ടം 44 പന്തിൽ നിന്ന് 61 റൺസാണ്.121 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് തൃശൂർ വിജയത്തിൽ നിർണായകമായി. മൂന്ന് ഓവറും, മൂന്ന് പന്തുകളും ബാക്കിനിൽക്കേയാണ് തൃശൂരിന്റെ വെടിക്കെട്ട് ജയം. ആലപ്പിക്കായി വിഘ്നേഷ് പുത്തൂർ രണ്ടും, ശ്രീഹരി എസ് നായർ ഒരു വിക്കറ്റും നേടി.
ഇന്നത്തെ രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയ്ലേഴ്സ് അദാനി ട്രിവാൻഡ്രം റോയൽസിനെ നേരിടും. ആദ്യ മത്സരത്തിൽ 100 റൺസ് പോലും നേടാനാകാതെ കൊച്ചിയോട് തകർന്ന ട്രിവാൻഡ്രത്തിന് വിജയവഴിയിൽ തിരിച്ചെത്തുക അനിവാര്യമാണ്. രണ്ടാം സീസൺ ഉദ്ഘടന മത്സരത്തിൽ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ ആവേശം നിറഞ്ഞ അവസാന ഓവറിൽ മുട്ടുകുത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കൊല്ലം സെയ്ലേഴ്സ്. അവസാന 3 പന്തിൽ 12 റൺസ് വേണമെന്നിരിക്കെ 9 വിക്കറ്റ് നഷ്ടമായിട്ടും രണ്ട് തുടർ സികസറുകൾ നേടി വിജയം കുറിക്കുകയായിരുന്നു കൊല്ലം.
Story Highlights : kcl match Thrissur Titans vs Alleppey Ripples
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here