Advertisement

താമരശേരി ചുരത്തില്‍ വന്‍ മണ്ണിടിച്ചില്‍; ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു

4 hours ago
2 minutes Read
landslide in thamarassery churam

കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ വലിയ മണ്ണിടിച്ചില്‍. ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. വ്യൂ പോയിന്റിന് സമീപം മലയ്ക്ക് മുകളില്‍ നിന്നും പാറയും മണ്ണും ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഫയര്‍ ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും സ്ഥലത്തെത്തി മണ്ണ് നീക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ചുരത്തില്‍ വീണ്ടും മണ്ണിടിയുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും ചുരം കയറരുതെന്ന് പൊലീസ് അറിയിച്ചു. (landslide in thamarassery churam)

ലക്കിടി കവാടത്തിന്റെ തൊട്ടടുത്താണ് അപകടമുണ്ടായത്. ജില്ലാ കളക്ടര്‍, എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എഡിഎം എന്നിവരുള്‍പ്പെടെ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ചുരത്തിലുണ്ടായത് വളരെ വലിയ മണ്ണിടിച്ചിലാണെന്നും പാറകള്‍ ഉള്‍പ്പെടെ നിലംപൊത്തിയത് ഗൗരവത്തോടെ കാണണമെന്നും ടി സിദ്ദിഖ് എംഎല്‍എ ട്വന്റിഫോറിനോട് പറഞ്ഞു. ചുരത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നും അടിക്കടി ഉണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങള്‍ വയനാട്ടുകാരെ വലിയ തോതില്‍ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: അടഞ്ഞ അധ്യായം? ദാറ്റ്‌സ് ആള്‍?; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ചര്‍ച്ചചെയ്യാതെ കെപിസിസി നേതൃയോഗം

വളരെ മുകളില്‍ നിന്നാണ് മരങ്ങളും കൂറ്റന്‍ പാറകളും താഴേക്ക് പതിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജെസിബികള്‍ ഉപയോഗിച്ച് പരമാവധി മരങ്ങളും മണ്ണും പാറകളും നീക്കുമെന്നും മറ്റ് യന്ത്രങ്ങള്‍ എത്തിക്കുന്നത് ഉള്‍പ്പെടെ പിന്നീട് തീരുമാനിക്കുമെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ ട്വന്റിഫോറിനോട് പറഞ്ഞു. ഗതാഗതം ഇന്ന് പൂര്‍ണമായി പുനസ്ഥാപിക്കാന്‍ സാധ്യതയില്ല. കുടുങ്ങിയ വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള വഴിയൊരുക്കാന്‍ മാത്രമുള്ള പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടന്നുവരുന്നത്. ചുരം താത്ക്കാലികമായി അടച്ചിട്ട് പാറകള്‍ പൂര്‍ണമായി പൊട്ടിച്ച് നീക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ നാളെ മാത്രമേ തീരുമാനമുണ്ടാകൂ.

Story Highlights : landslide in thamarassery churam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top